ട്രെയിന്‍ അപകടങ്ങള്‍: രാജിക്കൊരുങ്ങി റെയില്‍വേ മന്ത്രി

Posted on: August 24, 2017 9:13 am | Last updated: August 23, 2017 at 11:37 pm

ന്യൂഡല്‍ഹി: ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിപദം രാജിവെക്കാന്‍ തയ്യാറാണെന്ന് സുരേഷ് പ്രഭു. രാജി സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെന്നും കാത്തിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ഉടന്‍ പ്രതീക്ഷിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ തനിക്ക് സ്ഥാനചലനമുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് സുരേഷ് പ്രഭു രാജി സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്ക്കല്‍ എക്സ്പ്രസിന് പിന്നാലെ കാഫിയത്ത് എക്സ്പ്രസും പാളം തെറ്റിയതോടെയാണ് പ്രധാനമന്ത്രിയെ കണ്ട് സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന റെയില്‍വേ അപകടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ രാജിവെച്ചിരുന്നു.