Connect with us

Articles

സ്വാശ്രയ എന്‍ജി. കോളജുകള്‍ തൊഴില്‍രഹിതരെ സൃഷ്ടിക്കുമ്പോള്‍

Published

|

Last Updated

സംസ്ഥാനത്തെ സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിംഗ് കോളജുകള്‍ തൊഴില്‍ രഹിതരെ സൃഷ്ടിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു. കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ 95 ശതമാനവും തൊഴില്‍ രഹിതരോ അല്ലെങ്കില്‍ വൈദഗ്ധ്യം ആവശ്യമില്ലാത്ത ചുരുങ്ങിയ ശമ്പളമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരോ ആണ്. ഇതില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് മുതല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ വരെയുണ്ട്. ലക്ഷങ്ങള്‍ വായ്പയെടുത്തും കടം വാങ്ങിയും പഠിച്ച് ബി ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ നിരവധി പേര്‍ താരതമ്യേന ശമ്പളം കുറവുള്ള മാധ്യമ സ്ഥാപനങ്ങളില്‍ ട്രെയിനിയായി വരെ ജോലി നോക്കുന്നുണ്ട്. കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച പ്രകടമാക്കുന്നവയാണിത്. നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളില്‍ 95.1 ശതമാനവും സ്വാശ്രയ എയ്ഡഡ് മേഖലകളിലാണെന്നതിനാല്‍ ഈ അപചയത്തിന്റെ പ്രധാന ഉത്തരവാദികള്‍ സ്വകാര്യ മേഖലയാണ്.

നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം അന്താരാഷ്ട്ര തലത്തില്‍ മറ്റുരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വാശ്രയ മേഖലക്ക് അനുമതി നല്‍കിയതെങ്കിലും ഇത് വിപരീത ഫലമാണ് ഉളവാക്കിയിരിക്കുന്നത്. സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിംഗ് കോളജുകളുടെയും വിദ്യാര്‍ഥികളുടെയും നിലവാരം ഇതര സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തെ നാണിപ്പിക്കുന്നതാണ്. ഇവിടെ ഓരോ വര്‍ഷവും ആദ്യ അവസരത്തില്‍ വിജയിക്കുന്നത് 20 ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ്. ഒപ്പം ഈ സ്ഥാപനങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം 60 ശതമാനത്തില്‍ താഴെയാണ്. 2016 ല്‍ സര്‍ക്കാറിന് വേണ്ടി ഒരു വിദ്യാഭ്യാസ ഏജന്‍സി നടത്തിയ പഠനത്തില്‍ വിജയ ശതമാനം പത്തു ശതമാനവും അതില്‍ താഴെയുമുള്ള സ്വാശ്രയ കോളജുകളുടെ എണ്ണം അറുപതോളമാണെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇത്ര നിലവാരം കുറഞ്ഞിട്ടും അത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ഒഴിഞ്ഞു കിടക്കുന്ന തങ്ങളുടെ സീറ്റ് നിറക്കാന്‍ വേണ്ടി പരീക്ഷാ ഇളവ് ആവശ്യപ്പെട്ടാണ് കോളജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാറുകളെ നിരന്തരം സമീപിച്ചിരുന്നത്. പൊതുവായി ഏതു മേഖലയിലേക്കുമുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കപ്പെടുന്നത് യോഗ്യതാപരീക്ഷയില്‍ 45 ശതമാനം മാര്‍ക്കാണ്. എന്നാല്‍, എന്‍ജിനീയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാര്‍ക്കുള്ളവരെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇത്തരം വിദ്യാര്‍ഥികളെ വെച്ച് സ്വാശ്രയ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചുവിടുന്ന എന്‍ജിനീയര്‍മാരുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
പ്രതിവര്‍ഷം എന്‍ജിനീയറിംഗ് പഠനത്തിനെത്തുന്ന 62,000-65000 വിദ്യാര്‍ഥികൡ (93.44 ശതമാനവും സ്വാശ്രയ മേഖലയില്‍)10,000 ത്തോളം പേര്‍ മാത്രമാണ് ആദ്യ അവസരത്തില്‍ വിജയം കൈവരിക്കുന്നത്. ഇതില്‍ തന്നെ ഐ ടി മേഖലയുള്‍പ്പെടെ വന്‍ മത്സരം നിലനില്‍ക്കുന്ന എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 2000 ത്തോളം പേര്‍ക്ക് മാത്രമാണ് സുരക്ഷിതമായ തൊഴില്‍ ലഭിക്കുന്നത്. മികവിന്റെ കേന്ദ്രങ്ങളാകേണ്ട വിദഗ്ധ മേഖലയെ പണം വാരാനുള്ള പൊതുവഴിയായി വിദ്യാഭ്യാസ കച്ചവട മുതലാളിമാര്‍ കണ്ടതാണ് വിദഗ്ധരുടെ നാടെന്ന് പൊതുവെ വിലയിരുത്തലുള്ള കേരളത്തില്‍ നിന്ന് അവിദഗ്ധരും നിലവാരമില്ലാത്തവരുമായ എന്‍ജിനീയര്‍മാരുടെ പിറവിക്ക് കാരണം.

സംസ്ഥാനത്ത് നിലവിലുള്ള 183 എന്‍ജിനീയറിംഗ് കോളജുകളിലായി 60,376 പേരാണ് കഴിഞ്ഞ വര്‍ഷം പ്രവേശനം നേടിയത്. ഇതില്‍ 171 എണ്ണം (93.44 ശതമാനം) അണ്‍ എയ്ഡഡ് സ്വാശ്രയകോളജുകളും ഒമ്പതെണ്ണം (4.92 ശതമാനം)സര്‍ക്കാര്‍ കോളജുകളും മൂന്നെണ്ണം (1.64 ശതമാനം) സ്വകാര്യ എയ്ഡഡ് കോളജുകളുമാണ്. ഏറ്റവും കൂടുതല്‍ അണ്‍ എയ്ഡഡ് എന്‍ജിനീയറിംഗ് കോളജുകള്‍ ഉള്ളത് എറണാകുളം ജില്ലയിലാണ് (31 എണ്ണം). അതു കഴിഞ്ഞാല്‍ തിരുവനന്തപുരം (26 എണ്ണം). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകള്‍ നിലവിലില്ല.

നിപുണരായ വിദ്യാര്‍ഥികളെ തേടി കുത്തക കമ്പനികള്‍ എത്തുകയും അതുവഴി ഉന്നതങ്ങളിലേക്ക് പ്ലെയ്‌സ്‌മെന്റുകള്‍ വഴി അവസരം തുറക്കുകയും ചെയ്യുകയെന്ന പതിവ് രീതിക്ക് അപവാദമാണ് കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിംഗ് മേഖല. വിദ്യാര്‍ഥികളിലെ വൈദഗ്ധ്യം കണ്ടെത്താനോ അതു വളര്‍ത്തിയെടുക്കാനോ, അതിലൂടെ ഉന്നത തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താനോ ഉള്ള യാതൊരു സംവിധാനവും നിലവില്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലില്ലെന്നതാണ് യാഥാര്‍ഥ്യം. കമ്പനികള്‍ വിദ്യാര്‍ഥികളെ നേരിട്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി പ്ലെയ്‌മെന്റ് നടത്തുന്ന കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇതിന്റെ ദയനീയ സ്ഥിതി വ്യക്തമാകും. എന്നാല്‍ കേരളത്തിലെ ഒമ്പത് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകള്‍ ഇതിനപവാദമാണ്. നിലവാരമുള്ള എന്‍ജിനീയര്‍മാര്‍ ഇറങ്ങുന്ന സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. അതേസമയം സര്‍ക്കാര്‍ എഞ്ചീനീയറിംഗ് കോളജുകളിലെ അധ്യയന മികവ് ഉയര്‍ന്നതും ശ്ലാഘനീയവുമാണ്. സര്‍ക്കാര്‍ കോളജുകളിലെ വിജയശതമാനവും പ്രശസ്തമായ സ്ഥാപനങ്ങളില്‍ മികച്ച ജോലി ലഭിച്ച വിദ്യാര്‍ഥികളുടെ കണക്കും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഗേറ്റ്, ക്യാറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് അര്‍ഹത നേടുകയും, വിപ്രോ, മഹീന്ദ്രാ, ടി സി എസ്, ബോഷ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ലഭിക്കുകയും ചെയ്ത വിദ്യാര്‍ഥികളിലധികവും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 2015-16 വര്‍ഷത്തെ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ നടത്തിയ ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ഒരൊറ്റ സ്വാശ്രയ-സ്വകാര്യ കോളജുകളും ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഒമ്പത് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് പ്ലെയ്‌സ്‌മെന്റും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലായിരുന്നു. ഈ കോളജുകളുടെയും, ഇവിടെ നിന്ന് ഉന്നത ജോലി നേടിയ വിദ്യാര്‍ഥികളുടെയും പട്ടിക താഴെ നല്‍കിയിട്ടുണ്ട്.

അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുന്നതിന് പകരം വര്‍ഷം തോറും സീറ്റുകളും കോഴ്‌സുകളും വാരിക്കോരി നല്‍കുന്ന സര്‍ക്കാറിനും ഈ നിലവാരത്തകര്‍ച്ചയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാനാവില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് സമര്‍പ്പിക്കപ്പെട്ട സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളുടെ നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. സര്‍ക്കാറിന്റെ പ്രവേശന മാനദണ്ഡങ്ങള്‍ കോടതി വഴി മറികടന്ന് സ്വാശ്രയ മാനേജ്‌മെന്റ് ഇപ്പോഴും പണം മാത്രം ലക്ഷ്യമിട്ട് എന്‍ജിനീയറിംഗ് മേഖലയുടെ നിലവാരത്തകര്‍ച്ചകക്ക് ആക്കം കൂട്ടുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഓരോ വര്‍ഷവും അധ്യായന വര്‍ഷാരംഭത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഒരിടത്തും എന്‍ജിനീയറിംഗ് മേഖലയുടെ നിലവാരത്തകര്‍ച്ച വിഷയമായി ഇടം പിടിക്കാറില്ലെന്നത് ഖേദകരമാണ്. വാങ്ങുന്ന ഫീസിന്റെ ലക്ഷത്തിനപ്പുറത്തേക്ക് നീളാത്ത ചര്‍ച്ചകള്‍ കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് ഒരിക്കലും ഗുണകരമാകില്ല.

നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വാശ്രയ-സ്വകാര്യ എയ്ഡഡ് എന്‍ജിനീയറിംഗ് കോളജുകളിളില്‍ 60,376 സീറ്റുകളാണ് ആകെയുള്ളത്. ഇതില്‍ സര്‍ക്കാര്‍ കോളജുകളില്‍ 3283 ഉം (5.44ശതമാനം), സ്വകാര്യ എയ്ഡഡ് കോളജുകളില്‍ 1850ഉം (3.06 ശതമാനം), അണ്‍എയ്ഡഡ് കോളേജുകളില്‍ 55,243 ഉം (91.50 ശതമാനം), ആണ്. സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ഏറ്റവുമധികം സീറ്റുകളുള്ളത് (12,063). തൊട്ടുപിന്നില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് (11,165), സിവില്‍ എന്‍ജിനീയറിംഗ് (10,412), കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് (10,269) വിഭാഗങ്ങളുമാണ്.

ഇതിനിടെ എയ്ഡഡ് എന്‍ജിനീയറിംഗ് കോളജുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 2015-16 ലെ 6370ല്‍ നിന്ന് 2016-17ല്‍ 5134 ആയി കുറഞ്ഞിരുന്നു. പെണ്‍കുട്ടികളുടെ പ്രവേശനത്തിന്റെ അനുപാതം 2015-16ലെ 36.86ല്‍ നിന്ന് 36.42 ശതമാനമായും കുറഞ്ഞു. 2016-17ല്‍ 1515 വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി പ്രവേശനം ലഭിച്ചത്. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 61.19 ശതമാനം പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest