എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ

Posted on: August 21, 2017 9:17 pm | Last updated: August 22, 2017 at 8:06 am

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ ശിപാര്‍ശ. അലവന്‍സുകള്‍ അടക്കം നിയമസഭാ സാമാജികരുടെ ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ ജയിംസ് കമ്മറ്റി സ്പീക്കര്‍ക്ക് കൈമാറി. നിലവില്‍ 39,500 രൂപയാണ് എംഎല്‍എമാരുടെ ശമ്പളം. ഇത് അലവന്‍സുകള്‍ ഉള്‍പ്പെടെ 80,000 രൂപയാക്കാനാണ് ശിപാര്‍ശ.

അതിനിടെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ ജനപ്രതിനിധികളില്‍ നിന്നും ഈടാക്കിയിരുന്ന വാടക നിരക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് റെസ്റ്റ് ഹൗസുകളില്‍ എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും ഈടാക്കുന്ന വാടക തന്നെ സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളില്‍ നിന്നും ഈടാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം എംഎല്‍എമാരും എംപിമാരും ദിവസം 50 രൂപ മാത്രം വാടക നല്‍കിയാല്‍ മതിയാകും. എയര്‍കണ്ടീഷന് ദിവസ വാടക 25 രൂപ നല്‍കിയാല്‍ മതി. മുന്‍കാല പ്രാബല്യത്തോടെ ഉത്തരവ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം