മലപ്പുറത്ത് വ്യാപക മതംമാറ്റമെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി

Posted on: August 21, 2017 8:53 am | Last updated: August 21, 2017 at 10:02 am

ഹൈദരാബാദ്: മലപ്പുറത്ത് വ്യാപകമായ മതം മാറ്റം നടക്കുകയാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍. മലപ്പുറത്ത് വ്യാപകമായ രീതിയില്‍ മതം മാറ്റം നടക്കുന്നുണ്ട്. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നതിനിടെയണ് മന്ത്രി കേരളത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

‘മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരു മാസം മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് മുസ്‌ലിമാക്കുന്നത്. കഴിഞ്ഞ മെയില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതം മാറ്റത്തിന് കാരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ല’- മന്ത്രി പറഞ്ഞു. ഇപ്പോള്‍ എന്‍ ഐ എ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി ഹന്‍സ്‌രാജ് പറഞ്ഞു.