ഒറ്റപ്പെടലിന് അറുതിയായി; കുഞ്ഞിക്കദിയ ഇനി സ്‌നേഹ വീട്ടില്‍

Posted on: August 22, 2017 5:57 pm | Last updated: August 22, 2017 at 5:57 pm

കോട്ടക്കല്‍: ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലില്‍ നിന്നും മോചിതയായി കുഞ്ഞിക്കദിയ ഇനി സ്‌നേഹവീട്ടില്‍. പ്രായവും രോഗവും തളര്‍ത്തി തകര്‍ന്ന് തീരാറായ തന്റെ വീട്ടില്‍ ഏകാന്ത ജീവിതം നയിച്ചുവന്ന കോട്ടൂര്‍ മുതുവത്തിന്‍ മുകളില്‍ കോളനിയിലെ ആനപ്പടിക്കല്‍ കുഞ്ഞിക്കദിയക്കാണ് സന്നദ്ധ പ്രവര്‍ത്തകരുടെ കൈത്താങ്ങില്‍ തിരൂര്‍ സ്‌നേഹ വീട്ടില്‍ അതിഥിയായി കഴിയാനായത്.

ആരോഗ്യ കാലത്ത് തൊഴില്‍ എടുത്തും നാട്ടുകാരുടെ സഹായത്താലും കഴിഞ്ഞുവന്ന ഇവര്‍ ഇടിഞ്ഞ് വീഴാറായ വീട്ടില്‍ തനിച്ചുകഴിയുകയായിരുന്നു. രോഗം തളര്‍ത്തിയതോടെ ജീവിതം നരക യാതനയായി. അയല്‍വാസികളുടെ സഹായമാണ് ഇത്രയും കാലം പിടിച്ചുനിര്‍ത്താനായത്.
കുറച്ചു നാളുകളായി രോഗം പിടിച്ച് വീട്ടില്‍ കിടപ്പിലായ ഇവരുടെ അവസ്ഥ കണ്ടറിഞ്ഞ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് സുരക്ഷ ഒരുക്കിയത്.

കോട്ടക്കല്‍ ജനമൈത്രി പോലീസും കോട്ടക്കല്‍ എയിഞ്ചല്‍ വനിതാ ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് ഇവരെ സ്‌നേഹ വീട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി ലൈലാ റശീദ്, സന്നദ്ധ പ്രവര്‍ത്തക ടി വി മുംതാസ് എന്നിവര്‍ ചേര്‍ന്നാണ് തിരൂര്‍ സ്‌നേഹ വീട്ടിലെത്തിച്ചത്.