പ്രതിക്കൂട്ടിലാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted on: August 21, 2017 7:44 am | Last updated: August 20, 2017 at 11:45 pm

ഉത്തര്‍ പ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ കൂട്ടമരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള യോഗി സര്‍ക്കാറിന്റെ ശ്രമത്തിനിടെ, ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിലും മതിയായ ഡോക്ടര്‍മാരെ നിയമിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത വീഴ്ച വരുത്തിയതായി കേന്ദ്ര മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട്. ആശുപത്രിയിലെ ശിശുമരണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച മെഡിക്കല്‍ സംഘമാണ് ആശുപത്രിയില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ തീരെ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്‌യത്. 12 സീനിയര്‍ ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേര്‍ മാത്രമാണുള്ളത്. പി ജി മെഡിക്കല്‍ പഠനം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. അടിയന്തിരഘട്ടങ്ങളില്‍ തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കില്ലെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. നവജാത ശിശു പരിപാലനത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന 31 നേഴ്‌സുമാരില്‍ പര്യാപ്തമായ പരിശീലനം ലഭിച്ചവര്‍ വെറും മൂന്ന് പേരാണ്.

മസ്തിഷ്‌ക അണുബാധ ചികില്‍സക്ക് ഉത്തര്‍പ്രദേശിലെ പേര് കേട്ട ഗൊരഖ്പുലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമാണ് ബാബ രാഘവ് ദാസ് ആശുപത്രി. എന്നാല്‍ മസ്തിഷ്‌കജ്വരം ചികിത്സിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഇല്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ കണ്ടെത്തല്‍. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 50 ശതമാനം മരണങ്ങളും സംഭവിച്ചത് 48 മണിക്കൂറിനുള്ളിലാണ്. മികച്ച ചികിത്സ ലഭ്യമാകാത്തതാണ് ഇതിന് കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. വൃത്തി തീരെയില്ല. തെരുവു പട്ടികളും എലികളും ഓടിക്കളിക്കുന്ന ആശുപത്രിയില്‍ എങ്ങനെയാണ് മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയുകയെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ ചോദ്യം.
ശുചിത്വത്തിന്റ കാര്യത്തില്‍ യോഗി കണിശക്കാരനാണെന്നും നിര്‍ബന്ധമായും അത് പാലിച്ചിരിക്കണമെന്ന് അധികാരമേറ്റ ഉടനെ സഹമന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. പിന്നാലെ പരിസ്ഥിതി, ജലവിഭവ സഹമന്ത്രി ഉപേന്ദ്ര തിവാരി ഓഫീസും ഇടനാഴിയും തൂത്തുവാരുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായി. എന്നിട്ടും ശുചിത്വത്തില്‍ കണിശത പാലിക്കേണ്ട ചികിത്സാ കേന്ദ്രങ്ങളിലെ അതും തന്റെ മണ്ഡലത്തിലെ പ്രശസ്തമായ ആശുപത്രിയിലെ വൃത്തിക്കുറവിന്റെ കാര്യം യോഗി എന്തേ അറിയാതെ പോയത്? കേവലം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഗിമ്മിക്കുകളിലൊതുങ്ങുന്നതാണോ ഇവരുടെയൊക്കെ ശുചിത്വവും ജനസേവന പ്രവര്‍ത്തനങ്ങളും?
ഗൊരഖ്പൂര്‍ ആശുപത്രിയിലെ മാത്രം അവസ്ഥയല്ല ഇത്. ഉത്തരേന്ത്യയിലെ മിക്ക ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളും പ്രാപ്തരായ ഡോക്ടര്‍മാരും നന്നേ കുറവാണ്. ജൂനിയര്‍ ഡോക്ടര്‍മാരാണ് ഗുരുതരമായ കേസുകളില്‍ പോലും ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. അമിത ജോലിഭാരത്തിനിടയില്‍ ഇവര്‍ക്ക് രോഗികളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതും ചികിത്സ താളം തെറ്റുന്നതും സ്വാഭാവികമാണ്. പല ആശുപത്രികളിലും ആയുര്‍വേദ ഡിഗ്രി എടുത്ത ശേഷം ജില്ലാ ആശുപത്രികളില്‍ ഒരു വര്‍ഷം മോഡേണ്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ ഇന്റേണ്‍ഷിപ് ട്രെയിനിംഗ് നേടിയവരാണ് ഡ്യൂട്ടി ഡോക്ടര്‍മാര്‍. യോഗ്യരായ ഡോക്ടര്‍മാരുടെ അഭാവം കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് നിയമവിധേയമാക്കിയിട്ടുണ്ട്.

വൃത്തിയുടെ കാര്യവും കഷ്ടമാണ്. ചികിത്സ തേടിയെത്തുന്ന രോഗികള്‍ പുതിയ രോഗവാഹകരായിത്തീരുന്ന അന്തരീക്ഷമാണ് പൊതുവെ. രോഗികള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്ന കാന്റീനുകളിലും വിതരണം ചെയ്യുന്നിടത്തും ഒട്ടും ശുചിത്വമില്ലെന്ന് പരാതിയുണ്ട്. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ ആശുപത്രി വാര്‍ഡില്‍ തറയില്‍ ഭക്ഷണം വിളമ്പിക്കൊടുത്തതും രോഗി തറയില്‍ നിന്ന് അത് വാരിക്കഴിക്കുന്നതും ചിത്രസഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. സ്വന്തമായി പ്ലേറ്റ് ഇല്ലാത്ത രോഗി ആശുപത്രിയിലെ അടുക്കളയില്‍ ചെന്ന് ചോദിച്ചപ്പോള്‍ ഇവിടെ പ്ലേറ്റ് ഇല്ലെന്നും വേണമെങ്കില്‍ തറയില്‍ വിളമ്പിത്തരാമെന്നുമായിരുന്നു പ്രതികരണം. മറ്റു വഴിയില്ലാത്തതിനാല്‍ നിലത്ത് വിളമ്പിയ ഭക്ഷണം കഴിക്കാന്‍ രോഗി നിര്‍ബന്ധിതനാവുകയായിരുന്നു. 300 കോടി വാര്‍ഷിക വരുമാനമുള്ള, സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ റാഞ്ചി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം എന്നറിയുമ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയും പാവപ്പെട്ട രോഗികള്‍ നേരിടേണ്ടി വരുന്ന അവഗണനയും ബോധ്യമാകുന്നത്. മോദി സര്‍ക്കാറിനോ ബി ജെ പിക്കോ തങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിലെ ദയനീയാവസ്ഥ ശ്രദ്ധിക്കാനോ അന്വേഷിക്കാനോ നേരമില്ല. കേരളമുള്‍പ്പെടെ രാഷ്ട്രീയ പ്രതിയോഗികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനതകളും പോരായ്മകളും പരതുന്ന തിരക്കിലാണല്ലോ അവര്‍.