സാംസങ് ഗാലക്‌സി നോട്ട് 8 വിപണിയില്‍ അവതരിപ്പിച്ചു

Posted on: August 23, 2017 10:11 pm | Last updated: August 23, 2017 at 10:41 pm

ന്യൂയോര്‍ക്ക്:സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ നോട്ട് 8 വിപണിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന പ്രത്യേക പരിപാടിയിലാണ് നോട്ട് 8 അവതരിപ്പിച്ചത്. ആഗസ്റ്റ് 24 മുതല്‍ യു എസ് വിപണിയില്‍ ഫോണ്‍ പ്രി ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15 മുതല്‍ ഫോണ്‍ വിപണിയില്‍ എത്തും.

ഡുവല്‍ റിയല്‍ ക്യാമറയാണ് ഈ ഫോണിന്റെ പ്രത്യേകതകളിലൊന്ന്.

വിപണിയില്‍ വലിയ പരാജയം നേരിട്ട ഗാലക്‌സി നോട്ട് 7ന്റെ പിന്‍ഗാമിയാണ് ഗാലകസി നോട്ട് 8. സാങ്കേതിക പ്രശ്‌നങ്ങളാണ് ഗാലക്‌സി നോട്ട് 7ന് വിനയായത്. ബാറ്ററി പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ഫാബ് ലറ്റ് കമ്പനി തിരിച്ചുവിളിച്ചിരുന്നു.

ഈ പരാജയത്തില്‍ നിന്നും കരകയറാനാണ് പുതിയ ഫാബ്‌ലറ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ മുന്‍ഗാമിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ഗാലക്‌സി നോട്ട് 8 രംഗത്തെത്തിയിരിക്കുന്നത്.

6.3 ഇഞ്ചിലാണ് നോട്ട് 8 എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ ഏറ്റവും വിലയുള്ള ഫോണ്‍ കൂടിയാണ് ഗാലക്‌സി നോട്ട് 8. 6GB റാം, 128 GB സ്‌റ്റോറേജ്, സാംസങ്ങിന്റെ സ്വന്തം ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റ് എന്നിവയും ഇതില്‍ ഉണ്ട്.

പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുതിയ ഗാലക്‌സി നോട്ട് 8. പഴയ ഫോണില്‍ നിന്ന് ഡാറ്റ പുതിയ ഫോണിലേക്ക് മാറ്റാന്‍ ആവശ്യമായ ആപ് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് ഗാലക്‌സി നോട്ട് 8.

രണ്ടു പിന്‍ക്യാമറകളുളള കമ്പനിയുടെ ആദ്യത്തെ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി നോട്ട് 8. 12MP വൈഡ് ആംഗിള്‍ ലെന്‍സ്. 13MP  ടെലിഫോട്ടോ ലെന്‍സ് എന്നിവയും സാംസങ്ങ് നോട്ട് 8ന്റെ പ്രത്യേകതകളാണ്.

വീഡിയോ കാണാം…