Connect with us

Articles

വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തമിഴ് മുസ്ലിം മാതൃകകള്‍

Published

|

Last Updated

തമിഴ് നാട്ടിലെ ഈറോഡില്‍ നടന്ന അല്‍ അമീന്‍ എന്‍ജിനീയറിംഗ് കോളജിന്റെ ബിരുദ ദാന ചടങ്ങില്‍ കഴിഞ്ഞ ദിവസം ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കൊപ്പം പങ്കെടുക്കാന്‍ ഇടവന്നു. വിവിധ വ്യാവസായിക- തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരുപറ്റം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ അല്‍ അമീന്‍ കോളജ്, സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവര്‍ക്കും ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ്. ഈ മേഖലയില്‍ സുത്യര്‍ഹമായ പല നേട്ടങ്ങളും കൈവരിക്കാന്‍ അവര്‍ക്കു സാധിച്ചിട്ടുമുണ്ട്.

മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴില്‍ തമിഴ് നാട്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ദീര്‍ഘ കാലത്തെ അനുഭവം പല തരത്തിലുള്ള ഉള്‍ക്കാഴ്ചകളും നല്‍കിയിട്ടുണ്ട്. വികസന കാര്യങ്ങളില്‍ മലയാളികള്‍, പ്രത്യേകിച്ചും മലയാളി മുസ്‌ലിംകള്‍ നേടി എന്നവകാശപ്പെടുന്ന പല അവകാശ വാദങ്ങളെയും കുറിച്ചുള്ള ചരിത്രപരവും രാഷ്ട്രീയവുമായ പുനരാലോചനകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നതാണ് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ തമിഴ് മുസ്‌ലിംകളുടെ അനുഭവങ്ങള്‍.

ആറു ശതമാനത്തില്‍ താഴെയാണ് തമിഴ് നാട്ടിലെ മുസ്‌ലിം ജന സംഖ്യ. കേരളത്തിലെ 26 ശതമാനം എന്ന കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുലോം കുറവ്. കേരളത്തിലേതു പോലെ സംഘടിതമായ സാമുദായിക രാഷ്ട്രീയ സംഘടനകളും തമിഴ്‌നാട്ടില്‍ ഇല്ല. എണ്ണത്തിന്റെ കണക്കെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്താന്‍ മാത്രം വലിയ സമൂഹമല്ല അവിടെയുള്ളത്. ഭരണ-രാഷ്ട്രീയ രംഗത്ത് മലയാളി മുസ്‌ലിംകള്‍ അവകാശപ്പെടുന്ന തരത്തിലുള്ള മേനികളൊന്നും തമിഴ്‌നാട്ടില്‍ ഇല്ല തന്നെ. ജനസംഖ്യക്ക് ആനുപാതികമായി നിയമ നിര്‍മാണ സഭകളിലോ മന്ത്രിസഭകളിലോ അവിടെ ഒരിക്കലും മുസ്‌ലിംകള്‍ക്കു പ്രാതിനിധ്യം കിട്ടിയിട്ടുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മുസ്‌ലിം എം എല്‍ എ മാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രസകരമായ വസ്തുത ഇതില്‍ ഒരാള്‍ മാത്രമാണ് സാമുദായിക പശ്ചാത്തലം അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. ബാക്കി അഞ്ചുപേരും വിവിധ ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മത്സരിച്ചു ജയിച്ചുവന്നവരാണ്. പക്ഷേ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ മുസ്‌ലിം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഈ പ്രാതിനിധ്യക്കുറവ് ഏതെങ്കിലും തരത്തിലുള്ള തടസ്സം സൃഷ്ടിച്ചിട്ടില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്നു.

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സഹായത്തോടെ മുസ്‌ലിംകളുടെ മുന്‍കൈയില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിലവിലുള്ളതിലും അധികമാണ്. ഉലമാക്കളുടെയും ഉമറാക്കളുടെയും സാദാത്തുക്കളുടെയും മുന്‍കൈയില്‍ രൂപം കൊണ്ട പ്രാദേശിക പാരമ്പര്യ മുസ്‌ലിം കൂട്ടായ്മകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ മിക്കവയുടെയും നടത്തിപ്പുകാര്‍ എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരുവസ്തുത.

പരിമിതമായ മാനുഷിക വിഭവ ശേഷിയും പശ്ചാത്തല സൗകര്യങ്ങളും മാത്രമേ കൈമുതലായി ഉള്ളൂവെങ്കിലും തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ മുസ്‌ലിംകള്‍ സജീവ സാന്നിധ്യമാണിന്ന്. മാത്രമല്ല, വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്‌കാരിക-വികസന സൂചികകളുടെ കാര്യത്തില്‍ വലിയ നേട്ടം കൈവരിച്ചു എന്നവകാശപ്പെടുന്ന കേരളത്തിലെ മുസ്‌ലിംകള്‍ പോലും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ഇന്നും വന്‍ തോതില്‍ ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ മുസ്‌ലിം എയ്ഡഡ് കോളജുകളെയാണ് എന്ന വസ്തുത മലയാളികളുടെ പല അവകാശ വാദങ്ങളെയും റദ്ദ് ചെയ്യുന്നുണ്ട്. കേരളത്തിലെ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ എയ്ഡഡ് കോളജുകളില്‍ നിന്നുമായി ഒരുവര്‍ഷം സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടുന്ന മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണത്തെക്കാളേറെ മലയാളി മുസ്‌ലിം വിദ്യാര്‍ഥികള്‍ തിരുച്ചിറപ്പള്ളിയിലെ ജമാല്‍ മുഹമ്മദ് കോളജില്‍ നിന്നു മാത്രം പുറത്തിറങ്ങുന്നുണ്ട് എന്നു ഒരു സ്‌നേഹിതന്‍ സൂചിപ്പിക്കുകയുണ്ടായി.

കേരളത്തിലെ ഒരു ശരാശരി മുസ്‌ലിം കുടുംബത്തിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ തമിഴ് നാട്ടിലെ മുസ്‌ലിം കുടുംബത്തിന് ലഭിക്കുന്നുണ്ട് എന്നാണു മനസ്സിലാക്കാനായത് . മുസ്‌ലിം ഉടമസ്ഥതയില്‍ ഉള്ള ഭൂമികളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഗവണ്മെന്റ് താത്പര്യം കാണിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.

മുന്‍പ്രസിഡന്റ്എ പി ജെ അബ്ദുല്‍കലാമിന്റെ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ വളര്‍ച്ച പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ രാമേശ്വരത്തെ പാരമ്പര്യ ഇസ്‌ലാമിക പശ്ചാത്തലം നല്‍കിയ ഊര്‍ജത്തെ കുറിച്ചു അദ്ദേഹം എഴുതിയിട്ടുണ്ട്. സൗത്ത് ഇന്ത്യയില്‍ നിന്നും രാജ്യത്തെ പരമോന്നത സ്ഥാനത്തെത്തിയ ഒരേയൊരു മുസ്‌ലിം തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ നിന്നും ഇസ്‌ലാമിന്റെ പാരമ്പര്യ വിശ്വാസാചാരങ്ങള്‍ പഠിച്ചു വളര്‍ന്ന എ പി ജെ അബ്ദുല്‍ കലാം ആയത് ഒട്ടും യാദൃശ്ചികമല്ല .
വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ ഉന്നത നേട്ടം കൈവരിച്ച നിരവധി തമിഴ് മുസ്‌ലിംകളെ വിദേശ യാത്രകള്‍ക്കിടയില്‍ പരിചയപ്പെടാന്‍ ഇട വന്നിട്ടുണ്ട്. 2008ല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരിക്കല്‍ അറ്റാന്റിക് എയര്‍പ്പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു സംഘം ഇന്ത്യന്‍ ചെറുപ്പക്കാരെ പരിചയപ്പെടുകയുണ്ടായി. ഉന്നത വിദ്യാഭ്യാസം നേടിയ തമിഴ്‌നാട്ടിലെ പാരമ്പര്യ മുസ്ലിം കുടുംബങ്ങളില്‍ നിന്നുമുള്ള പ്രഫഷണലുകളായിരുന്നു അവര്‍. മലേഷ്യയിലും സിംഗപ്പൂരിലും ജോലി ചെയ്യുന്ന കാലത്ത് പരിചയപ്പെട്ട ഇത്തരം നിരവധി തമിഴ് മുസ്‌ലിംകള്‍ ഉണ്ട്. പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരോട് അളവറ്റ ആദരവാണ് അവര്‍ക്ക്. ആത്മീയതയില്‍ അധിഷ്ഠിതമായ അറിവിനെ അവര്‍ ബഹുമാനിക്കുന്നു. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ള ഒരു പരമ്പരാഗത ഇസ്ലാമിക പണ്ഡിതനെ അല്‍ അമീന്‍ കോളജില്‍ നിന്നും ഈ വര്‍ഷം എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞിറങ്ങുന്ന 160 വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ ബിരുദദാന പ്രസംഗം നടത്താന്‍ ആ കോളജ് മാനേജ്മെന്റ് തീരുമാനം എടുത്തത് അത്തരം അവബോധത്തില്‍ നിന്നാണല്ലോ.

വ്യാപാര രംഗത്തു വന്‍ നേട്ടങ്ങള്‍ കൈവരിച്ചവരും തമിഴ് മുസ്‌ലിംകളില്‍ കുറവല്ല. ഇവര്‍ക്കുള്ള വലിയൊരു പ്രത്യേകത, തങ്ങള്‍ നേടിയ സൗകര്യങ്ങളും സമ്പാദ്യങ്ങളും സമൂഹത്തിലെ അശരണര്‍ക്കു കൂടി പങ്കുവെക്കാനുള്ള സന്നദ്ധതയാണ്. തമിഴ്‌നാട്ടിലെ മുസ്‌ലിം വിദ്യാഭ്യാസ മേഖലയില്‍ വലിയ മൂലധനം ഇത്തരം വ്യാപാര-വ്യവസായ പ്രമുഖരുടേതായിരുന്നുവെന്നു ഓരോ സ്ഥാപനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. ഉലമാക്കളും സാദാത്തുക്കളുമായുള്ള സമ്പര്‍ക്കമാണ് ഇത്തരമൊരു സാമൂഹിക വീക്ഷണം രൂപപ്പെടുത്തിയെടുക്കാന്‍ അവരെ സഹായിച്ചത്.

മത വിദ്യാഭ്യാസ മേഖലയിലും ഒരുകാലത്ത് തമിഴ് നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയായിരുന്നു മലയാളി മുസ്ലിംകളുടെ ആശ്രയം. തമിഴ്നാട്ടിലെ മഅബറില്‍ നിന്നും വന്ന മഖ്ദൂം കുടുംബമാണല്ലോ കേരളത്തില്‍ വ്യവസ്ഥാപിത രൂപത്തിലുള്ള മത വിജ്ഞാനത്തിന്റെ വെളിച്ചം പരത്തിയത്. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതിയ മതപണ്ഡിതന്മാരെയും ആത്മ ജ്ഞാനികളെയും തമിഴ്നാട് സംഭാവന ചെയ്തിട്ടുണ്ട്. തമിഴ് മുസ്ലിം പണ്ഡിതന്മാരുടെ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുള്ള പഠനങ്ങള്‍ വിവിധ വിദേശ യൂണിവേഴ്സിറ്റികളില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

എഴുപതുകള്‍ക്കു ശേഷമാണ് മതപഠന മേഖലയില്‍ മലയാളി മുസ്ലിംകള്‍ കുറേക്കൂടി സ്വയം പര്യാപ്തത കൈവരിച്ചത്. ഭൗതിക പഠന രംഗത്താവട്ടെ ഇപ്പോഴും തമിഴ് മുസ്ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളെ കൂടി ആശ്രയിച്ചാണ് നമ്മുടെ നില്‍പ്പ്. മലയാളികളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തമിഴ് മുസ്ലിംകള്‍ ഒട്ടും പിശുക്കു കാണിക്കാറുമില്ല. മര്‍കസില്‍ നിന്നും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഫീസിളവുകളും നല്‍കാന്‍ തമിഴ് നാട്ടിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. എന്‍ജിനീയറിംഗ് പഠനത്തോടൊപ്പം ശരീഅത്ത് പഠനത്തിന് ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കിത്തന്നത് കീളക്കരയിലെ സദഖ് സ്ഥാപനങ്ങളാണ്. സൂഫിവര്യനായ സദഖത്തുല്ലാഹില്‍ ഖാഹിരിയുടെ പേരിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ നടന്നുവെന്ന് പലരും അവകാശപ്പെടുന്ന മുസ്ലിം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ മതത്തെ ഭൗതിക പഠനത്തിന്റെ പടിക്കു പുറത്തു നിര്‍ത്തിയപ്പോള്‍ തമിഴ്നാട്ടിലെ മുസ്ലിം അനുഭവം നേരെ മറിച്ചാണ്. പാരമ്പര്യത്തെ നിരാകരിച്ചുകൊണ്ടുള്ള ആധുനികതയല്ല, മറിച്ച് മതത്തെയും മതകീയ മൂല്യങ്ങളെയും കൂട്ടിപ്പിടിച്ചുകൊണ്ടുള്ള മാറ്റങ്ങളാണ് അവര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ താടിയും തലപ്പാവും ധരിച്ച അധ്യാപകരും വിദ്യാര്‍ഥികളും നടത്തിപ്പുകാരും തമിഴ്നാട്ടിലെ കോളജ് കാമ്പസുകളില്‍ ഒരപൂര്‍വ കാഴ്ചയല്ല. പെണ്‍കുട്ടികളുടെ പഠന കാര്യത്തില്‍ വലിയ താത്പര്യം കാണിക്കുന്നതോടൊപ്പം തന്നെ, അത് പൂര്‍ണമായും ഇസ്ലാമികാന്തരീക്ഷത്തില്‍ നടത്താന്‍ തമിഴ് മുസ്ലിംകള്‍ കാണിക്കുന്ന ആത്മവിശ്വാസം പ്രശംസനീയമാണ്.

കേരളത്തിലേതു പോലെ കൊട്ടിഘോഷിക്കപ്പെടുന്ന യാതൊരുവിധ രാഷ്ട്രീയ പാരമ്പര്യമോ പശ്ചാത്തല സൗകര്യങ്ങളോ അവകാശപ്പെടാനില്ലാതെയാണ് തമിഴ് മുസ്ലിംകള്‍ ഈ നേട്ടങ്ങളൊക്കെയും കൈവരിച്ചതെന്ന വസ്തുത, മുസ്ലിം വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ചുള്ള നമ്മുടെ പാടിപ്പതിഞ്ഞ സാമൂഹിക വീക്ഷണങ്ങളെകുറിച്ചുള്ള പുനരാലോചനകള്‍ക്കു വഴി തുറക്കുന്നുണ്ട്. അത്തരം പാഠങ്ങള്‍ ഈ സമുദായത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ കൂടുതല്‍ ചലനാത്മകമാക്കുകയേ ഉള്ളൂ.

Latest