ബറക ആണവ നിലയം; ഉത്പാദനം അടുത്തവര്‍ഷം മുതല്‍

Posted on: August 22, 2017 8:50 pm | Last updated: August 22, 2017 at 8:50 pm
SHARE

അബുദാബി: ഗള്‍ഫ് മേഖലയിലെ ആദ്യത്തെ സമാധാനപൂര്‍ണ ആണവോര്‍ജ പദ്ധതിയായ ബറക ആണവോര്‍ജ നിലയം അടുത്ത വര്‍ഷം മുതല്‍ ഊര്‍ജം ഉല്‍പാദിപ്പിച്ചു തുടങ്ങാനാകുമെന്ന് അബുദാബി ഫെഡറല്‍ അഥോറിറ്റി ഓഫ് ന്യൂക്ലിയര്‍ റെഗുലേഷന്‍ (എഫ് എന്‍ ആര്‍) അധികൃതര്‍ അറിയിച്ചു.

യു എ ഇയുടെ സമാധാനപരമായ ആണവോര്‍ജ പരിപാടി 2020ഓടെ പൂര്‍ണമായും ലക്ഷ്യത്തിലെത്തും.
നിര്‍മാണം പൂര്‍ത്തിയായ ബറക ആണവോര്‍ജ പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ അടുത്ത വര്‍ഷം മാത്രമേ ഉദ്ഘാടനംചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ നേരെത്തേ വ്യക്തമാക്കിയിരുന്നു. 2015 മാര്‍ച്ചിലാണ് സമാധാന ആണവോര്‍ജ റിയാക്റ്ററിന് അപേക്ഷ ലഭിച്ചത്.
15000 പേജുള്ള അപേക്ഷയായിരുന്നു. അന്നുമുതല്‍ ഞങ്ങള്‍ ആണവോര്‍ജം സംബന്ധിച്ചു പഠിക്കുകയായിരുന്നു. യു എ ഇയുടെ ആണവ പരിപാടിക്ക് നിയന്ത്രണവും മേല്‍നോട്ടവും വഹിക്കുന്ന ഫെഡറല്‍ അഥോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ബറക ആണവോര്‍ജ പദ്ധതിയില്‍ നാല് നിലയങ്ങളാണുള്ളത്. പൂര്‍ണമായും യാഥാര്‍ഥ്യമാകുന്നതോടെ യു എ ഇയുടെ വൈദ്യുതി ആവശ്യത്തില്‍ 25 ശതമാനം നാലു റിയാക്ടറുകള്‍ നല്‍കും.
അടിയന്തിര ഘട്ടങ്ങളില്‍ കൈകാര്യം ചെയ്യേണ്ടുന്ന സുരക്ഷാ പദ്ധതികള്‍ പരിശോധിക്കേണ്ടതുണ്ട്, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ (എന്‍ എന്‍ ഇ സി) അറിയിച്ചു.