Connect with us

Eranakulam

സലഫി പ്രചാരകരുടെ ലക്ഷ്യം മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ കലാപം സൃഷ്ടിക്കലെന്ന് പോലീസ്

Published

|

Last Updated

കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ വീടുകളില്‍ കയറിയിറങ്ങി ലഘുലേഖ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ സലഫി പ്രചാരകര്‍ക്കെതിരെ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി. ഭൂരിപക്ഷ സമുദായം തിങ്ങിത്താമസിക്കുന്ന വടക്കേകരയില്‍ സലഫികള്‍ പ്രചാരണം നടത്തിയതിന് പിന്നില്‍ മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയ കലാപം സൃഷ്ടിക്കലാണെന്ന നിഗമനത്തിലാണ് പോലീസ്. അറസ്റ്റിലായ 40 പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പ്രചാരണം നടത്തിയ 60 പേര്‍ക്കെതിരെ കൂടി നടപടിയുണ്ടായേക്കും. ആലുവ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.

അതിനിടെ, ലഘുലേഖ വിതരണം നടത്തുന്നതിനിടെ സലഫി പ്രചാരകരെ പിടികൂടി മര്‍ദിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ അറസ്റ്റിലായവര്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ പ്രതികളെ പിടികൂടി സ്റ്റേഷനിലെത്തിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ കണ്‍മുമ്പില്‍ വെച്ച് ഇവരെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഏഴ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സലഫി പ്രചാരകരാണ് വടക്കേകരയില്‍ എത്തി ലഘുലേഖ വിതരണം ചെയ്തതെന്ന് വടക്കേക്കര പോലീസ് വ്യക്തമാക്കി. അഞ്ച് പേരടങ്ങുന്ന വിവിധ സംഘങ്ങളായാണ് ഇവര്‍ വീടുകളില്‍ എത്തിയിരുന്നത്. സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ലെങ്കില്‍ ഇവര്‍ക്ക് നേതൃത്വം നല്‍കിയ സലഫി നേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കും. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഇവര്‍ കാക്കനാട് ജില്ലാ ജയിലാണ്.

ഞായറാഴ്ചയാണ് വടക്കേകര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലെ വീടുകളില്‍ സലഫി പ്രചാരകര്‍ ലഘുലേഖ വിതരണം നടത്തിയത്.

---- facebook comment plugin here -----

Latest