Connect with us

National

സി എം ഇബ്‌റാഹീം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ സാധ്യത

Published

|

Last Updated

ബെംഗളൂരു: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എം ഇബ്‌റാഹീം കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കാന്‍ സാധ്യത. വിധാന സഭയിലെ അംഗങ്ങളാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ട് ചെയ്യേണ്ടത്. എന്നാല്‍, വിധാന സഭയിലെ പ്രതിപക്ഷ കക്ഷികളായ ബി ജെ പിയും ജനതാദള്‍- എസും ഇബ്‌റാഹീമിനെതിരെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നില്ല. ഇരുകക്ഷികള്‍ക്കും ജയിക്കാന്‍ ആവശ്യമായ അംഗബലം സഭയില്‍ ഇല്ലാത്തതാണ് കാരണം. ഈ സാഹചര്യത്തില്‍ സി എം ഇബ്‌റാഹീം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയേറിയിരിക്കുകയാണ്.

ഈ മാസം 31നാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രാവിലെ 10.15ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മുമ്പാകെ സി എം ഇബ്‌റാഹീം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിലവില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായ ഇബ്‌റാഹീം ഇന്ന് ഈ സ്ഥാനം രാജിവെക്കുമെന്നും സൂചനയുണ്ട്.
ബി ജെ പിയുടെ എം എല്‍ സിയായിരുന്ന വിമല ഗൗഡയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി എം ഇബ്‌റാഹീമിനെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് മുന്‍കൈയെടുത്തത്.

Latest