സിറ്റിക്ക് സമനിലക്കുരുക്ക്

Posted on: August 23, 2017 8:03 am | Last updated: August 23, 2017 at 12:05 am

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കന്നിപ്പോരിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലക്കുരുക്ക്. എവര്‍ട്ടണിനോടാണ് പെപ് ഗാര്‍ഡിയോളയുടെ കുട്ടികള്‍ 1-1ന് സമനിലപാലിച്ചത്.

35ാം മിനുട്ടില്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണിയിലൂടെ എവര്‍ട്ടനാണ് ആദ്യ ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ 200 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും റൂണി സ്വന്തമാക്കി. സിറ്റി ബോക്‌സില്‍ ഹോള്‍ഗേറ്റ് നല്‍കിയ പാസ് റൂണി വലയിലെത്തിച്ചു. ഗോള്‍ മടക്കാനുള്ള ശ്രമം ഈര്‍ജിതമാക്കവേ 44ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട കെയ്ല്‍ വാള്‍ക്കര്‍ പുറത്ത് പോയത് സിറ്റിക്ക് തിരിച്ചടിയായി.
82ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിംഗിലൂടെ സിറ്റി സമനില ഗോള്‍ നേടി. പിന്നീട്, 88ാം മിനുട്ടില്‍ എവര്‍ട്ടന്‍ മധ്യനിര താരം സ്‌നൈഡര്‍ലിന്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോയി.
സമനിലയാണ് ഫലമെങ്കിലും സിറ്റി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 65 ശതമാനം പന്തടക്കം സിറ്റിക്കായിരുന്നു. സിറ്റി ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകള്‍ തൊടുത്തപ്പോള്‍ എവര്‍ട്ടണിന്റേത് രണ്ടിലൊതുങ്ങി.