സിംപിളാണ് ‘ഈ’ ഗേറ്റ്‌

Posted on: August 23, 2017 9:31 pm | Last updated: August 23, 2017 at 9:31 pm
SHARE

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി സ്ഥാപിച്ച ഇ ഗേറ്റുകള്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമാനത്താവളത്തിന്റെ എന്‍ട്രി, എക്‌സിറ്റ് കേന്ദ്രങ്ങളില്‍ ഇ ഗേറ്റ് സൗകര്യം പ്രവാസികള്‍ക്ക് കൂടി ഒരുക്കിയിട്ട് മാസങ്ങളായെങ്കിലും ഉപയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വശമില്ലാത്തതിനാല്‍ പലരും സാധാരണ വരിയില്‍ കാത്തുനില്‍ക്കാറാണ് പതിവ്.

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഏത് യാത്രക്കാര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള ഓഫീസ് ഇ ഗേറ്റിന് സമീപം തന്നെയുണ്ട്. വിമാനത്താവളത്തില്‍ കൂടുതല്‍ ഇ ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ഖത്വരികള്‍ക്കും പ്രവാസികള്‍ക്കുമായി 18 ഇ ഗേറ്റുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ട് ഇ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുപയോഗിക്കുന്നവര്‍ വിരളമാണ്. ഇ ഗേറ്റുകള്‍ ഉപയോഗിച്ചാല്‍ സാധാരണ ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ തിരക്കും സമ്മര്‍ദവും കുറയും. സന്ദര്‍ശകരുടെ എണ്ണപ്പെരുപ്പം കണക്കിലെടുത്ത് ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായും ഹമദ് വിമാനത്താവള അധികൃതരുമായും പ്രവര്‍ത്തിക്കുകയാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ നേരത്തെ പറഞ്ഞിരുന്നു. സെല്‍ഫ് സര്‍വീസ് ഉപകരണങ്ങളിലൂടെ എന്‍ട്രി, എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതാണ് ഇത്. ഇ ഗേറ്റ് ഉപയോഗിക്കുന്നതോടെ കൗണ്ടര്‍ ജീവനക്കാരുടെ സഹായം ആവശ്യമുണ്ടികില്ല്. നീണ്ട വരിയില്‍ നിന്ന് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസറുടെ പരിശോധനക്ക് പ്രവാസികള്‍ വിധേയനാകുകയോ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് പതിക്കുകയോ വേണ്ടതില്ല. പ്രവാസികളുടെ പാസ്‌പോര്‍ട്ട് പേജുകള്‍ സംരക്ഷിക്കുകയും ചെയ്യാം.