സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന

Posted on: August 23, 2017 7:50 am | Last updated: August 22, 2017 at 11:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം, ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 40 ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.

1019 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17,82000 രൂപ പിഴയീടാക്കുകയും 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 70 സാമ്പിളുകള്‍ പരിശോധനക്കായി സ്വീകരിക്കുകയും 17 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതും കൂടുതല്‍ പിഴയീടാക്കിയതും. 102 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,15,000 രൂപ പിഴയീടാക്കുകയും 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ 101 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,65,000 രൂപ പിഴയീടാക്കുകയും 58 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ 92 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,54,000 രൂപ പിഴയീടാക്കുകയും 19 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

പാലക്കാട് ജില്ലയില്‍ 93 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 1,13,000 രൂപ പിഴയീടാക്കുകയും 45 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലയില്‍ 83 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 1,00000 രൂപ പിഴയീടാക്കുകയും 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.

ഇടുക്കി ജില്ലയില്‍ 77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,40,000 രൂപ പിഴയീടാക്കുകയും 38 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ 73 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,73,000 രൂപ പിഴയീടാക്കുകയും 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.