Connect with us

Kerala

ദിലീപിന്റെ ജാമ്യ ഹർജിയിൽ വാദം തുടരുന്നു; കസ്റ്റഡി കാലാവധി നീട്ടി

Published

|

Last Updated

കൊച്ചി/അങ്കമാലി:കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രതിഭാഗം വാദം നാളെയും തുടരും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും.

നടിയെ ആക്രമിച്ചത് ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിക്ക് ദിലീപ് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ആവര്‍ത്തിച്ച് പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വെളളിയാഴ്ച ദിലിപീന്റെ ജാമ്യാപേക്ഷ ഹൈക്കോടതിക്കു മുന്നിലെത്തിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അസൗകര്യം പരിഗണിച്ചു വാദത്തിനായി ചൊവ്വാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു.ചില പൊലീസ് ഉദ്യോഗസ്ഥരും സിനിമാ മേഖലയിലെ ചിലരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്ന വാദമാണു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. തനിക്കെതിരെ തെളിവൊന്നുമില്ലെന്നും എല്ലാ കെട്ടിച്ചമച്ചതാണെന്നും കോടതിയെ ബോധ്യപ്പെടുത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ നീക്കം. എന്നാല്‍ ദിലീപിനു ജാമ്യം നല്‍കരുതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ നിശിതമായി എതിര്‍ക്കുന്ന സത്യവാങ്മൂലവും അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്.

അതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സെപ്തംബര്‍ രണ്ടുവരെ നീട്ടി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.

 

Latest