Connect with us

National

വാരാണസിയില്‍ 'മോദിയെ കാണ്‍മാനില്ല'

Published

|

Last Updated

ലക്‌നോ: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കാണ്‍മാനില്ല പോസ്റ്ററുകള്‍. മോദിയുടെ മണ്ഡലമായ വാരാണസിയില്‍ വ്യാപകമായി പതിച്ച പോസ്റ്ററുകളില്‍ “ലാപതാ വാരണാസി സാന്‍സദ്” എന്നാണ് എഴുതിയിരിക്കുന്നത്. കണ്ടു കിട്ടുന്നവര്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന പോസ്റ്ററില്‍ നരേന്ദ്ര മോദിയുടെ വലിയ ചിത്രമുണ്ട്. വാരാണസിയിലെ നിസ്സഹായരും നിരാശരുമായ ജനങ്ങള്‍” എന്നും ചില പോസ്റ്ററുകളില്‍ കുറിച്ചിരിക്കുന്നു. സ്ഥലത്തെ എം പിയായ മോദി ഒടുവില്‍ ഇവിടെ വന്നത് മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് അഭ്യാര്‍ഥിച്ച് റോഡ് ഷോ നടത്താനായിരുന്നു അത്. അന്ന് മൂന്ന് ദിവസമാണ് മോദി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തത്.

അതിനിടെ, പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ പറിച്ചു മാറ്റപ്പെട്ടു. ഇതോടെ ജില്ലാ സെഷന്‍സ് കോടതി പരിസരം പോലുള്ള ഇടങ്ങളില്‍ വീണ്ടും കാണ്‍മാനില്ല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് വാരാണസി (നോര്‍ത്ത്)യിലെ ബി ജെ പി എം എല്‍ എ രവീന്ദ്ര ജെയ്‌സ്വാള്‍ പറഞ്ഞു. ബി ജെ പി സര്‍ക്കാറിന്റെ മുന്നേറ്റത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരാശരാണ്. വിളറി പൂണ്ട അവര്‍ ഇത്തരം വില കുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റായ്ബറേലിയില്‍ നിന്നുള്ള പാര്‍ലിമെന്റംഗമായ സോണിയാ ഗാന്ധിക്കെതിരെ ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലും കാണ്‍മാനില്ല പോസ്റ്ററുകള്‍ പതിച്ചിരുന്നു.

 

Latest