ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Posted on: August 21, 2017 1:30 pm | Last updated: August 21, 2017 at 1:30 pm

ഗ്ലാസ്ഗൗ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പുരുഷ വിഭാഗത്തില്‍ കിദംബി ശ്രീകാന്തും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.

ഇന്തോനേഷ്യ, ആസ്‌ത്രേലിയ ഓപണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യനായ കെ ശ്രീകാന്ത് കരിയറിലെ കന്നി ലോക ചാമ്പ്യന്‍ഷിപ്പ് മെഡലാണ് ലക്ഷ്യമിടുന്നത്.
ലോക ചാമ്പ്യന്‍ഷിപ്പിലൂടെയാണ് പി വി സിന്ധു രാജ്യത്തെ സൂപ്പര്‍ വനിതാ ബാഡ്മിന്റണ്‍ താരമായി മാറിയത്. രണ്ട് തവണ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് സിന്ധു.
ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധു 2016 ചൈന ഓപണ്‍, 2017 ഇന്ത്യ ഓപണ്‍ ജേതാവാണ്. 2013 ലും 2014 ലുമാണ് സിന്ധു ലോക ബാഡ്മിന്റണ്‍ വെങ്കല മെഡലുകള്‍ നേടിയത്.

2015 ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ സൈന നെഹ്വാളും ഗ്ലാസ്ഗൗവില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, പരുക്കും ഫോം നഷ്ടവും സൈനയെ വലയ്ക്കുന്നു.
സിന്ധുവിനും സൈനക്കും ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. സിന്ധു രണ്ടാം റൗണ്ടില്‍ കൊറിയയുടെ കിം ഹ്യോ മിന്‍- ഈജിപ്തിന്റെ ഹാദിയ ഹോസ്‌നി മത്സര വിജയിയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലിലാകും സിന്ധുവിന് കടുത്ത പോരാട്ടം. ചൈനയുടെ സുന്‍ യുവായിരിക്കും എതിരെ വരിക.സൈന രണ്ടാം റൗണ്ടില്‍ സബ്രിന ജാക്വിറ്റ്-നതാലിയ വോസ്‌റ്റെക് ആദ്യ റൗണ്ട് വിജയിയെയാണ് നേരിടുക. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ രണ്ടാം സീഡ് സുംഗ് ജി ഹ്യുനാകും സൈനക്ക് എതിരായി വരിക.
സീസണിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഇന്ത്യന്‍ പുരുഷ താരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആറ് കിരീടങ്ങളാണ് പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് കരസ്ഥമാക്കാന്‍ സാധിച്ചത്.

സായ് പ്രണീത് സിംഗപ്പൂരില്‍ വെച്ച് കന്നി സൂപ്പര്‍ സീരീസ് കിരീടം നേടിയതും സമീര്‍ വര്‍മ സഈദ് മോദി ഗ്രാന്‍ പ്രീ ഗോള്‍ഡ് നേടിയതും ശ്രദ്ധേയമായി. സായ് പ്രണീത് തായ്‌ലന്‍ഡ് ഗ്രാന്‍ പ്രീ ഗോള്‍ഡും നേടിയിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ കടുത്ത പോരാട്ടമാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗ്, ലോക ഒന്നാം നമ്പര്‍ സന്‍ വാന്‍ ഹോ, വെറ്ററന്‍ സൂപ്പര്‍ താരം ലീ ചോംഗ് വി, ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സന്‍, ചൈനയുടെ ഷി യുഹി, ലിന്‍ ഡാന്‍ എന്നിവരും രംഗത്തുണ്ട്.