Connect with us

Kerala

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നും നിയമസഭയില്‍ ബഹളംവെച്ചു. പ്ലക്കാര്‍ഡുകളുമായി നിയമസഭയില്‍ എത്തിയ അംഗങ്ങള്‍ മന്ത്രി ചോദ്യോത്തര വേളയില്‍ മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളി തുടങ്ങി. ബഹളത്തിനിടെ മന്ത്രി മറുപടി നല്‍കിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ചോദ്യോത്തര വേള പൂര്‍ത്തിയായതോടെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രമേയം. ഇതിന് ആരോഗ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ പ്രക്ഷുബ്ധമായി. അടിയന്തര പ്രമേയത്തിന് മന്ത്രി തന്നെ മറുപടി പറയുമെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഇതോടെ മന്ത്രി തന്നെ ചോദ്യത്തിന് മറുപടി നല്‍കി. പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ പ്രതിഷേധം തുടരുകയാണ്.

അതിനിടെ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ശ്രീ വിപി സജീന്ദ്രന്‍, ശ്രീ എന്‍ ഷംസുദ്ദീന്‍, ശ്രീ റോജി എം ജോണ്‍, ശ്രീ എല്‍ദോസ് കുന്നപ്പള്ളി, ശ്രീ ടി വി ഇബ്രാഹീം എന്നിവരാണ് ഇന്നലെ സത്യഗ്രഹം ആരംഭിച്ചത്.

സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അനധികൃത നിയമനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മന്ത്രിയെ ബഹിഷ്‌കരിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Latest