തല്‍ അഫര്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന

Posted on: August 21, 2017 11:07 am | Last updated: August 21, 2017 at 11:07 am

ബഗ്ദാദ്: മൊസൂളിലെ സമ്പൂര്‍ണ വിജയത്തിന് ശേഷം വടക്കന്‍ ഇറാഖിലെ ഇസില്‍ ശക്തി പ്രദേശമായ തല്‍ അഫര്‍ പിടിച്ചെടുക്കാന്‍ സൈനിക നടപടി ആരംഭിച്ചു. രാജ്യത്തെ അവസാന ഇസില്‍ ശക്തി പ്രദേശമാണിത്. സായുധ സജ്ജരായി ഇറാഖ് കരസേന തല്‍ അഫര്‍ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും തീവ്രവാദികള്‍ ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുകയോ വേണമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി വ്യക്തമാക്കി. 2014 മുതല്‍ ഇസിലിന്റെ അധീനതയിലാണ് ഈ പ്രദേശം. ഇവിടെ 1,600 ഓളം ഇസില്‍ ഭീകരര്‍ കഴിയുന്നുണ്ടെന്നാണ് ഇറാഖ് അധികൃതര്‍ കരുതുന്നത്. മൊസൂളിനേക്കാള്‍ കഠിനമായിരിക്കില്ല താര്‍ അഫറിലെ പോരാട്ടമെന്ന് ഇറാക് ബ്രിഗാഡിയര്‍ ജനറല്‍ യഹ്‌യ റസൂല്‍ വ്യക്തമാക്കി.

ഇറാഖ് സൈന്യത്തിന് പിന്തുണയുമായി അമേരിക്കയുടെ വ്യോമസേനംയും രംഗത്തെത്തിയിട്ടുണ്ട്. ഇസിലിന്റെ ആയുധപുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യംവെച്ച് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയിട്ടുണ്ട്. നിരവധി ആയുധപ്പുരകള്‍ യു എസ് സൈന്യം നശിപ്പിച്ചിട്ടുണ്ട്. സൈനികമായി തളര്‍ത്തിയ ശേഷമാണ് ഇറാഖിന്റെ കരസേന ഇസില്‍ കേന്ദ്രം ലക്ഷ്യമാക്കി പോരാട്ടം ആരംഭിച്ചത്. പോരാട്ടത്തിന് ശേഷവും അമേരിക്കയുടെ വ്യോമപിന്തുണ ഇറാഖിന് ലഭിക്കുമെന്നാണ് കരുതുന്നത്. സിറിയന്‍ അതിര്‍ത്തിയുമായി 150 കിലോമീറ്റര്‍ അകലെയുള്ള പശ്ചിമ മൊസൂളിലെ നഗരമാണ് തല്‍ അഫര്‍. 2014ല്‍ ഇസില്‍ അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട് ലക്ഷം ജനസംഖ്യയുണ്ടായിരുന്ന തല്‍ അഫറില്‍ അരലക്ഷത്തോളം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്നാണ് യു എന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

അമേരിക്കയുടെ വ്യോമാക്രമണം തല്‍ അഫറിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയാകാനിടയുണ്ട്. മൊസൂളിന് സമാനമായ ആക്രമണമാണ് ഇറാഖും അമേരിക്കയും തല്‍ അഫാറിലും നടത്തുന്നത്. ജനങ്ങളുടെ സുരക്ഷ വകവെക്കാതെയുള്ള യു എസ് വ്യോമാക്രമണത്തില്‍ യു എന്നും മനുഷ്യാവകാശസംഘടനകളും ആശങ്ക അറിയിച്ചിരുന്നു. മൊസൂളിലെ സൈനിക ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളാകുകയും ചെയ്തിട്ടുണ്ട്. സമാനമായ അവസ്ഥ അല്‍ അഫാറിലുമുണ്ടാകുമെന്നാണ് മനുഷ്യാവകാശ പ്രവ്ര#ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.