Connect with us

Kerala

നിയമനങ്ങള്‍ വ്യക്തിപരമായ തീരുമാനമല്ല; ഉത്തരവാദിത്വം സര്‍ക്കാറിനും കൂടിയെന്ന്: കെ.കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം : ബാലാവകാശ കമ്മീഷനിലേതുപോലുള്ള നിയമനങ്ങള്‍ മന്ത്രിയുടെ വ്യക്തിപരമായ തീരുമാനമല്ലെന്നും താന്‍ കൂടി ഉള്‍പ്പെട്ട സര്‍ക്കാരിനാണ് നിയമനത്തിന്റെ ഉത്തരവാദിത്വമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്വന്തം കാര്യം നേടാന്‍ വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നയാളല്ല താനെന്ന് ജനങ്ങള്‍ക്കറിയാം. ബാലാവകാശ കമ്മിഷന്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് മാദ്ധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. തനിക്കെതിരായ പരാമര്‍ശം വിധിയില്‍ ഉള്‍പ്പെടുത്തും മുമ്പ് ഹൈക്കോടതി തന്റെ ഭാഗം കേട്ടിരുന്നില്ല. പരാമര്‍ശം നീക്കിക്കിട്ടാനായി കോടതിയെ സമീപിക്കും. അപ്പോള്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

കൂടുതല്‍ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരെ കിട്ടാന്‍ വേണ്ടിയാണ് ബാലാവകാശ കമ്മിഷനിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി നല്‍കിയത്. അതനുസരിച്ച് കൂടുതല്‍ പേര്‍ അപേക്ഷിക്കുകയും അഭിമുഖം നടത്തി നിയമനം പൂര്‍ത്തിയാക്കുകയും ചെയ്തു. കമ്മീഷനിലേക്കു തിരഞ്ഞെടുത്ത ആറു പേരും സി.പി.എമ്മുകാരല്ല. നാലു പേര്‍ മുന്‍പു ശിശുക്ഷേമ സമിതി അംഗങ്ങളായി പ്രവര്‍ത്തിച്ചവരാണ്. രണ്ടു പേര്‍ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിലൊരാള്‍ കന്യാസ്ത്രീയുമാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാലാവകാശ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കാന്‍ രണ്ടു തവണയാണു വിജ്ഞാപനമിറക്കിയത്. അതു തെ?റ്റാണെന്നു ഞാന്‍ പറയുന്നില്ല. കഴിവുള്ളവരെ കിട്ടാന്‍ വീണ്ടും അപേക്ഷ ക്ഷണിക്കേണ്ടി വരും. സദാചാര വിരുദ്ധ കേസുകളില്‍ പ്രതികളായവര്‍ കമ്മിഷനിലേക്കു വരുന്നതു വിലക്കാന്‍ മാത്രമേ നിയമമുള്ളൂ. കമ്മിഷന്‍ അംഗമായി തിരഞ്ഞെടുത്ത ടി.ബി. സുരേഷ് ഇത്തരം കേസുകളില്‍ പ്രതിയല്ല. ആറ് അംഗങ്ങളുടെയും നിയമനത്തിനു മുന്‍പ് വിജിലന്‍സിന്റെ ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ട്. നിയമവകുപ്പിന്റെയും അഭിപ്രായം തേടിയിരുന്നെന്നും മന്ത്രി പറഞ്ഞു

Latest