ബാലാവകാശ കമ്മീഷന്‍ നിയമനം: ആരോഗ്യമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി

Posted on: August 21, 2017 11:10 am | Last updated: August 21, 2017 at 2:54 pm

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപേക്ഷാതീയതി നീട്ടിയതില്‍ അസ്വാഭാവികതയില്ലെന്നും ആരോഗ്യമന്ത്രി രാജി വയ്‌ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ മുന്നില്‍ വന്ന ഫയലിലെ നിര്‍ദ്ദേശപ്രകാരമാണ് തീയതി നീട്ടിയത് . മന്ത്രിയുടെ ഭാഗം കോടതി കേട്ടില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

ബാലാവകാശ കമ്മീഷനിലേക്ക് 103 പേര്‍ അപേക്ഷ നല്‍കിയിരുന്നെന്നും 40 പേര്‍ക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം നടക്കുകയാണ്. ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇ പി ജയരാജന് ഒരു നീതിയും ശൈലജക്ക് മറ്റൊരു നീതിയുമെന്ന് ചെന്നിത്തല പറഞ്ഞു.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ശൈലജയ്‌ക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം ഉന്നയിച്ചു. .