സത്യം തെളിയും എന്ന് പറഞ്ഞത് യാഥാർഥ്യമായി: പിണറായി

Posted on: August 23, 2017 3:56 pm | Last updated: August 23, 2017 at 7:14 pm

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സത്യം തെളിയും എന്ന് പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം തെളിയുന്ന നിരവധി ഘട്ടങ്ങളിലൂടെയാണ് ഈ കേസ് കടന്നുപോയത്. ജുഡീഷ്യറി ആദ്യന്തികമായ സത്യം കണ്ടെത്തും എന്ന് എന്നും വിശ്വസിച്ചിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമായി. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പാര്‍ട്ടിതന്നെ നേരത്തെ കണ്ടെത്തിയതാണ്. ജനങ്ങളും ഇത് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്നെ വേട്ടയാടാന്‍ ചില നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അത്തരം നിഗൂഢ ശക്തികള്‍ ഇപ്പോള്‍ നിരാശരായിരിക്കുകയാണ്. തന്നെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ വേട്ടയാടാന്‍ ആണ് പലരും ശ്രമിച്ചത്. സിബിഐ തന്നെ പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസ് വിജയിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ച, അന്തരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരനെ അനുസ്മരിച്ചാണ് പിണറായി വാര്‍ത്താസമ്മേളനം തുടങ്ങിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ തന്നോടൊപ്പം നിന്ന പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.