മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി

  • അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ ചീഫ് ജസ്റ്റിസും ജസ്റ്റിസ് നസീറും മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധിച്ചു
  • ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പറഞ്ഞത്.
  • മുത്തലാഖ് വിശുദ്ധ ഖുർആന് എതിരെന്ന് ജസ്റ്റിസ് കുര്യൻ വിധിപ്രസ്താവത്തിൽ പറഞ്ഞു.
  • മുത്തലാഖ് അംഗീകരിക്കാനാകാത്ത വിവാഹമോചന രീതിയെന്ന് ജസ്റ്റിസ് നരിമാൻ
Posted on: August 22, 2017 12:38 pm | Last updated: August 23, 2017 at 9:50 am
SHARE

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാർ ഉൾപ്പെടെ രണ്ട് ജഡ്ജിമാർ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കി. മുത്തലാഖ് വിഷയത്തിൽ ആറ് മാസത്തിനകം പാർലിമെൻറ് നിയമം പാസ്സാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം പാടില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പറഞ്ഞത്. ജസ്റ്റിസ് ഖഹാറു‌ം ജസ്റ്റിസ് എസ് അബ്ദുൽ നസീറും ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് വിധിച്ചു. ഭൂരിഭാഗം വിധിച്ചത് ഭരണഘടനാ വിരുദ്ധം എന്നായതിനാൽ ഇതാണ് അന്തിമ വിധിയായി പുറത്തുവരിക.

മുത്തലാഖ് ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖഹാർ നിരീക്ഷിച്ചു. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ ഇത് ലംഘിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുത്തലാഖ് വർഷങ്ങളായി ഒരു സമുദായം ആചരിച്ചു വരുന്ന ഒന്നാണ്. ഇതിന് ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് പരിരക്ഷ ഉണ്ട്. അതിനാൽ തന്നെ കോടതിക്ക് ഒറ്റയടിക്ക് ഇത് നിർത്തലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. ജസ്റ്റിസ് നസീറും ഇതിനെ പിന്തുണച്ചു.

മുത്തലാഖ് വിശുദ്ധ ഖുര്‍ആന് എതിരാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിപ്രസ്താവത്തില്‍ പറഞ്ഞു. ഖുര്‍ആന്‍ അംഗീകരിക്കാത്ത ഒന്നിന് ഭരണഘടനാ സാധുത നല്‍കാനാകില്ല. ഇസ്ലാമിക നിയമത്തിന് നാല് ഉറവിടങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാമത്തേത് ഖുര്‍ആനാണ്. മറ്റു മൂന്നും ഖുര്‍ആന് അനുബന്ധമായി വരുന്നതാണ്. അതിനാല്‍ ഖുര്‍ആനില്‍ പറയുന്നതിന് വിരുദ്ധമായി മറ്റൊന്നും അംഗീകരിക്കാനാകില്ല. അതുകൊണ്ട് തന്നെ മുത്തലാഖ് ശരീഅത്തിന് വിരുദ്ധമാണെന്നുഠ ജസ്റ്റിസ് കുര്യന്‍ ചൂണ്ടിക്കാട്ടി.

മുത്തലാഖ് വിവാഹ മോചനത്തിലെ അംഗീകരിക്കാനാകാത്ത രീതിയാണെന്ന് ജസ്റ്റിസ് ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്‍ വിധി പ്രസ്താവത്തില്‍ പറഞ്ഞു. ഹനഫി നിയമം അനുസരിച്ച് മുത്തലാഖ് പാപമാണ്. പരാതിക്കാര്‍ കോടതിയില്‍ എത്തുമ്പോള്‍ കൈമലര്‍ത്താന്‍ സാധിക്കില്ല. അത് നിയമപരാമയി നിലനില്‍ക്കുന്നതാണോ അല്ലയോ എന്ന് കോടതിക്ക് പറയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മുത്തലാഖ്

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് വിധി. ഭര്‍ത്താവ് കത്ത് വഴി മുത്തലാഖ് ചൊല്ലിയതിന് എതിരെ ഉത്തരാഖണ്ഡ് സ്വദേശിയായ സൈറാ ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പറഞ്ഞത്.

കേസില്‍ വിവിധ സംഘടനകള്‍ അനുകൂലമായും പ്രതികൂലമായും കക്ഷി ചേര്‍ന്നിരുന്നു. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നിവരാണ് ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി കക്ഷി ചേര്‍ന്നത്. അഖിലേന്ത്യാ വ്യക്തിനിയമബോര്‍ഡ് ഹര്‍ജിക്കാര്‍ക്ക് എതിരെ കക്ഷി ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാറും കേസില്‍ കക്ഷിയായിരുന്നു.