അപരാജിതം, അനായാസം ബര്‍ശിം

Posted on: August 21, 2017 3:25 pm | Last updated: August 21, 2017 at 4:12 pm
ബര്‍മിംഗ്ഹാം ഡയമണ്ട്‌ലീഗില്‍ ഖത്വറിന്റെ മുതാസ് ഈസ ബര്‍ശിമിന്റെ പ്രകടനം

ദോഹ: ബര്‍മിംഗ്ഹാം ഡയമണ്ട്‌ലീഗിലും അപരാജിതനായി ഹൈജംപ് ലോക ചാംപ്യന്‍ മുതാസ് ഈസ ബര്‍ശിമിന്റെ കുതിപ്പ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയും മീറ്റ് റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചുമാണ് ഈ സീസണിലെ തുടര്‍ച്ചയായ അഞ്ചാം ഡയമണ്ട് ലീഗ് നേട്ടമാണ് ബര്‍ശിം ചാടിപ്പിടിച്ചത്. ബര്‍ശിമിന്റെ ഭാഗ്യവേദി കൂടിയായ ബ്രിട്ടനിലെ ബര്‍മിംഗ്ഹാമില്‍ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ 2.40 മീറ്റര്‍ താണ്ടിയാണ് ഒന്നാമതെത്തിയത്. ബര്‍ശിമിന് വെല്ലുവിളിയാകുമെന്ന് കരുതിയിരുന്ന ബ്രിട്ടീഷുകാരനായ റോബി ഗ്രബാര്‍സ് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പത്ത് പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഏറ്റവും അവസാനമാണ് ബര്‍ശിം ചാടിയത്. ബര്‍ശിമിന് തൊട്ടുമുമ്പില്‍ ചാടിയ സിറിയയുടെ മജീദുദ്ദീന്‍ ഗസലിന്റെ 2.31 മീറ്റര്‍ ഉയരം ആദ്യതവണ തന്നെ ബര്‍ശിം 2.33 മീറ്ററോടെ മറികടന്നു. പിന്നീടുള്ള ശ്രമത്തില്‍ 2.35 മീറ്റര്‍ മറികടക്കുകയും ശേഷം 2.39 എന്ന മീറ്റ് റെക്കോര്‍ഡ് പഴങ്കഥയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആ ശ്രമത്തിലാണ് 2.40 മീറ്റര്‍ ഉയരം താണ്ടിയത്. മജീദുദ്ദീന്‍ ഗസലാണ് രണ്ടാമത്. 2.24 മീറ്റര്‍ ചാടിയ ബ്രിട്ടന്റെ ടോം ഗെയ്ല്‍ മൂന്നാമതെത്തി.
ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സില്‍ കഴിഞ്ഞയാഴ്ച ബര്‍ശിം സ്വര്‍ണം നേടിയിരുന്നു. 2.35 മീറ്റര്‍ ഉയരം മറികടന്നായിരുന്നു ബര്‍ശിം ലണ്ടനില്‍ ലോക ഹൈജംപ് ചാംപ്യനായത്. ഈ വര്‍ഷം മികച്ച ഫോമിലാണ് ബര്‍ശിം. ദോഹയിലേതുള്‍പ്പടെ ഈ വര്‍ഷം നടന്ന നാലു ഡയമണ്ട് ലീഗുകളിലും ഹൈജംപില്‍ ബര്‍ശിമായിരുന്നു ജേതാവ്. ഈ സീസണില്‍ ദോഹ, ചൈന ഷാംഗ്ഹായ്, നോര്‍വെയിലെ ഒസ്‌ലോ, ഫ്രാന്‍സിലെ പാരീസ് ഡയമണ്ട് ലീഗുകളില്‍ സ്വര്‍ണം നേടിയിരുന്നു. പാരീസ് ഡയമണ്ട് ലീഗില്‍ 2.35 മീറ്റര്‍ ഉയരം മറികടന്നാണ് ബര്‍ശിം ഒന്നാമതെത്തിയത്. ഒസ്‌ലോയില്‍ 2.38 മീറ്റര്‍ ഉയരം മറികടന്നു. ഇത് വേള്‍ഡ് ലീഡ് ആണ്. ദോഹ ഡയമണ്ട് ലീഗില്‍ 2.36 മീറ്ററായിരുന്നു ബര്‍ശിം മറികടന്നത്. ചൈനയിലെ ഷാംഗ്ഹായില്‍ ദോഹയിലെ പ്രകടനത്തിനൊപ്പം എത്തിയില്ലെങ്കിലും 2.33 മീറ്റര്‍ ചാടി. പാരീസ് ഡയമണ്ട് ലീഗില്‍ ആദ്യ ശ്രമത്തില്‍ തന്നെ 2.35 മീറ്റര്‍ മറികടന്നാണ് വിജയിച്ചത്. ബര്‍മിംഗ്ഹാമില്‍ 2014ല്‍ 2.38 മീറ്ററും കഴിഞ്ഞ വര്‍ഷം 2.37മീറ്റര്‍ ഉയരവും മറികടക്കാന്‍ ബര്‍ശിമിന് കഴിഞ്ഞിരുന്നു. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലവും റിയോ ഒളിംപിക്‌സില്‍ വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്.