ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയൻ കുറ്റവിമുക്തൻ

  • പിണറായി ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റവിമുക്തർ
  • പിണറായി കേസിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതിന് തെളിവില്ലെന്ന് കോടതി
  • പിണറായിയെ സിബിഎെ വേട്ടയാടിയെന്നും കോടതി
  • കേസില്‍ ഒന്നാം പ്രതിയായ മോഹന ചന്ദ്രന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റു പ്രതികള്‍
  • മറ്റു മൂന്ന് പ്രതികൾ വിചാരണ നേരിടണം
Posted on: August 23, 2017 11:58 am | Last updated: August 24, 2017 at 9:29 am

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ ഹെക്കോടതി കുറ്റവിമുക്തരാക്കി. പിണറായിക്ക് എതിരെ തെളിവില്ലെന്നും അദ്ദേഹം സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കേസില്‍ മറ്റു മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.പിണറായി വിജയന്‍ ഉള്‍പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് സുപ്രധാന വിധി. ജസ്റ്റിസ് പി ഉബൈദുല്ലയാണ് കേസില്‍ വിധി പറഞ്ഞത്.

കേസില്‍ ഒന്നാം പ്രതിയായ മോഹന ചന്ദ്രന്‍, എട്ടാം പ്രതിയായ ഫ്രാന്‍സിസ് എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റു പ്രതികള്‍. പിണറായി വിജയന്‍ കേസില്‍ ഏഴാം പ്രതിയായിരുന്നു.

പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാന്‍സര്‍ സെന്ററിന് സഹായം ലഭിക്കാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പിണറായിയെ മാത്രം പ്രതിയായി കാണാനാകില്ലെന്ന് കോടതി നീരീക്ഷിച്ചു. ക്രിമിനല്‍ കുറ്റമായി കാണാവുന്ന അഴിമതിയോ ഗൂഢാലോചനയോ പിണറായി നടത്തിയതായി കണ്ടെത്തായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഏറെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പിണറായി വിജയന് അനുകൂലമായി വിധി ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണന്ന് വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴ് പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എംകെ നടരാജനും പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേയുമാണ് ഹൈക്കോടതിയില്‍ ഹാജരായത്. കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറാണ് ആരോപണത്തിന് ആധാരമായത്. കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിഐജി കണ്ടെത്തിയത്.