Connect with us

National

എ ഐ എ ഡി എം കെ ലയനം ഇന്നുണ്ടാകും

Published

|

Last Updated

ചെന്നൈ: എ ഐ എ ഡി എം കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ച അന്തിമ ഘട്ടത്തില്‍. ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിനു ശേഷവും എടപ്പാടി കെ പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. വിമത വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കും. ലയനത്തിന് പിന്നാലെ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയും നടക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ചില വകുപ്പുകള്‍ ഒ പി എസ് വിഭാഗത്തിന് നല്‍കാനാണ് തീരുമാനം. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിന് സമീപമായിരിക്കും ലയനപ്രഖ്യാപനം.

പനീര്‍ശെല്‍വത്തിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠമായി തിരഞ്ഞെടുക്കുമെന്നും എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പി എസ് വിഭാഗം നേതാവ് പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളും ഒ പി എസ് പക്ഷത്തിന് ലഭിച്ചേക്കും. ലയനത്തിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ വി കെ ശശികലയെ സ്ഥാനത്ത് നിന്ന് നീക്കാനും ധാരണയായിട്ടുണ്ട്.

പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി ടി വി ദിനകരനെ നിയമിച്ച തീരുമാനം പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ അമ്മ വിഭാഗം നേരത്തെ അസാധുവാക്കിയിരുന്നു. ഇതിന് സമാനമായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വി കെ ശശികലയെയും സ്ഥാനത്ത് നിന്ന് നീക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായൈക്യം രൂപപ്പെടുത്തിയ ശേഷമായിരിക്കും പ്രമേയം പാസ്സാക്കുക. ശശികലയെ നേതൃസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യമാണ് ഒ പി എസ് വിഭാഗം പ്രധാനമായും ഉന്നയിച്ചിരുന്നത്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഒ പി എസ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തു. ഇതിന് പുറമെ പോയസ്ഗാര്‍ഡനിലെ ജയലളിത താമസിച്ച വേദനിലയം മ്യൂസിയമാക്കി സംരക്ഷിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

 

 

Latest