തിരുത്താവശ്യപ്പെടുന്ന ജനാധിപത്യ സങ്കല്‍പ്പം

നെഹ്‌റുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ഭരണകാലങ്ങള്‍ അവസാനിച്ചതോടെ ജനാധിപത്യത്തിന്റെ ആ സുവര്‍ണ കാലത്തിന് ഇന്ത്യയിലും ഭംഗം വന്നുതുടങ്ങി. എന്നാലും, ഏറിയും കുറഞ്ഞും ജനാധിപത്യം പരിക്കുകളില്‍ നിന്നെല്ലാം വിമുക്തമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി ലോകത്തിനു നല്‍കുന്നതില്‍ നാം വിജയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യക്കാവുമോ ജനാധിപത്യത്തെ സംരക്ഷിച്ച് നിറുത്താന്‍ എന്ന ആശങ്ക വളര്‍ന്നു പന്തലിച്ചിരിക്കുന്നു.
Posted on: August 21, 2017 8:34 am | Last updated: August 20, 2017 at 11:40 pm
SHARE
Angry protesters

ലോകത്ത് നിലവില്‍ വന്ന വ്യവസ്ഥിതിയില്‍ ജനാധിപത്യത്തോളം സുന്ദരമായ ഒന്ന് വേറെയില്ലെന്നാണ് വെപ്പ്. അത് വെറും ഒരു സങ്കല്‍പ്പവുമല്ല. പലതരം ഇസങ്ങളേയും ഭരണകൂട പദ്ധതികളേയും മാറി മാറി പരീക്ഷിച്ച ലോകത്തിനു മുമ്പില്‍ പൊതുഅംഗീകാരം ജനാധിപത്യത്തിനു തന്നെയാണ് ചാര്‍ത്തിക്കിട്ടിയിട്ടുള്ളത്. അങ്ങനെ കരുതാനുള്ള ഏറ്റവും വലിയ ന്യായം എന്നത് ജനാധിപത്യം നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ജനങ്ങള്‍ക്ക് നിര്‍ഭയമായി ചിന്തിക്കാനും സ്വന്തം വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാനും ജനാധിപത്യത്തോളം ഉപകരിക്കുന്ന മറ്റൊരു വ്യവസ്ഥിതിയും ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യം.

ലോകത്ത് എണ്‍പതുകളുടെ അവസാനം വരെ നിലനിന്നിരുന്ന ശീതയുദ്ധകാലാവസ്ഥയില്‍ മുതലാളിത്തവും സോവിയറ്റ് സോഷ്യലിസവും രണ്ടു തട്ടില്‍ നിന്ന് പരസ്പരം മത്സരിച്ചു. അതിന്റെ മൂര്‍ധന്യ ദശയിലും ലോകം മൂന്നാമതൊരു ബദല്‍ സമ്പ്രദായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ പിന്തുടര്‍ന്ന ജനാധിപത്യ ഭരണ സമ്പ്രദായങ്ങളിലാണ്. അതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള മൂന്നു ലോകനേതാക്കള്‍ രൂപം നല്‍കിയ ചേരിചേരാ നയം എന്ന നയതന്ത്രം അക്കാലത്ത് ലോകത്തിനു സ്വീകാര്യമായത്. നെഹ്‌റുവിനെ കൂടാതെ അന്നത്തെ യുഗോസ്ലാവിയയിലെ മാര്‍ഷല്‍ ടിറ്റോ, ഈജിപ്തിലെ നാസര്‍ എന്നിവരാണ് ചേരിചേരാ നയത്തിന്റെ ഉപജ്ഞാതാക്കള്‍.

അമേരിക്ക നേതൃത്വം നല്‍കുന്ന മുതലാളിത്ത ചേരിയുടെ കൊടിയ ചൂഷണം നടക്കുന്നു. ആയുധവില്‍പ്പനയിലൂടെ യുദ്ധക്കൊതി വളര്‍ത്തി ലാഭം കൊയ്യാനുള്ള ആര്‍ത്തി ഒരു വശത്തും അതിനെ പ്രതിരോധിക്കാന്‍ സോവിയറ്റ് ചേരി മറുഭാഗത്തും നിലയുറപ്പിച്ച കാലമായിരുന്നു അത്. പക്ഷേ, പ്രതിരോധ ശക്തിയായി അവതരിച്ച സോഷ്യലിസ്റ്റ് ചേരിയും ചില കാര്യങ്ങളിലെങ്കിലും മുതലാളിത്തത്തിന്റെ പ്രവര്‍ത്തന രീതി തന്നെ പിന്തുടരുകയാണുണ്ടായത്. ആയുധ നിര്‍മാണത്തില്‍ മുതലാളിത്തത്തോട് മത്സരിച്ച് വിജയിക്കുന്നു എന്ന ഒരു പ്രതീതി സൃഷ്ടിച്ചെടുക്കാന്‍ സോവിയറ്റ് യൂനിയന്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ചേരിക്കായി എന്നത് നേര്. അപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തില്‍ അവരും പിന്നിലല്ലായിരുന്നു. അതു കൊണ്ടായിരിക്കാം പ്രതിഭാധനനായ പത്രപ്രവര്‍ത്തകനായിരുന്ന സി പി രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് ‘സോഷ്യലിസമായിരുന്നു റഷ്യയിലെ ഭരണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ക്യാപിറ്റലിസമോ മറ്റു ചിലര്‍ വിചാരിക്കും പോലെ സ്റ്റേറ്റ് ക്യാപിറ്റലിസമോ അല്ല. എന്തിനധികം അത് മാര്‍ക്‌സ് വിഭാവനം ചെയ്ത സോഷ്യലിസം പോലുമായിരുന്നില്ല.’ സി പി പറഞ്ഞതായിരുന്നു ശരിയെന്ന് ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും ഉഴുതുമറിച്ച ഗോര്‍ബച്ചോവിന്റെ ഭരണത്തോടെ തെളിയുകയും ചെയ്തു. റഷ്യയുടെ പതനം പൂര്‍ത്തിയായതോടെ മുതലാളിത്തത്തിന് പകരം വെക്കാന്‍ ദൗര്‍ബല്യങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഒരു സോഷ്യലിസ്റ്റ് ചേരി ഉണ്ട് എന്ന പ്രതീക്ഷയും അസ്തമിക്കുകയാണുണ്ടായത്. അതിന്റെയൊക്കെ പ്രതിഫലനം കൂടിയായിരുന്നു ജനാധിപത്യ സമ്പ്രദായത്തിനു ആഗോളാടിസ്ഥാനത്തില്‍ കൈവന്ന സ്വീകാര്യത.
ജനാധിപത്യമില്ലാത്ത സോഷ്യലിസം സോഷ്യലിസമേ ആവില്ലെന്ന് റോസാ ലക്‌സംബര്‍ഗിനെപ്പോലുള്ള റഷ്യന്‍ വിപ്ലവം നയിച്ച നേതാക്കള്‍ തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിലനിന്ന പാര്‍ലിമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായം ലോകത്തിനു മുമ്പില്‍ തന്നെ മികച്ച മാതൃകയായി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലുള്ള ചിന്തകനും ദാര്‍ശനികനുമായ ഒരു ജനാധിപത്യവാദി ഇന്ത്യയില്‍ ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തു വരിക കൂടി ചെയ്തപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം ലോകത്തിനു മുമ്പില്‍ വാഴ്ത്തപ്പെട്ടതാവുകയും ചെയ്തു.
നെഹ്‌റുവിന്റെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും ഭരണകാലങ്ങള്‍ അവസാനിച്ചതോടെ ജനാധിപത്യത്തിന്റെ ആ സുവര്‍ണ കാലത്തിന് ഇന്ത്യയിലും ഭംഗം വന്നുതുടങ്ങി. എന്നാലും, ഏറിയും കുറഞ്ഞും ജനാധിപത്യം പരിക്കുകളില്‍ നിന്നെല്ലാം വിമുക്തമായി ഇന്ത്യയില്‍ സംരക്ഷിക്കപ്പെടുന്നു എന്ന പ്രതീതി ലോകത്തിനു നല്‍കുന്നതില്‍ നാം വിജയിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഇന്ത്യക്കാവുമോ ജനാധിപത്യത്തെ സംരക്ഷിച്ച് നിറുത്താന്‍ എന്ന ആശങ്ക വളര്‍ന്നു പന്തലിച്ചിരിക്കുന്നു. പല കാര്യങ്ങളിലുമുണ്ടായിരുന്ന ശങ്ക മറയില്ലാതെ പുറത്തുവന്നു കൊണ്ടിരിക്കുന്നു. സവര്‍ണ ഫാസിസത്തിന് കീഴൊതുങ്ങി ജീവിക്കാനാവില്ലെങ്കില്‍ ഇന്ത്യ വിട്ട് പുറത്തു പോവുക എന്നു വരെ മത ന്യൂനപക്ഷങ്ങളോട് കല്‍പ്പിക്കുന്ന രാഷ്ടീയ പാര്‍ട്ടികള്‍ മാത്രമല്ല ഇവിടെയിപ്പോള്‍. ഇന്ത്യ ഭരിക്കുന്ന മന്ത്രിമാരില്‍ പലരും യു പി പോലുള്ള സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ അപ്പാടെയും ജനാധിപത്യത്തിന് യാതൊരു വിലയും കല്‍പ്പിക്കുന്നവരല്ല.
ഇഷ്ടഭക്ഷണം കഴിക്കുന്നതിന്റെ പേരില്‍ പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വംശീയ വെറി കാരണം അതില്‍ ആനന്ദം കണ്ടെത്തുന്നതില്‍ വരെ എത്തി ഇന്ത്യയിലെ ജനാധിപത്യത്തിന്റെ മേല്‍വിലാസം പേറുന്ന ഭരണാധികാരികളില്‍ പലരും. അതിനര്‍ഥം ഇന്ത്യയുടെ പല ഭാഗങ്ങിലും പ്രത്യേകിച്ച് അതിന്റെ ഹൃദയഭൂമികളായി അറിയപ്പെടുന്ന പല ഇടങ്ങളിലും ഫലത്തില്‍ ഇപ്പോള്‍ തന്നെ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നാണ്.
ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമെല്ലാം ദുരന്ത മരണങ്ങള്‍ക്കടിമപ്പെടുമ്പോള്‍ പോലും അതില്‍ വേവലാതിപ്പെടാതെ അതെല്ലാം സര്‍വസാധാരണം എന്ന രീതിയില്‍ പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രിയെപ്പോലും തീറ്റിപ്പോറ്റുന്ന ഒരേര്‍പ്പാടായി മാറിയിരിക്കുന്നു ഇന്ത്യന്‍ ജനാധിപത്യം. ഗൊരഖ്പൂരില്‍ ശ്വാസം കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ കാരണങ്ങളെപ്പോലും മറച്ചുവെച്ചു കൊണ്ട്, ഭരണകൂടത്തിനു സംഭവിച്ച വമ്പന്‍ വീഴ്ചയെപ്പോലും ന്യായീകരിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകാനാവുമെങ്കില്‍ ആ ജനാധിപത്യത്തിന് സാരമായ തകരാറ് സംഭവിച്ചു എന്നതില്‍ തര്‍ക്കത്തിനിടമില്ല.

ശരിക്കു പറഞ്ഞാല്‍ നരേന്ദ്ര മോദിയടക്കമുള്ള പല നേതാക്കളും ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യത്തെ കുറിച്ച് ആശങ്കാകുലരാകുന്ന പ്രസ്താവനകള്‍ പോലും ഇറക്കുന്നതില്‍ താത്പര്യം കാണിക്കുന്നില്ല. തെരുവിലും ട്രെയിനിലും ഒക്കെ പശുവിറച്ചിയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ അടിയേറ്റു മരിക്കുമ്പോള്‍, ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുമ്പോള്‍, ജനങ്ങള്‍ക്ക് നഷ്ടമാവുന്ന അവകാശങ്ങളെ കുറിച്ചല്ല ഇവര്‍ സംസാരിക്കുക. പ്രതികരിക്കാതെ ദിവസങ്ങളോളം മൗനം പാലിക്കുക എന്ന ഒരു പുതിയ തന്ത്രം ഇവരില്‍ നിന്നുണ്ടാകുന്നു. ജനങ്ങളുടെ പ്രതികരണശേഷി അളക്കുന്ന ഒരു കപട തന്ത്രമാണത്. പിന്നീട് ഒരു ചടങ്ങിനെന്നോണം പ്രതികരിക്കുമ്പോള്‍ പോലും ഇവരില്‍ നിന്നും പുറത്തു വരുന്ന വികാരം ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിലെ ആശങ്കകളാവില്ല. പകരം ദേശീയത കാത്തു സൂക്ഷിക്കേണ്ടതിന്റേയും നാടിന്റെ അഖണ്ഡത സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചുള്ള ആശങ്കകളില്‍ പൊതിഞ്ഞ് യഥാര്‍ഥ പ്രശ്‌നങ്ങളെ തൊടാതിരിക്കാന്‍ ആവുന്നതും ശ്രമിക്കും. ഇതും വലിയൊരു ഗൂഢ തന്ത്രത്തിന്റെ ഭാഗമായുള്ള തകിടം മറിയലുകളായി കാണണം.

ഇന്ത്യ ആര്‍ജിച്ചെടുത്തുവെന്ന് പറയുന്ന ജനാധിപത്യ മാതൃക ഇനി ഇവിടെ ആവശ്യമില്ലായെന്നും പകരം ദേശീയതയുടെ അതിവൈകാരികത സൃഷ്ടിച്ച് അതിന്റെ മറവില്‍ ഏകാധിപത്യത്തിലേക്ക് കുറുക്ക് വഴി തേടുക എന്നതിലുമാണ് പുതിയ ഇന്ത്യന്‍ ഭരണകൂടത്തിന്റേയും അവരുടെ ഗുണഭോക്താക്കളാവുന്ന കോര്‍പ്പറേറ്റുകളുടേയും സവര്‍ണ മേലാളന്‍മ്മാരുടേയും ലക്ഷ്യം.അതില്‍ അവര്‍ ഒരോ ചുവട് മുന്നേറുന്തോറും കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേന്‍മക്ക് വലിയ തിരുത്തുകള്‍ ആവശ്യമായി വന്നുകൊണ്ടിരിക്കുകയാണ്.