രക്തം ലാബില്‍ നിര്‍മിക്കാന്‍ ഖത്വറിലെ ഗവേഷകര്‍

Posted on: August 23, 2017 9:38 pm | Last updated: August 23, 2017 at 9:38 pm

ദോഹ: രക്തവും ഹൃദയകോശവും ലബോറട്ടറിയില്‍ നിര്‍മിക്കുന്നതിലേക്ക് നയിക്കുന്ന അതിപ്രധാന കണ്ടുപിടിത്തവുമായി ഖത്വറിലെ വീല്‍ കോര്‍ണല്‍ മെഡിസിന്‍ (ഡബ്ല്യു സി എം- ക്യു) ഗവേഷകര്‍. ന്യൂയോര്‍ക്കിലെ വീല്‍ കോര്‍ണല്‍ മെഡിസിനിലെ അന്‍സറി സ്റ്റെം സെല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് ഡോ. അറശ് റാഫി തബ്‌രിസിയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തുന്നത്.

രക്തധമനികളുടെ അരികിലുണ്ടാകുന്ന എന്‍ഡോതിലൈല്‍ കോശങ്ങളെ സംബന്ധിച്ച പ്രധാന കണ്ടുപിടിത്തമാണ് ഇവര്‍ നടത്തിയത്. അവയവങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ കോശങ്ങളാണെന്നാണ് അനുമാനം. വിവിധ അവയവങ്ങള്‍ക്ക് വ്യത്യസ്ത എന്‍ഡോതിലൈന്‍ കോശങ്ങളാണ് ഉണ്ടാകുക. ആന്‍ജിയോക്രൈന്‍ ഘടകങ്ങളെന്ന പ്രത്യേകവും വ്യത്യസ്തവുമായ ഘടകങ്ങളെ ഈ കോശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും നയിക്കുന്നത് ആന്‍ജിയോക്രൈന്‍ ഘടകങ്ങളാണ്. ഈ സിദ്ധാന്തം പരീക്ഷിക്കുന്നതിന് എന്‍ഡോതിലൈല്‍ കോശങ്ങളെ ഡോ. തബ്‌രിസിയും സംഘങ്ങളും വേര്‍തിരിക്കുകയും ഡി എന്‍ എ വെക്ടറുകള്‍ ഉപയോഗിച്ച് ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇരുപത് ദിവസത്തിന് ശേഷം ഈ കോശങ്ങള്‍ ഇരട്ടിയാകാന്‍ തുടങ്ങുകയും ഹെമറ്റോപോയ്റ്റിക് സ്റ്റെ സെല്‍ (രക്തമാകുന്ന മൂല കോശം) ആയി രൂപാന്തരപ്പെടുകയും ചെയ്തു. ചുവന്ന രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റ്‌സ്, വെളുത്ത രക്താണുക്കള്‍ തുടങ്ങിയ എല്ലാ തരത്തിലുള്ള രക്തകോശങ്ങളുടെയും മൂല കോശമാണിത്. രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന ഭാഗം കൂടിയാണ്.

ഗവേഷണത്തിന്റെ അടുത്ത പടി മനുഷ്യ മാതൃകയില്‍ പരീക്ഷണം നടത്തുകയാണ്. ഈ കണ്ടുപിടിത്തങ്ങള്‍ വിവിധ രോഗങ്ങള്‍ക്ക് പ്രതിവിധിയാകുമോയെന്നതും പരീക്ഷിക്കും. ഉദാഹരണത്തിന് ലുക്കീമിയ രോഗിയില്‍ നിന്ന് എന്‍ഡോതിലൈല്‍ കോശങ്ങള്‍ വേര്‍തിരിച്ച് രക്തത്തിലേക്ക് കൈമാറ്റം ചെയ്യും. ഓരോ വ്യക്തിക്കും പരിധിയില്ലാത്ത സ്വകാര്യ രക്തസ്രോതസ്സായി ഇത് മാറും. അതേസമയം ഗവേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് ഡബ്ല്യു സി എം- ക്യു ല്‍ ഒബ്‌സ്റ്റെട്രിക്‌സ്, ഗൈനക്കോളജി വിഭാഗത്തില്‍ ജനറ്റിക് മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. തബ്‌രിസി പറഞ്ഞു. എന്‍ഡോതിലിയം കോശങ്ങളുടെ ശക്തി രക്തകോശങ്ങള്‍ വേര്‍തിരിക്കുന്നതിന് സഹായിക്കും.

ഇത് ഹൃദയ കോശ പുനര്‍നിര്‍മാണത്തിനും കഴിയും. ഹൃദയത്തിന്റെ പേശി കോശങ്ങളായ കാര്‍ഡിയോമ്യോസൈറ്റ്‌സുമായി എന്‍ഡിതിലൈല്‍ കോശങ്ങള്‍ യോജിപ്പിച്ച് പേശി കോശങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ജനറ്റിക് മെഡിസിനില്‍ റിസര്‍ച്ച് അസോസിയേറ്റായ ഡോ. ജെന്നിഫര്‍ പാസ്‌ക്വിയറും ഗവേഷണ സംഘത്തിലുണ്ട്.