റൂണി @ 200

Posted on: August 23, 2017 7:55 am | Last updated: August 23, 2017 at 12:02 am

ലണ്ടന്‍: ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രം കുറിച്ചു. പ്രീമിയര്‍ ലീഗില്‍ 200 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് എവര്‍ട്ടന്‍ താരമായ റൂണി സ്വന്തമാക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ സീസണിലെ കന്നിയങ്കത്തില്‍ 35ാം മിനുട്ടിലായിരുന്നു റൂണിയുടെ 200ാം ഗോള്‍. 462 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ന്യൂകാസില്‍ യുനൈറ്റഡ് താരമായ അലന്‍ ഷിയററാണ് റൂണിക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചത്. 441 മത്സരങ്ങളില്‍ നിന്ന് 260 ഗോളുകളാണ് ഷിയറര്‍ നേടിയത്.

റൂണിയുടെ 150ാം ഗോള്‍ നേട്ടവും സിറ്റിക്കെതിരെയായിരുന്നു. 2012 ഡിസംബറില്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ഇംഗ്ലണ്ട് ദേശീയ ടീമിന്റെയും ടോപ് സ്‌കോററും റൂണി തന്നെ. ഈ സീസണില്‍ യുനൈറ്റഡ് വിട്ട താരം പഴയ ക്ലബായ എവര്‍ട്ടണിലേക്ക് കൂടുമാറുകയായിരുന്നു. എവര്‍ട്ടണിനായി കളിച്ച രണ്ട് മത്സരങ്ങളിലും റൂണി ഗോള്‍ നേടി.