കൂടുതല്‍ കരുത്തനായി മുഖ്യമന്ത്രി

Posted on: August 24, 2017 8:07 am | Last updated: August 23, 2017 at 11:12 pm

മുഖ്യമന്ത്രിലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ഈ കേസിന്റെ വിധിപ്രസ്താവത്തില്‍ പിണറായിക്കെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് പി ഉബൈദുല്ല സി ബി ഐ പിണറായിയെ തിരഞ്ഞു പിടിച്ചു കേസില്‍ ബലിയാടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന ഗുരുതരമായ പരാമര്‍ശവും നടത്തി. കരാറുമായി ബന്ധപ്പെട്ട മറ്റു പലരെയും ഒഴിവാക്കി അദ്ദേഹത്തെ മാത്രം വേട്ടയാടിയതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന നിരീക്ഷണവും കോടതിയില്‍ നിന്നുണ്ടായി. പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും ക്യാന്‍സര്‍ സെന്ററിന് സഹായം ലഭിക്കാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നിരിക്കെ അദ്ദേഹത്തെ മാത്രം പ്രതിയായി കാണാന്‍ സാധിക്കില്ല. ക്യാബിനറ്റ് രേഖകളിലും പിണറായിക്ക് എതിരെ തെളിവില്ല. പദ്ധതിക്ക് വേണ്ടി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം നിക്ഷേപിക്കാമെന്ന കരാറുണ്ടെന്ന സി ബി ഐ വാദവും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം റദ്ദാക്കിയ വിചാരണാ കോടതി വിധി പുനഃപരിശോധിക്കണമെ ന്ന് സി ബി ഐക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വക്കറ്റ് നടരാജന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. ഒന്നാം പ്രതി മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. അതേസമയം മറ്റു പ്രതികളായ മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെ ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി എസ് എന്‍ സി ലാവ്‌ലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാറിന് വന്‍നഷ്ടമുണ്ടെന്നാണ് കേസ്. യു ഡി എഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് പിണറായി കരാറിന് ശ്രമിച്ചതെന്ന അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വെയുടെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. വിചാരണാ കോടതി വിധിക്കെതിരെ സി ബി ഐ ആണ് റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചത്. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രിസഭയില്‍ നിന്ന് പിണറായി മറച്ചുവെച്ചുവെന്നും ഇടപാടിന് അദ്ദേഹംഅമിത താത്പര്യം കാണിച്ചുവെന്നൊക്കെയാണ് സി ബി ഐ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍. വിചാരണപോലും നടത്താതെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനില്‍ക്കില്ലെന്നും സി ബി ഐ വാദിച്ചിരുന്നു. ഈ വാദങ്ങളെയെല്ലാം അഡ്വ. സാല്‍വെ ഖണ്ഡിച്ചു. മന്ത്രിസഭയുടെ അറിവോടെ തന്നെയാണ് അദ്ദേഹം കരാറിന് മുന്‍കൈയെടുത്തത്. കെ എസ് ഇ ബിയുടെ വാണിജ്യപുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വൈദ്യുതി പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു കരാറിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. അഴിമതി നടന്നുവെന്ന സി ബി ഐ വാദം കെട്ടിച്ചമച്ച കഥയാണ്. ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. ഇടപാടില്‍ ആരും അനര്‍ഹമായ നേട്ടമുണ്ടാക്കാത്ത നിലക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നും സാല്‍വെ സമര്‍ഥിച്ചിരുന്നു.

ഏറെക്കാലമായി പിണറായി വിജയനെ വേട്ടയാടാന്‍ ഉപയോഗിച്ച ഒന്നായിരുന്നു ലാവ്‌ലിന്‍ കേസ്. സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കെ എതിര്‍പക്ഷക്കാരും പലപ്പോഴും സ്വന്തം പാര്‍ട്ടിയിലെ തന്നെ ചിലരും ഒരു വിഭാഗം മാധ്യമങ്ങളും അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഇതു ഉപയോഗിച്ചു. കോടതി ചൂണ്ടിക്കാട്ടിയതുപോലെ അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ അംഗീകരിക്കുകയും രേഖകളില്‍ ഒപ്പുവെക്കുകയും ചെയ്തിരിക്കെ അവരെയെല്ലാം മാറ്റി നിര്‍ത്തി പിണറായിയെ മാത്രം വേട്ടയാടുന്നതിലെ രാഷ്ട്രീയ താത്പര്യം വ്യക്തമാണ്. വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സ്ഥാനാര്‍ഥിയായത്.
ഹൈക്കോടതി വിധിയോടെ പാര്‍ട്ടിയിലും സര്‍ക്കാറിലും പിണറായിയുടെ കരുത്തും സ്വാധീനവും വര്‍ധിക്കുകയും സര്‍ക്കാറിനെ കൂടൂതല്‍ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുകയും ചെയ്യും. ബി ജെ പി ദേശീയ നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പിണറായിവിരുദ്ധ ക്യാമ്പയിനിന്റെ ഫലയായി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനാണ് പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസും ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കെ കോടതി വിധി അഖിലേന്ത്യാ തലത്തിലും അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കും.