Connect with us

Editorial

മറ്റു നിയമങ്ങളുടെ വിധിയെന്താകും?

Published

|

Last Updated

വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് മുത്വലാഖ് വിഷയത്തില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. അഞ്ചംഗ ബഞ്ചില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ലളിത് എന്നീ മൂന്നു പേരുടെ വീക്ഷണത്തില്‍ മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണ്. ഇതുതന്നെയായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെയും വാദം. എല്ലാ ത്വലാഖും നിരോധിക്കണമെന്നും എങ്കില്‍ കേന്ദ്രം വേറെ നിയമം കൊണ്ടുവരാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെയും ജസ്റ്റിസ് നസീറിന്റെയും അഭിപ്രായത്തില്‍ മുത്വലാഖ് ഭരണഘടനാ വിധേയമാണ്. മതപരമായ വിശ്വാസത്തിന്റെ കാര്യമായതിനാല്‍ കോടതിക്ക് അതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്തു ആറു മാസത്തേക്ക് മുത്വലാഖ് മുഖേന വിവാഹമോചനത്തിന് കോടതി വിലക്കേര്‍പ്പെടുത്തി. ആറു മാസത്തിനകം എല്ലാ വിഭാഗങ്ങള്‍ക്കുമിടയില്‍ സമവായമുണ്ടാക്കിയ ശേഷം പാര്‍ലിമെന്റ് പുതിയ നിയമനിര്‍മാണം നടത്തണം. ഇല്ലെങ്കില്‍ നിരോധനം തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അംഗീകരിക്കാത്തതാണ് മുത്വലാഖെന്നും മുസ്‌ലിം രാജ്യങ്ങളില്‍ ഇത് നിരോധിച്ചിട്ടുണ്ടെന്നുമാണ് വിധിക്ക് ഉപോത്ബലമായി ചൂണ്ടിക്കാണിച്ച ന്യായങ്ങള്‍.

ബാബരി മസ്ജിദ് കേസ് കാല്‍ നൂറ്റാണ്ട് കടന്നു പോയിട്ടും വിധിപ്രസ്താവിക്കാത്ത കോടതി, അപ്രധാനവും മുസ്‌ലിംകളിലെ ന്യൂനാല്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതുമായ മുത്വലാഖ് കൈകാര്യം ചെയ്ത രീതിയും വിധിപ്രസ്താവത്തിന് കാണിച്ച ധൃതിയും അമ്പരപ്പിക്കുന്നതാണ്. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ഒരു കേസ് 2015 ഒക്ടോബറില്‍ പരിഗണനക്ക് വന്നപ്പോള്‍, മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതു സംബന്ധിച്ചു പരാതികളൊന്നും മുമ്പിലില്ലാതെ കോടതി സ്വയം വലിച്ചിടുകയാണുണ്ടായത്. അതിന് പിന്നാലെയാണ് മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ഇതുസംബന്ധിച്ച ഹരജികള്‍ കോടതിയില്‍ എത്തുന്നത്. 15 വര്‍ഷം നീണ്ട വിവാഹ ജീവിതം മുത്വലാഖിലൂടെ വേര്‍പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴിചൊല്ലപ്പെട്ട അഫ്രിന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത് ജഹാന്‍ എന്നിവരാണ് പിന്നീട് മുത്വലാഖിന്റെ നിയമസാധുതയും ഭരണഘടനാ സാധുതയും ചോദ്യം ചെയ്തു സുപ്രിം കോടതിയെ സമീപിച്ചത്. സംഘ്പരിവാര്‍ സംഘടനകളാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. കോടതി വിധിയില്‍ പ്രധാനമന്ത്രി മോദിയും സംഘ്പരിവാര്‍ വൃത്തങ്ങളും പ്രകടിപ്പിച്ച അത്യാഹ്ലാദം ഇതിനെ ബലപ്പെടുത്തുന്നുണ്ട്.

ദാമ്പത്യ ബന്ധത്തില്‍ അപരിഹാര്യമായ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയോ ഒരു വിധത്തിലും ഒത്തുപോകാന്‍ സാധ്യമല്ലാതെ വരികയോ ചെയ്താല്‍ ബന്ധം വേര്‍പ്പെടുത്താന്‍ പുരുഷന് അനുവദിച്ചതാണ് ത്വലാഖ്. മൂന്ന് ത്വലാഖിന് വരെ അധികാരമുള്ള ഭര്‍ത്താവ് പരമാവധി ഒന്നില്‍ ചുരുക്കണമെന്നും ഇസ്‌ലാം നിര്‍ദേശിക്കുമ്പോള്‍ തന്നെ ആ സ്ത്രീയുമായി ഭാവിയില്‍ ബന്ധം തുടരാന്‍ ഒട്ടും ആഗ്രഹമില്ലാതെ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സാധുവാകുമെന്നും വിശുദ്ധ ഖുര്‍ആന്റെയും പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ പണ്ഡിത ലോകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നാല് മദ്ഹബും ഏകാഭിപ്രായമാണ്. ഭാര്യയെ മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലിയ ഒരാളോട്, മറ്റൊരാള്‍ അവളെ വിവാഹം ചെയ്യുകയും മോചിപ്പിക്കുകയും ചെയ്ത ശേഷമല്ലാതെ പുനര്‍വിവാഹം ചെയ്യരുതെന്ന് നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. മുത്വലാഖിനെ സാധൂകരിക്കുന്ന വേറെയും ഹദീസുകളും പണ്ഡിത വിധികളുമുണ്ട്. ചില വിവാഹമോചനക്കേസുകളില്‍ ഭര്‍ത്താവില്‍ നിന്നു ശാശ്വതമോചനം ലഭിക്കാന്‍ മൂന്ന് ത്വലാഖും വേണമെന്ന് സ്ത്രീകള്‍ തന്നെ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. പ്രസ്തുത ഭര്‍ത്താവുമൊത്ത് ഇനിയൊരു ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകള്‍ക്ക് മുത്വലാഖ് അനുഗ്രഹവുമാണ്. എന്നിട്ടും ജഡ്ജിമാര്‍ എന്തടിസ്ഥാനത്തിലാണ് ഇത് ഖുര്‍ആനും ഇസ്‌ലാമും അംഗീകരിക്കാത്ത ആചാരമാണെന്ന നിഗമനത്തിലെത്തിയതെന്നറിയില്ല.

പരമ്പരാഗതമായി ഇന്ത്യന്‍ കോടതികള്‍ പിന്തുടര്‍ന്ന് വന്ന നിലപാടുകള്‍ മദ്ഹബുകള്‍ പ്രകാരമുള്ള പ്രാമാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടു ത്തിയായിരുന്നു. ഖുര്‍ആനില്‍ അവതീര്‍ണമായിരിക്കുന്ന വാക്കുകളെ വ്യാഖ്യാനിക്കേണ്ടത് ഹിദായ പോലുള്ള ഗ്രന്ഥങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാവണമെന്നു ആഖാകാന്‍ കേസിലും (1897) ഖുര്‍ആനിക വാക്യങ്ങളെ വ്യാഖ്യാനിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല, അത്തരം നീക്കങ്ങള്‍ അസംബന്ധമാണെന്ന് ഖുല്‍സൂം ബീബി കേസിലും (1897) പൗരാണികവും പ്രാമാണികവുമായ ഗ്രന്ഥങ്ങളില്‍ പ്രതിപാദ്യമായ നിയമങ്ങള്‍ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റം വരുത്തുകയോ വ്യതിയാനം നടത്തുകയോ ചെയ്യരുത്, കാലാനുസൃതമായി യോജിക്കാത്ത ഭാഗങ്ങളുണ്ടെങ്കില്‍ പോലും അവ നിരാകരിക്കാനുള്ള സ്വാതന്ത്ര്യം കോടതികള്‍ക്കില്ലെന്ന് വീരാന്‍കുട്ടി കേസിലും (1956) സുപ്രീം കോടതി വ്യക്തമാക്കിയതാണ്. അതെല്ലാം നിരാകരിച്ചു കോടതികള്‍ ഖുര്‍ആനിനെ സ്വയം വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ഇസ്‌ലാമിക ശരീഅത്തിലെ മറ്റു നിയമങ്ങളുടെ ഭാവിയെന്താകും?

Latest