Connect with us

Gulf

പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും നൂറ് ശതമാനം നികുതി വരുന്നു

Published

|

Last Updated

ദുബൈ: പുകയില ഉത്പന്നങ്ങള്‍, ഊര്‍ജദായക പാനീയങ്ങള്‍, രാസ പാനീയങ്ങള്‍ എന്നിവക്ക് എക്‌സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. നികുതി ഈ വര്‍ഷം അവസാന പാദത്തില്‍ പ്രാബല്യത്തിലാക്കുമെന്ന് ദുബൈ ഉപഭരണാധികാരിയും യു എ ഇ ധന മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജ പാനീയങ്ങള്‍ക്കും നൂറ് ശതമാനമാണ് നികുതി. രാസ പാനീയങ്ങള്‍ക്ക്് 50 ശതമാനം നികുതിയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിലൂടെ “സര്‍ക്കാറിന്റെയും സ്രോതസ്സുകളുടെയും വരുമാനം വര്‍ധിക്കും, രാജ്യത്തിന്റെ സുസ്ഥിര വികസനം സാധ്യമാകും.”ആരോഗ്യകരവും സുരക്ഷിതവുമായ സമൂഹ നിര്‍മിതിക്കും ഇത് വഴിവെക്കുമെന്നും ഫെഡറല്‍ ടാക്‌സ് അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി. സഊദി അറേബ്യ ഈ വര്‍ഷം ജൂണില്‍ എക്‌സൈസ് നികുതി ഏര്‍പെടുത്തിയിരുന്നു. ജനുവരി ഒന്നിന് ജി സി സി രാജ്യങ്ങള്‍ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പെടുത്തുകയുമാണ്. എണ്ണ വില കുത്തനെ കുറഞ്ഞതാണ് നികുതികള്‍ ഏര്‍പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. അതേസമയം നികുതികള്‍ യു എ ഇ യില്‍ 1.4 ശതമാനം നാണയപ്പെരുപ്പത്തിന് കാരണമാകുമെന്ന് ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി പറഞ്ഞു. 250 കമ്പനികള്‍ക്കാണ് എക്‌സൈസ് നികുതി ബാധകമാകുക. വാറ്റ് രജിസ്‌ട്രേഷന്‍ അടുത്ത മാസം തുടങ്ങും. എക്‌സൈസ് നിരക്ക് ഏതുതരത്തില്‍ ഏര്‍പെടുത്താമെന്ന് മന്ത്രിസഭക്ക് തീരുമാനിക്കാം. പക്ഷേ, 200 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല.

ഇതിനിടയില്‍, വാറ്റ് വരുന്നതോടെ, വാഹന ഇന്‍ഷൂറന്‍സ് നിരക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്വത്ത്, ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളും ചെലവേറിയതാകും. മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ നഴ്‌സറികളും വിദ്യാലയങ്ങളും വരില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഉപദേശക സായിദ അല്‍ ഖദൂമി പറഞ്ഞു. എന്നാല്‍ സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യം തീരുമാനിച്ചിട്ടില്ല.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest