കരിപ്പൂരിലേക്ക് ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും; പ്രവാസികള്‍ക്ക് ആശ്വാസം

Posted on: August 23, 2017 7:45 pm | Last updated: August 23, 2017 at 7:27 pm

ദുബൈ: കരിപ്പൂരിലേക്കും തിരിച്ചും ഇടത്തരം വിമാനങ്ങള്‍ പറത്താന്‍ ഉടന്‍ കഴിഞ്ഞേക്കുമെന്ന വാര്‍ത്ത പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. കരിപ്പൂരില്‍ റണ്‍വേ നവീകരിക്കുന്നതിന് വേണ്ടി നിര്‍ത്തിവെച്ച പല വിമാനങ്ങളും വീണ്ടും സര്‍വീസ് തുടങ്ങും. ബോയിങ് 777–200 വിമാനത്തിനു സര്‍വീസ് നടത്താനാകുമോ എന്ന കാര്യം പരിശോധിക്കാനും എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ(എ എ ഐ) തീരുമാനിച്ചിട്ടുണ്ട്.

ഏപ്രില്‍ 26ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും (ഡിജിസിഎ), എ എ ഐയുടെയും പ്രതിനിധികള്‍ കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിക്കുകയും വിമാനത്താവളത്തിന്റെ നീളം ബോയിങ് 777–200 വിമാനം ഇറക്കുന്നതിന് അനുയോജ്യമാണെന്നും വ്യക്തമായിരുന്നു. പക്ഷേ, തീരുമാനം നീളുകയായിരുന്നു.

അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നോടിയായി എയ്‌റോഡോം ഓപറേറ്റര്‍, എയര്‍പ്ലെയ്ന്‍ ഓപറേറ്റര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സി, എയര്‍ നാവിഗേഷന്‍ പ്രൊവൈഡര്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതി സാധ്യതാപഠനം നടത്തണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. കോഡ്–ഇയില്‍ ഉള്‍പെട്ട ബി–747, ബി–777, എയര്‍ബസ് എ–330 തുടങ്ങിയ വലിയ വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്നതിന് 2015 മെയ് ഒന്നു മുതല്‍ വിലക്കുണ്ട്. എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളുടെ ഇത്തരം സര്‍വീസുകള്‍ക്കാണു വിലക്കുള്ളത്. സാധ്യതാ പരിശോധനക്ക് എ എ ഐ പച്ചക്കൊടി കാണിച്ചതോടെ റണ്‍വേയുടെ നീളം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാതെ വലിയ വിമാനങ്ങള്‍ ഇവിടേക്കു വരില്ലെന്ന ആശങ്കക്കും അറുതിയാവുന്നു.
വലിയ വിമാന സര്‍വീസുകള്‍ നടത്തിയിരുന്ന എമിറേറ്റ്‌സും സഊദി എയര്‍ലൈന്‍സും കരിപ്പൂരിലെ ഓഫിസ് പോലും ഒഴിവാക്കി. എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് 747 കൊച്ചിയിലേക്കു മാറ്റി. കരിപ്പൂരില്‍ നിന്നു ജിദ്ദ, റിയാദ് സെക്ടറുകളിലേക്കായിരുന്നു അവ സര്‍വീസ് നടത്തിയിരുന്നത്. കൂടുതല്‍ യാത്രക്കാരുമായി ദിവസേന രണ്ടു സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സിന്റെ ദുബൈ –കോഴിക്കോട് സര്‍വീസുകളും കൊച്ചിയിലേക്കു മാറ്റി. ഹജ്ജ് സര്‍വീസും കൊച്ചിയിലേക്ക് മാറ്റപ്പെട്ടു. ഇന്ത്യയില്‍ വലിയ ലാഭം കൊയ്തിരുന്ന വിമാനത്താവളങ്ങളിലൊന്നായിരുന്നു കരിപ്പൂര്‍. വലിയ വിമാനങ്ങള്‍ ഇല്ലാതായതോടെ വിമാനത്താവളത്തിന്റെ വരുമാനത്തിലും കോടികളുടെ കുറവുണ്ടായി. ചെറുവിമാനങ്ങളുടെ രാജ്യാന്തര സര്‍വീസ് ഉള്ളതിനാലാണ് നഷ്ടത്തിലേക്കു പോകാതെ പിടിച്ചുനില്‍ക്കാനായത്.