Connect with us

Articles

മുത്വലാഖില്‍ ഒതുങ്ങില്ല

Published

|

Last Updated

പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന പുരോഗമന വാദിയായിരിക്കണമെന്ന ശാഠ്യം കൈയൊഴിയാന്‍ തയ്യാറാകുന്ന ആര്‍ക്കും മുത്വലാഖ് വിധിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ മനസ്സിലാകും. മുത്വലാഖ് എന്ന വിഷയത്തിനകത്ത് ഒതുങ്ങുന്ന ഒരു വിധിയല്ല ഇത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതപരമായ അവകാശങ്ങള്‍ക്ക് മേല്‍ വരാനിരിക്കുന്ന കൈകടത്തലുകളുടെ പരമ്പരക്ക് ഈ വിധി നാന്ദി കുറിച്ചിരിക്കുന്നു. ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു രാജ്യത്ത് പ്രത്യേക വ്യക്തി നിയമങ്ങളും ജമ്മു കശ്മീരിനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നല്‍കിവരുന്ന പ്രത്യേക പദവികളും ഭാഷാ, സാംസ്‌കാരിക മത ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിരക്ഷകളും എല്ലാ വിഭാഗം ജനങ്ങളെയും ആത്മവിശ്വാസത്തോടെ ദേശീയധാരയില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ നിയമസംഹിത രൂപപ്പെടുത്തിയ മുഴുവന്‍ പേരും ഈ വൈവിധ്യം പരിരക്ഷിക്കപ്പെടണമെന്ന് വാദിച്ച വരാണ്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമന്മാരാണ് എന്ന ഭരണഘടനാ തത്വം നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന മൂല്യമാണ്. ക്രിമിനല്‍ കോഡും ഇന്ത്യന്‍ പീനല്‍ കോഡും സിവില്‍ പ്രൊസീജ്യര്‍ കോഡും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡുമെല്ലാം എല്ലാവര്‍ക്കും ബാധകമായതാണ്. ഇവയടക്കം ആയിരക്കണക്കായ നിയമങ്ങളും ശിക്ഷാ വിധികളുമെല്ലാം മതം, ജാതി, പ്രദേശം, സാമ്പത്തിക നിലവാരം തുടങ്ങിയ പരിഗണനകളില്‍ നിന്ന് തികച്ചും മുക്തമാണ്. സമൂഹവുമായി വ്യക്തി ഇടപെടുന്ന മുഴുവന്‍ മേഖലകളിലും ഈ നിയമങ്ങളാണ് വാഴുന്നത്. അതുകൊണ്ടാണ് രാജ്യത്ത് നിയമവാഴ്ച (റൂള്‍ ഓഫ് ലോ)സാധ്യമാകുന്നത്.

എന്നിട്ടും, പരിമിതമായ വിഷയങ്ങളിലാണെങ്കിലും പ്രത്യേക വ്യക്തി നിയമങ്ങള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് വ്യതിരിക്തമായ സ്വത്വബോധങ്ങള്‍ അംഗീകരിക്കാന്‍ വേണ്ടി തന്നെയാണ്. മതപ്രമാണങ്ങള്‍ക്കനുസരിച്ച് പാലിക്കപ്പെടേണ്ട തികച്ചും വ്യക്തി നിഷ്ഠമായ വിഷയങ്ങളില്‍ മാത്രമാണ് വ്യക്തി നിയമങ്ങള്‍ ബാധകമായിട്ടുള്ളത്. 1937ല്‍ നിലവില്‍ വന്ന ഇസ്‌ലാമിക് ശരീഅത്ത് ആക്ട് പ്രകാരം രൂപപ്പെട്ടിട്ടുള്ള മുസ്‌ലിം വ്യക്തി നിയമം വിവാഹം, വിവാഹാനുബന്ധ മറ്റ് കാര്യങ്ങള്‍, അനന്തരാവകാശം, ദത്ത്, വഖ്ഫ് തുടങ്ങിയ കാര്യങ്ങളില്‍ പരിമിതപ്പെട്ടിരിക്കുന്നു. മതസ്വാതന്ത്ര്യത്തിന് അനിവാര്യമായ വ്യക്തി നിയമങ്ങള്‍ക്ക് മേല്‍ കൈകടത്താനുള്ള ഇന്ത്യന്‍ നീതിന്യായ വിഭാഗത്തിലെയും രാഷ്ട്രീയ രംഗത്തെയും ചിലരുടെ ചിരകാല ശ്രമങ്ങളുടെ പൂര്‍ത്തീകരണമായി മുത്വലാഖ് വിധിയെ വിലയിരുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്.
കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും എടുത്ത നിലപാട് മതവിശ്വാസിക്ക് രാഷ്ട്രം വക വെച്ച് നല്‍കേണ്ട അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. മുത്വലാഖ് വിശ്വാസത്തിന്റെ പ്രശ്‌നമാണ്; അതില്‍ കോടതി ഇടപെടേണ്ടതില്ല എന്ന തീര്‍പ്പില്‍ എത്താന്‍ ഈ ന്യായാധിപര്‍ക്ക്് സാധിക്കുന്നുവെങ്കില്‍ അത് ബഹുസ്വരതയോടും മതസ്വാതന്ത്ര്യത്തോടും വ്യക്തികളുടെ അവകാശങ്ങളോടുമുള്ള അവരുടെ കരുതല്‍ കൊണ്ടാണെന്ന് വ്യക്തമാണല്ലോ. മുത്വലാഖ് എന്ന കേവല വിഷയമായിരുന്നില്ല അവരുടെ മുമ്പില്‍ ഉണ്ടായിരുന്നത്. മറിച്ച് വ്യക്തി നിയമങ്ങള്‍ക്കാകെ സംഭവിക്കുന്ന അട്ടിമറിയാണ് അവര്‍ കണക്കിലെടുത്തിട്ടുണ്ടാകുക. പാര്‍ലിമെന്റിന്റെ വിശാലമായ പരിശോധനക്ക് ശേഷം തീര്‍പ്പാകേണ്ട വിഷയമാണ് മുത്വലാഖെന്ന അങ്ങേയറ്റം അവധാനപൂര്‍ണമായ സമീപനത്തിലും അവര്‍ എത്തിച്ചേര്‍ന്നു. മുത്വലാഖ് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്ന് വ്യക്തമാക്കാനും ചീഫ് ജസ്റ്റിസ് തയ്യാറായി. സത്യത്തില്‍ അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഭരണഘടനാ നിര്‍മാണ സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഡോ. അംബേദ്കര്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്നെ സംബന്ധിച്ചിടത്തോളം; ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. ന്യൂനപക്ഷം ഉണ്ടെന്നുള്ള കാര്യം തന്നെ ഭൂരിപക്ഷം നിഷേധിക്കുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അംഗീകരിച്ചേ പറ്റൂ”.

എന്നാല്‍ ബഞ്ചിലെ മറ്റ് അംഗങ്ങളാകട്ടേ ജുഡീഷ്യല്‍ അധികാരം സ്ഥാപിക്കാനാണ് ശ്രമിച്ചത്. വ്യക്തി നിയമങ്ങള്‍ക്ക് മേല്‍ മുഴങ്ങുന്ന ഈ ജുഡീഷ്യല്‍ ശബ്ദം ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ ശബ്ദവുമായി ചേര്‍ന്ന് പോകുന്ന ഒന്നാണ്. അല്ലെങ്കില്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ന്യായാധിപന്മാര്‍ ചെയ്തത്. നമ്മുടെ നീതിന്യായ സംവിധാനം എത്രമാത്രം വശം ചരിഞ്ഞുപോയെന്ന് ഈ വിധി വ്യക്തമാക്കുന്നുണ്ട്. എന്തൊരു തിടുക്കവും ശുഷ്‌കാന്തിയുമാണ് കോടതി കാണിച്ചത്. ബാബരി മസ്ജിദ് കേസിന്റെ പ്രായം കാല്‍ നൂറ്റാണ്ട് കടന്നുവെന്നോര്‍ക്കണം. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ഒരു കേസ് 2015 ഒക്ടോബറില്‍ പരിഗണനക്ക് വന്നപ്പോള്‍, കോടതി സ്വയം വലിച്ചിട്ടതാണ് ഈ കേസ്.

ഇങ്ങനെ സ്വമേധയാ കേസെടുത്തു എന്നു മാത്രമല്ല, മുത്വലാഖ് സംബന്ധിച്ച് വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ വിളിച്ചുവരുത്തുക കൂടി ചെയ്തു ന്യായാസനം. അതിന് പിന്നാലെയാണ് മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ഇതുസംബന്ധിച്ച ഹരജികള്‍ കോടതിയില്‍ എത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി ശക്തമായി മുന്നോട്ട് വെച്ചതും തിരഞ്ഞെടുപ്പ് സമയത്തെല്ലാം അവര്‍ എടുത്തിടുന്നതുമായ ഏകസിവില്‍ കോഡ് സ്വപ്‌നത്തിലേക്കുള്ള ദൂരം നന്നേ കുറക്കുന്നുണ്ട് ഈ വിധി. ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍ (ബി ജെ പി അനുകൂല സംഘടന) മുസ്‌ലിം കുടുംബ ചട്ടങ്ങളുടെ കോഡിഫിക്കേഷന് വേണ്ടി എത്രയോ കാലമായി കരുനീക്കങ്ങള്‍ നടത്തി വരികയാണ്. അവര്‍ ഒരു കരട് നിയമം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. നൂര്‍ജഹാന്‍ സഫിയ നിയാസിനെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ കരട് മൂന്ന് കാര്യങ്ങള്‍ മുന്നോട്ട് വെക്കുന്നു: ഒന്ന്, ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് (1937) ഭേദഗതി ചെയ്യണം. രണ്ട്, മുസ്‌ലിം മാര്യേജസ് ആക്ട് (1939) റദ്ദാക്കണം. മൂന്ന്, മുസ്‌ലിം പേഴ്‌സനല്‍ ലോ തീര്‍ത്തും പരിഷ്‌കരിക്കണം. മുത്വലാഖ് വിധി എങ്ങോട്ട് പോകുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ കരട് മാത്രം മതിയാകും. ഈ കേസില്‍ പ്രധാന വാദിയായി വന്ന സൈറാ ബാനു നിരവധി വിഷയങ്ങളില്‍ തന്റെ രാഷ്ട്രീയ മുന്‍ഗണന വ്യക്തമാക്കിയയാളാണ്.

മുത്വലാഖ് ചെയ്യാനുള്ള പരമമായ അധികാരം നഷ്ടമായല്ലോ എന്ന വേദനയാണ് ഒരു സാധാരണ മുസ്‌ലിമിന് ഈ വിധിയുണ്ടാക്കുന്നത് എന്ന തരത്തിലാണ് ചിലര്‍ വിശകലനം ചെയ്ത് കളയുന്നത്. വിധി ആഘോഷിക്കുന്നവരെല്ലാം ഒരേ സ്വരം പങ്കുവെക്കുന്നു. സ്ത്രീകളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതും പുരുഷാധിപതികളെ നിലക്കു നിര്‍ത്തുന്നതുമാണ് വിധിയെന്ന് ആഘോഷക്കാര്‍ ഉദ്‌ഘോഷിക്കുന്നു. സത്യമെന്താണ്? ഒരു യഥാര്‍ഥ വിശ്വാസിക്ക് മുത്വലാഖ് അങ്ങേയറ്റം വേദനാപൂര്‍ണമായ പ്രക്രിയയാണ്. അതുകൊണ്ട് തന്നെ ഈ വിധിയില്‍ അവരുടെ വേദന താന്‍ വിശ്വസിക്കുന്ന മദ്ഹബുകളും വിശുദ്ധ ഗ്രന്ഥവും ശരിയെന്ന് വ്യക്തമാക്കുന്ന ഒന്നിനെ രാഷ്ട്രം ആത്യന്തിക അപരാധമായി വിധിക്കുന്നതിലാണ്. ഒരു തരം ആട്ടിയോടിക്കലാണ് ഇത്. രാഷ്ട്രത്തിന്റെ തീര്‍പ്പുകളില്‍ നിന്റെ വിശ്വാസങ്ങള്‍ക്ക് ഇടമില്ലെന്ന് ആക്രോശിച്ച് അവനെ നിയമവ്യവസ്ഥയില്‍ കുറ്റവാളിയായി നിര്‍ത്തുകയാണ് ഈ വിധി ചെയ്യുന്നത്. ഉള്‍ക്കൊള്ളലിന് പകരം പുറത്താക്കല്‍ തന്നെ. ഇത് ഇവിടെയുള്ള മതേതരവാദികളുടെ നയമല്ല, മറിച്ച് സംഘ്പരിവാറിന്റെ യുക്തിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളും ദളിത് സമൂഹവും ഭൂരിപക്ഷ ബ്രാഹ്മണിക്കല്‍ മേധാവിത്വത്തിന് കീഴൊതുങ്ങി ജീവിക്കണമെന്ന ആക്രോശമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. മത, സാംസ്‌കാരിക ന്യൂനപക്ഷങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രകോപിതരാക്കുക, തുടര്‍ന്ന് നടക്കുന്ന പ്രതികരണങ്ങളെപ്പോലും ആയുധമാക്കുക ഇതാണ് തന്ത്രം. മുത്വലാഖ് വിധി ആഘോഷിക്കുന്ന രാജ്യത്തെ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും കോണ്‍ഗ്രസുകാരും മുസ്‌ലിം പുരോഗമന നാട്യക്കാരുമെല്ലാം ഈ തന്ത്രത്തിന്റെ നടത്തിപ്പുകാരായി മാറുകയാണ് ചെയ്യുന്നത്. വൈവിധ്യത്തിന് പകരം ഏകശിലാത്മകതയിലേക്കുള്ള സഞ്ചാരത്തിന് അവര്‍ വേഗം പകരുന്നു. സമുദായത്തിനകത്ത് തന്നെയുള്ള പുരോഗമന നാട്യക്കാരും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്ന് പുരകത്തുമ്പോള്‍ വാഴവെട്ടുന്നു. മത തത്വങ്ങളുടെ അക്ഷര വായന നടത്തിയും യുക്തിവത്കരിച്ചും അവര്‍ ഉണ്ടാക്കിയെടുത്ത പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് പോകുന്നു എന്ന ഒറ്റക്കാരണത്താല്‍ മതസ്വത്വത്തെ മുഴുവന്‍ ഒറ്റിക്കൊടുക്കുന്നു. വിശ്വാസികള്‍ സംവത്സരങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന എല്ലാ മൂല്യങ്ങളെയും രാഷ്ട്രീയ വ്യവഹാരത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞ് അവര്‍ കൈകൊട്ടി ചിരിക്കുന്നു.

ഈ വിധിയിലൂടെ മുസ്‌ലിംകളുടെ വിവാഹ നിയമങ്ങളെ മുഴുവന്‍ വ്യവഹാര ഹേതുവാക്കുകയാണ് ചെയ്യുന്നത്. ത്വലാഖ് ഒന്നാകെ കോടതി കയറും. ഉഭയകക്ഷി സമ്മതത്തിന്റെയും യുക്തിയുടെയും പ്രശ്‌നം കടന്നുവരും. വിശ്വാസിക്ക് അവന്റെ സമസ്ത ജീവിതവും കൃത്യമായ വിധിവിലക്കുകളാല്‍ നിര്‍ണിതമാണ്. അതില്‍ പലതും യുക്തിയുടെ പരിധിയില്‍ വരുന്നതായിരിക്കില്ല. കേവല യുക്തിയില്‍ നോക്കുമ്പോള്‍ അതില്‍ പലതും വ്യക്തി അവകാശമെന്ന പാശ്ചാത്യ പരികല്‍പ്പനക്ക് പുറത്താണെന്ന് തോന്നും. അവിടെയാണ് മതപരമായ അവകാശങ്ങള്‍ മൗലികാവകാശമല്ല എന്ന വിധി കടന്ന് വരിക. എന്നുവെച്ചാല്‍ മതപരമായ ഏത് മൂല്യത്തിലേക്കും കോടതി കടന്ന് കയറുന്ന സ്ഥിതിയുണ്ടാകുമെന്ന് തന്നെയാണ് മനസ്സിലക്കേണ്ടത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest