വിജയന്‍ തന്നെ

ലാവ്‌ലിന്‍ കരാര്‍ സംഭവിച്ച് 22 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാകുന്നത്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് ലാവ്‌ലിന്‍ കേസ് ഒരു മികച്ച ഉദാഹരണമായി എടുക്കാം. സി ബി ഐ തന്നെ തുടക്കത്തില്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച കേസിലാണ് അവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിടുതല്‍ ഹരജി അനുവദിച്ച സി ബി ഐ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അറച്ചുനിന്ന സി ബി ഐക്ക് മേല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സമ്മര്‍ദമുണ്ടായതിന് പിന്നിലും രാഷ്ട്രീയ തീരുമാനമായിരുന്നു. ചിലര്‍ മുറവിളി കൂട്ടിയതു കൊണ്ടാണ് കേസ് സി ബി ഐക്ക് വിട്ടതെന്ന് ഉമ്മന്‍ചാണ്ടി തന്നെ പില്‍ക്കാലത്ത് പ്രതികരിക്കുകയുണ്ടായി.
Posted on: August 24, 2017 8:13 am | Last updated: August 23, 2017 at 10:58 pm
SHARE

ഉള്ള് തുറന്ന് ചിരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ചിരിക്കാന്‍ പോലും പിണറായിക്ക് മടിയാണെന്ന വിമര്‍ശനം നേരിടുന്ന കാലത്തെ ഈ ചിരിക്ക് അര്‍ഥമേറെയുണ്ട്. ലാവ്‌ലിന്‍ കേസ് അത്രമേല്‍ വേട്ടയാടിയിട്ടുണ്ട് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തെ. രണ്ടു ദശാബ്ദത്തിനപ്പുറത്ത് നിന്ന് തുടങ്ങുന്ന കേസിന്റെ ചരിത്രം. നാലുമന്ത്രിമാരുടെ മേശപ്പുറം കണ്ട ഒരു ഫയലില്‍ കുരുങ്ങിയത് പിണറായി വിജയന്‍ എന്ന വൈദ്യുതി മന്ത്രി മാത്രം. കുരുങ്ങിയതല്ല, കുരുക്കിയതാണെന്നാണ് കോടതിയുടെ നിരീക്ഷണം. അവിടെയും തീരുന്നില്ല, തിരഞ്ഞ് പിടിച്ച് വേട്ടയാടിയെന്ന് കോടതി തന്നെ പറയുമ്പോള്‍ തിരിച്ചറിയേണ്ട, വിലയിരുത്തേണ്ട വസ്തുതകളേറെയുണ്ട്.

ഈ കേസിന്റെ പേരില്‍ ഒന്നര പതിറ്റാണ്ട് പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് പിണറായി വിജയന്. സി പി എം രാഷ്ട്രീയത്തില്‍ പാര്‍ലിമെന്ററി രാഷ്ട്രീയം പാര്‍ട്ടി തീരുമാനത്തെ ആശ്രയിച്ചാണെന്ന് പറയുമ്പോഴും കേരളം കണ്ട മികച്ച വൈദ്യതി മന്ത്രിയെന്ന പേരെടുത്ത കാലത്തിന് ശേഷമായിരുന്നു ഈ ദീര്‍ഘമായ ഇടവേള. ലാവ്‌ലിന്‍ എല്ലാകാലത്തും, തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രത്യേകിച്ചും ചൂടുള്ള ഇന്ധനമായിരുന്നു. മാറിയും മറിഞ്ഞും പല ഏജന്‍സികളുടെയും അന്വേഷണം. വിവിധ തലങ്ങളിലെ കോടതികളുടെ ഇടപെടല്‍. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങള്‍. സി പി എമ്മിലെ വിഭാഗീയതക്ക് വലിയ വളമായി മാറിയ കേസ്. ലാവ്‌ലിന്‍ കേസ് ഇങ്ങനെ പലതും പലരെയും പഠിപ്പിച്ചു, പഠിപ്പിച്ച് കൊണ്ടിരുന്നു. പലര്‍ക്കും പുസ്തകമെഴുതാനുള്ള വിഷയമായി ഈ കേസും ഇതിലെ നടപടിക്രമങ്ങളും.

2013 നവംബറിലാണ് പിണറായി വിജയനെ സി ബി ഐ കോടതി കുറ്റവിമുക്തനാക്കുന്നത്. ഇന്നലെ ചിരിച്ചത് പോലെ അന്നും മനം നിറച്ച് ചിരിച്ച് എ കെ ജി സെന്ററില്‍ വെച്ച് വിജയന്‍ മാധ്യമങ്ങളെ കണ്ടു. പരീക്ഷണഘട്ടങ്ങളെ എങ്ങനെ നേരിട്ടെന്ന ചോദ്യത്തിന് അന്ന് പിണറായി നല്‍കിയ മറുപടി ഇന്നലത്തെ കോടതി വിധിയിലും പ്രസക്തമാകുന്നു. ”മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ. ആരും തകര്‍ന്ന് പോകുന്ന വളഞ്ഞുവെച്ചുള്ള അക്രമമാണ് നേരിടേണ്ടി വന്നത്.” രാഷ്ട്രീയ ഗൂഢാലോചനയെന്ന് പാര്‍ട്ടിയും താനും തുടക്കത്തില്‍ പറഞ്ഞതിന്റെ സ്ഥിരീകരണം ഹൈക്കോടതിയില്‍ നിന്ന് തന്നെ ലഭിച്ചതിന്റെ നിര്‍വൃതിയിലായിരുന്നു ഇന്നലെ നടത്തിയ പ്രതികരണങ്ങളില്‍.

ലാവ്‌ലിന്‍ കരാര്‍ സംഭവിച്ച് 22 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തീര്‍പ്പുണ്ടാകുന്നത്. 1995 ആഗസ്റ്റ് പത്തിന് പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി കാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി കെ എസ് ഇ ബി ധാരണാപത്രം ഒപ്പിടുന്നതോടെയാണ് ലാവ്‌ലിന്‍ ഇടപാടിന്റെ തുടക്കം. അന്ന് വൈദ്യുതിമന്ത്രി ജി കാര്‍ത്തികേയന്‍. ഈ ധാരണാപത്രം അടുത്തവര്‍ഷം കരാറായി ഒപ്പിട്ടു. പ്രോജക്ട് ആവിഷ്‌കരണം, ഡിസൈനിംഗ്, ടെന്‍ഡറുകള്‍ തയാറാക്കല്‍ തുടങ്ങിയവ ചെയ്യുന്നതിന് കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തുന്നതിനുള്ള കരാര്‍ ഒപ്പിട്ടതും ജി കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ തന്നെ. 17.5 കോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ് ആയി നല്‍കിയത്.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വൈദ്യുതി മന്ത്രിയായത് പിണറായി വിജയന്‍. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറില്‍ അനുബന്ധ കരാര്‍ ഉണ്ടാക്കി യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിനുള്ള ചുമതല പിണറായി ലാവ്‌ലിന്‍ കമ്പനിയെ ഏല്‍പ്പിച്ചു. സാമഗ്രികള്‍ വാങ്ങുന്നതിനായി 169 കോടിക്കുള്ള വായ്പ കനേഡിയന്‍ ഏജന്‍സിയായ ഇഡിസിയില്‍ നിന്ന് വാങ്ങാനും തീരുമാനമായി.
തലശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 98.3 കോടി രൂപ ഗ്രാന്റായി നല്‍കുന്നതിന് 1998 ഏപ്രില്‍ 25ന് ലാവ്‌ലിനും വൈദ്യുതിവകുപ്പും തമ്മില്‍ ധാരണാപത്രവും ഒപ്പിട്ടു. ഇത് നിയമപ്രകാരമുള്ള കരാറായി മാറാതെ തന്നെ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകാന്‍ വേണ്ടി വൈദ്യുതി വകുപ്പ് വിട്ടു. തുടര്‍ന്ന് വൈദ്യുതി മന്ത്രിയായ എസ് ശര്‍മയോ യു ഡി എഫ് കാലത്ത് മന്ത്രിയായ കടവൂര്‍ ശിവദാസനോ ഈ സഹായധനം വാങ്ങുന്നത് നിയമപരമാക്കാന്‍ തുനിഞ്ഞതുമില്ല. കരാറിലെ അപാകതകളാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

തുടര്‍ന്ന് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ലാവ്‌ലിന്‍ കേസിലെ നിയമയുദ്ധം ഇവിടെ തുടങ്ങുകയായിരുന്നു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ മാത്രം പ്രതികളായപ്പോള്‍ പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സി ബി ഐ അന്വേഷണം വേണമെന്ന് നിലപാടെടുത്തു. അതും നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിലില്‍ നിന്ന ഘട്ടത്തില്‍. ചിലര്‍ മുറവിളി കൂട്ടിയതു കൊണ്ടാണ് ലാവ്‌ലിന്‍ കേസ് സി ബി ഐക്ക് വിട്ടതെന്ന് പിന്നീട് ഉമ്മന്‍ചാണ്ടി തന്നെ പ്രതികരിച്ചു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സി ബി ഐ അന്വഷണത്തിനുള്ള നടപടികള്‍ മന്ദീഭവിച്ചു. ഇതോടെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജിയെത്തി. കേരള സര്‍ക്കാര്‍ ശക്തമായി വാദിച്ചിട്ടും സി ബി ഐ തന്നെ, അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് ഉത്തരവ്.

സി ബി ഐ 2009 ജനുവരി 22ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ ജി കാര്‍ത്തികേയന്‍ ഗൂഢാലോചനയുടെ പിതാവാണെന്ന് പറഞ്ഞിട്ടും പ്രതിയാക്കാത്തതെന്തെന്ന് കോടതി തിരക്കി. തുടരന്വേഷണത്തിനും ഉത്തരവായി. തുടരന്വേഷണത്തിലും പക്ഷേ കാര്‍ത്തികേയന്‍ പ്രതിയായില്ല. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ഗവര്‍ണറില്‍ നിന്ന് സംഘടിപ്പിച്ച സി ബി ഐ പിണറായിയെ ഏഴാം പ്രതിയാക്കി കുറ്റപത്രം നല്‍കി.

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സി ബി ഐ കോടതിയെ സമീപിച്ചു. ഹരജിയില്‍ വിചാരണ പൂര്‍ത്തിയാക്കി പിണറായി ഉള്‍പ്പെടെ ഏഴുപേരുടെയും വിടുതല്‍ ഹരജി സി ബി ഐ കോടതി അംഗീകരിച്ചു. കേസിനാധാരമായി സി ബി ഐ ഉന്നയിച്ച വാദങ്ങളെല്ലാം പൂര്‍ണമായും അടിസ്ഥാന രഹിതമാണെന്നായിരുന്നു സി ബി ഐ കോടതിയുടെ വിധിന്യായം. പിണറായിക്ക് പുറമെ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ്, കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ പി എ സിദ്ധാര്‍ഥമേനോന്‍, കെ എസ് ഇ ബി റിട്ട. ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ട്‌സ് ഓഫീസറുമായ കെ ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ക്കും വിടുതല്‍ നല്‍കി. ഈ ഉത്തരവിനെതിരെയാണ് വീണ്ടും സി ബി ഐ, ഹൈക്കോടതിയെ സമീപിക്കുന്നത്.

അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് ലാവ്‌ലിന്‍ കേസ് ഒരു മികച്ച ഉദാഹരണമായി എടുക്കാം. സി ബി ഐ തന്നെ തുടക്കത്തില്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച കേസിലാണ് അവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിടുതല്‍ ഹരജി അനുവദിച്ച സി ബി ഐ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ അറച്ച് നിന്ന സി ബി ഐക്ക് മേല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സമ്മര്‍ദമുണ്ടായതിന് പിന്നിലും രാഷ്ട്രീയ തീരുമാനമായിരുന്നു.

സി പി എം രാഷ്ട്രീയത്തിലും ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കിയ കേസാണിത്. ലാവ്‌ലിനില്‍ കേന്ദ്രീകരിച്ചായിരുന്നു സി പി എമ്മില്‍ ഉരുണ്ടുകൂടിയ വിഭാഗീയത. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗ്രൂപ്പിസം അരങ്ങുവാണ നാളില്‍ ഔദ്യോഗികപക്ഷത്തെ നേരിടാന്‍ ലാവ്‌ലിന്‍ നല്ല ആയുധമാക്കി. എന്നാല്‍, സി ബി ഐ കോടതി ഉത്തരവോടെ വി എസ് പിന്മാറി. മുന്‍നിലപാടിന് പ്രസക്തിയില്ലെന്ന ഒറ്റവരിയില്‍ ഇക്കാര്യത്തിന്റെ തന്റെ കീഴടങ്ങലും പ്രഖ്യാപിച്ചു.