Connect with us

Kerala

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പ്രോജക്ടിന് രൂപം നല്‍കിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വയനാട്ടിലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് പ്രോജക്ടിന് രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മീനങ്ങാടി പഞ്ചായത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലയില്‍ ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനവും കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടില്‍ പരിസ്ഥിതി കമ്മിഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സി കെ ശശീന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ കാര്‍ഷിക സര്‍വകലാശാല ഇതു സംബന്ധിച്ച് ചില പഠനങ്ങള്‍ നടത്തിവരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം പഠിക്കുവാനുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിനും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളും പഠനങ്ങളും നടത്താന്‍ കഴിയും.
വയനാട്ടിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തും.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി വയനാട്ടില്‍ കാലവര്‍ഷവും തുലാവര്‍ഷവും ദുര്‍ബലമാണ്. ഇക്കൊല്ലം ഇതുവരെയുള്ള കണക്ക് പ്രകാരം കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 41 ശതമാനം മാത്രമാണ് ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് മഴ ലഭ്യത കുറയുന്നതും താപനിലയില്‍ വ്യത്യാസം വരുന്നതെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനക്ഷമതയെയും വിള രീതികളെയുമെല്ലാം ഇത് ബാധിച്ചിട്ടുണ്ട്.
വയനാട് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പലതും മനുഷ്യനിര്‍മിതമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത ലഘൂകരണത്തിനും പാരിസ്ഥിതിക പരിപാലനത്തിനും ചില ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കെട്ടിട നിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ദുരന്ത സാധ്യതാ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളില്‍ പാറഖനനം പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. നെല്‍ വയലുകള്‍ തരം മാറ്റപ്പെടുന്നതും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മാനുഷികമായ ഇടപെടലുകള്‍ വയനാട് ജില്ലയുടെ സവിശേഷ ഭൂപ്രകൃതിയെ സാരമായി ബാധിക്കുന്നുണ്ടെന്നതും നിസ്തര്‍ക്കമാണ്.

പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വയനാടന്‍ പ്രകൃതിയെ ഏത് രീതിയില്‍ ബാധിക്കുമെന്നത് വിലയിരുത്തപ്പെടേണ്ടതും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ കൈക്കൊള്ളേണ്ടതുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest