മൂന്ന് പതിറ്റാണ്ട് പ്രവാസ ജീവിതത്തിന് ശേഷം ബശീര്‍ ഹാജി നാട്ടിലേക്ക്

Posted on: August 23, 2017 7:30 pm | Last updated: August 23, 2017 at 8:50 pm
ബശീര്‍ ഹാജി

അബുദാബി: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി സ്വദേശി പറമ്പില്‍ ബശീര്‍ ഹാജി കുടുംബത്തിന്റെ അന്നംതേടി 1987ലാണ് പ്രവാസ ലോകത്തെത്തുന്നത്.
പ്രവാസ ജീവിതത്തിനിടെ അബുദാബിയിലെ അഗ്‌നിശമനസേന വിഭാഗത്തില്‍ സ്റ്റോര്‍ കീപ്പറായും ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. പ്രവാസ കാലമത്രയും സുന്നി സംഘ കുടുംബത്തിന്റെ സഹയാത്രികനായി നിലകൊള്ളാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി അഭിമാനത്തോടെ ബശീര്‍ ഹാജി ഓര്‍ക്കുന്നു.

അബുദാബിയിലെ മുറൂര്‍ ഉമ്മുനാര്‍, മുസഫ്ഫ എന്നിവിടങ്ങളില്‍ എസ് വൈ എസിന്റെയും, പിന്നീട് ഐ സി എഫിന്റെയും പ്രവര്‍ത്തനരംഗത്ത് കര്‍മനിരതനാവാന്‍ കഴിഞ്ഞതും ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കാടാങ്കോടിന്റെ ശിഷ്വത്വം സ്വീകരിക്കാന്‍ സാധിച്ചതും, പ്രാസ്ഥാനിക കുടുംബത്തിലെ സാദാത്തുക്കള്‍, ഉലമാക്കള്‍, നേതാക്കള്‍ തുടങ്ങിയവരുമായി അടുത്തിടപഴകാന്‍ സാധിച്ചതും പ്രവാസ ജീവിതത്തിലെ സൗഭാഗ്യമായി ബശീര്‍ ഹാജി കരുതുന്നു. ഭാര്യയും നാലു ആണ്‍ മക്കളുമുള്ള ഹാജിയുടെ മൂത്ത മകന്‍ നബീല്‍ അബുദാബിയിലെ അല്‍ സമീറ ഇലക്ട്രിക്‌സില്‍ അക്കൗണ്ടന്റായും, രണ്ടാമത്തെ മകന്‍ ആദില്‍ ഖാലിദിയയിലെ കാപിറ്റല്‍ കണ്‍സള്‍ട്ടന്‍സിയിലും ജോലിചെയ്യുന്നു. മറ്റു രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്.
ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം കഴിയാനും, കേരളാ മുസ്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനുമാണ് ഹാജിയുടെ ആഗ്രഹം. മുസഫ്ഫ എം സി സി യില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബശീര്‍ ഹാജിക്ക് സംഘടനാ കുടുംബം യാത്രയയപ്പ് നല്‍കി.