റെയില്‍വേയുടെ തലപ്പത്തും മോദിയുടെ അടുപ്പക്കാരന്‍

Posted on: August 24, 2017 7:49 am | Last updated: August 23, 2017 at 11:59 pm

ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും എയര്‍ ഇന്ത്യയുടെ ചെയര്‍മാനുമായ അശ്വനി ലൊഹാനിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. തുടര്‍ച്ചയായി യു പിയിലുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്ന എ കെ മിത്തല്‍ രാജി വെച്ചതിനെത്തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ നിയമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ലൊഹാനി. മധ്യപ്രദേശ് ടൂറിസം വികസന കോര്‍പറേഷനില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പാണ് ലൊഹാനി എയര്‍ ഇന്ത്യയിലെത്തുന്നത്. 21ാം വയസ്സില്‍ എജിനീയറിംഗ് പഠനത്തില്‍ നാല് ബിരുദങ്ങള്‍ കരസ്ഥമാക്കി ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എജിന്‍ ഫെയറി ക്യൂന്‍’ പ്രവര്‍ത്തന സജ്ജമാക്കി വീണ്ടും ഓടിച്ചതിന് പിന്നിലും ലൊഹാനി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.

റെയില്‍വേ മെക്കാനിക്കല്‍ എന്‍ജിനീയര്‍, ദേശീയ റെയില്‍വേ മ്യൂസിയം ഡയറക്ടര്‍, റെയില്‍ ബദല്‍ ഇന്ധന വിഭാഗത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് ഇദ്ദേഹം.