പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക

  • സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം സബ്‌സിഡി.
Posted on: August 22, 2017 8:37 pm | Last updated: September 5, 2017 at 3:20 pm

അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക മറ്റൊരു പുതിയ പദ്ധതി ആവിഷ്‌കരിച്ചു. നിതാഖാതും മറ്റും കാരണം തൊഴില്‍ നഷ്ടപെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങാകാനുള്ള നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് പദ്ധതിയുടെ ഭാഗമായാണിത്.
തിരികെയെത്തിയ പ്രവാസികളെ സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ രക്ഷപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നല്‍കും. ഇതില്‍ 15 ശതമാനം തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുന്നതാണ് ലോണ്‍തുകയുടെ 15 ശതമാനം. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതിയാകും. അതിനു 3 വര്‍ഷം വരെ തിരിച്ചടവ് ആവശ്യമില്ല.
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 15 ശതമാനം സൗജന്യവുമായിരിക്കും.
വ്യവസായം ആരംഭിക്കാനാവുന്ന മേഖലകള്‍;

കാര്‍ഷിക വ്യവസായം, കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്‌കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ. കച്ചവടം (പൊതു വ്യാപാരം, വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍) സേവനങ്ങള്‍ (റിപ്പയര്‍ ഷോപ്പ്, റസ്‌റ്റോറന്റുകള്‍, ടാക്‌സി സര്‍വീസുകള്‍, ഹോംസ്‌റ്റേ തുടങ്ങിയവ) ഉത്പാദനം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ലിങ് , ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)