ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാക്ക് നടപടിയോട് ക്ഷമിക്കാനാവില്ലെന്ന് ട്രംപ്

Posted on: August 22, 2017 8:04 am | Last updated: August 22, 2017 at 10:38 am

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയോട് ക്ഷമിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പാക്കിസ്ഥാനുമായി സൈനിക സഹകരണം ഇനി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ പുതിയ ദക്ഷിണേഷ്യന്‍ സുരക്ഷാ നയം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്ഥാനില്‍ സജീവമാണെന്ന് ട്രംപ് പറഞ്ഞു. ആ രാജ്യത്തെ ജനങ്ങള്‍ തീവ്രവാദത്തിന്റെ ഇരകളാണ് എന്നിട്ടും അവർ തീവ്രവാദികളെ സംരക്ഷിക്കുകയാണെന്നും ട്രം‌പ് കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കൂടുതൽ സെെനികരെ അഫ്ഗാനിൽ വിന്യസിക്കും. അമേരിക്കയുടെ അഫ്ഗാന്‍ നയത്തെ പാക്കിസ്ഥാന്‍ പിന്തുണച്ചാല്‍ അവര്‍ക്ക് അത് നേട്ടമായിരിക്കും. അല്ലെങ്കില്‍ ശക്തമായ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.