Connect with us

Articles

നേരല്ലേ ആ യോഗി പറഞ്ഞത്?

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ഒരു മാസത്തിനിടെ മരിച്ചത് 150 കുട്ടികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കൊളജില്‍ മൂന്ന് ദിവസത്തിനിടെ 30 കുട്ടികള്‍ മരിച്ചതോടെയാണ് ഈ ദുരന്തം വാര്‍ത്തകളില്‍ നിറഞ്ഞത്. അതേത്തുടര്‍ന്നുള്ള കണക്കെടുപ്പാണ് ഒരു മാസത്തിനിടെ 150 കുട്ടികള്‍ എന്നതില്‍ എത്തിനില്‍ക്കുന്നത്. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് അടിയന്തര കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തിരുന്ന കമ്പനിക്ക് അരക്കോടിയിലേറെ രൂപ കുടിശ്ശിക വരുത്തിയിരുന്നു ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പണം കിട്ടാതെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കില്ലെന്ന് കമ്പനി ആശുപത്രി അധികൃതരെ അറിയിക്കുകയും അവരത് ആരോഗ്യ വകുപ്പിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പണം നല്‍കാന്‍ നടപടിയുണ്ടായില്ല. ഓക്‌സിജന്‍ സിലിണ്ടറുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ ആശുപത്രി അധികൃതര്‍ വീണ്ടും ആരോഗ്യ വകുപ്പിനെ സമീപിച്ചിരുന്നു. എന്നിട്ടും പണം നല്‍കി, പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. സര്‍ക്കാറിന്റെ അലംഭാവം വ്യക്തമാണ്. എന്നാല്‍ ആശുപത്രി സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിസന്ധി നേരിടുന്നതിന് പരിശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാനെതിരെ നടപടിയെടുക്കുകയുമാണ് ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്തത്. വീഴ്ച മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ഏത് സര്‍ക്കാറും ഇതുപോലുള്ള നടപടികളാണ് സ്വീകരിക്കാറ്.
ഓക്‌സിജന്റെ ക്ഷാമം അടിയന്തര കാരണമായെങ്കില്‍, അതിലും ഗുരുതരമായ സാഹചര്യം ഗോരഖ്പൂരിലും കിഴക്കന്‍ ഉത്തര്‍പ്രദേശിലും നിലനില്‍ക്കുന്നുവെന്നതാണ് വസ്തുത. അക്യൂട്ട് എന്‍സഫലൈറ്റിസ്, ജാപ്പനീസ് എന്‍സഫലൈറ്റിസ് എന്നീ വൈറസ് കാരണമായ രോഗങ്ങളും (തലച്ചോറിലുണ്ടാകുന്ന അണുബാധ) ബാക്ടീരീയ കാരണമായ സ്‌ക്രബ് ടൈഫസും ഇവിടെ വ്യാപകമാണ്. ഇതാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തതിലെ പ്രധാന പ്രതി. 1978 മുതലുള്ള കണക്കെടുത്താല്‍ 25,000 കുട്ടികള്‍ ഈ രോഗങ്ങളാല്‍ ഇവിടെ മരിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ച് മരണങ്ങളേ ഇക്കുറിയുണ്ടായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗും പറയുന്നത്. കണക്കുകള്‍ നോക്കിയാല്‍ ഒരുപക്ഷേ ഇവര്‍ പറയുന്നത് ശരിയായിരിക്കും. പക്ഷേ, അതുകൊണ്ട് ഇപ്പോഴുണ്ടായ കൂട്ട മരണത്തിന്റെ/കൂട്ടക്കൊലപാതകത്തിന്റെ ഗൗരവം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.

2017 ഏപ്രിലില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഉത്തര്‍ പ്രദേശിലെ ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയ മുന്നറിയിപ്പില്‍ സ്‌ക്രബ് ടൈഫസ് വ്യാപിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. രോഗം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും എന്നാല്‍ പരിശോധിച്ച് കണ്ടെത്താനുള്ള സംവിധനം സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലുമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഉത്തര്‍ പ്രദേശിലെ ഭരണകൂടം അനങ്ങിയില്ല. രോഗബാധ കണ്ടെത്തിയാല്‍ നല്‍കേണ്ട മരുന്നുകള്‍ (ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍) സുലഭമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അതിനും നടപടിയുണ്ടായില്ല. 1978 മുതല്‍ പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയില്‍, ഇത്രയും ഗൗരവമുള്ള നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്നത് ആരുടെ വീഴ്ചയാണെന്നതിന് യോഗി ആദിത്യനാഥും ബി ജെ പിയുമാണ് ഉത്തരം പറയേണ്ടത്. അക്യൂട്ട് എന്‍സഫലൈറ്റിസും ജാപ്പനീസ് എന്‍സഫലൈറ്റിസും സ്‌ക്രബ് ടൈഫസും മാരകമായി തുടരുന്ന മേഖലയുടെ കാര്യത്തില്‍ ഇത്തരമൊരു നീട്ടോല സംസ്ഥാന സര്‍ക്കാറിന് നല്‍കി കൈയും കെട്ടി ഇരിക്കലാണോ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോലി എന്നതിന് നരേന്ദ്ര മോദിയാണ് മറുപടി പറയേണ്ടത്.
ഉത്തര്‍ പ്രദേശിലും കേന്ദ്രത്തിലും മുമ്പുണ്ടായിരുന്ന സര്‍ക്കാറുകള്‍ക്കൊക്കെ ഇതില്‍ ഉത്തരവാദിത്തമുണ്ട്. ആ സര്‍ക്കാറുകളൊക്കെ പരാജയമാണെന്ന് പ്രചരിപ്പിച്ച്, സാമൂഹികവും സാമ്പത്തികവുമായ വികസനം സാധ്യമാക്കുമെന്ന വാഗ്ദാനമാണ് 2014ല്‍ നരേന്ദ്ര മോദിയും 2017ല്‍ യോഗി ആദിത്യനാഥും ഉത്തര്‍ പ്രദേശുകാര്‍ക്ക് നല്‍കിയിരുന്നത്. വരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാകുകയാണ് താനെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ മരണം, കഴിഞ്ഞ വര്‍ഷങ്ങളിലുമുണ്ടായിരുന്നുവെന്നും ഈ വര്‍ഷത്തേക്കാള്‍ അധികമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെന്നും യോഗി ആദിത്യനാഥ് പറയുമ്പോള്‍, അത് ദത്തുപുത്രന്റെ കൂടി വീഴ്ചയായി മാറുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ് പി അധികാരത്തിലിരിക്കെ, കുഞ്ഞുങ്ങളുടെ മരണമുണ്ടാകുമ്പോള്‍ ആ പ്രദേശത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിരുന്നത് യോഗി ആദിത്യനാഥായിരുന്നു. അദ്ദേഹം ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ടും സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാനോ സംസ്ഥാന സര്‍ക്കാറിനെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കാനോ സാധിച്ചില്ലെങ്കില്‍ അത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൂടി വീഴ്ചയാണ്.

ഗോരഖ്പൂര്‍ ജില്ലയില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളുണ്ട് – ഗോരഖ്പൂരും ബന്‍സ്ഗാവും. 1989 മുതല്‍ ഗോരഖ്പൂരില്‍ നിന്ന് വിജയിക്കുന്നത് ബി ജെ പി നേതാക്കള്‍. 1998 മുതല്‍ 2014 വരെ വിജയിച്ചത് യോഗി ആദിത്യനാഥും. അവസാന മൂന്ന് വട്ടം അദ്ദേഹത്തിന് അമ്പത് ശതമാനത്തിലധികം വോട്ട് ലഭിച്ചിരുന്നു. ബന്‍സ്ഗാവിനെ 1998 മുതല്‍ (2004 – 2009 ഒഴികെ) പ്രതിനിധാനം ചെയ്യുന്നത് ബി ജെ പിയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം വിജയിച്ചത് ബി ജെ പിയാണ്. ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്ന ഗോരഖ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 1989മുതല്‍ ബി ജെ പി വിജയിക്കുന്നു. ഗോരഖ്പൂരിനെ വിഭജിച്ച്, ഗോരഖ്പൂര്‍ റൂറല്‍, അര്‍ബന്‍ എന്നിങ്ങനെ രണ്ടാക്കിയതിന് ശേഷം രണ്ടിടത്തും ബി ജെ പിയേ വിജയിച്ചിട്ടുള്ളൂ.
ബി ജെ പിയുടെ പ്രാതിനിധ്യം ഈ അളവിലുള്ള പ്രദേശത്തെ സ്ഥിതി ഇനിപ്പറയും വിധത്തിലാണ്. രോഗം കണ്ടെത്താന്‍ വേണ്ട സംവിധാനങ്ങള്‍ തീരെ കുറവ്, രോഗം കണ്ടെത്തിയാല്‍ നല്‍കേണ്ട മരുന്നുകളുടെ കടുത്ത ക്ഷാമം, ഡോക്ടര്‍മാരും കുറവ്. വ്യാജ ഡോക്ടര്‍മാരോ ചികിത്സിക്കാന്‍ വേണ്ട അറിവില്ലാത്തവരോ ധാരാളമുണ്ടുതാനും. അസുഖം ബാധിക്കുന്നവര്‍ ആദ്യം ആശ്രയിക്കുന്നത് ഈ “വ്യാജന്‍”മാരെയാണ്. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാകും മെഡിക്കല്‍ കോളജിലോ മറ്റോ എത്തുക. അപ്പോഴേക്കും മരണം മുന്നിലെത്തിയിട്ടുണ്ടാകും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ ദരിദ്രരോ ആണ് മേഖലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും. ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ 9.1 ശതമാനത്തിന് മാത്രമേ പൂര്‍ണ വൈദ്യ സഹായം ലഭിക്കുന്നുള്ളൂ. ഗര്‍ഭിണികളില്‍ ചെറിയ ശതമാനത്തിന് പ്രസവ സമയത്ത് മാത്രമാണ് വൈദ്യ സഹായം കിട്ടുന്നത്. അതിന് മുമ്പ് ഡോക്ടറെ കാണാനോ വേണ്ട പരിശോധനകള്‍ നടത്താനോ ഉള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് കാരണം. ആകെ വീടുകളില്‍ 34 ശതമാനത്തിലേ ഭേദപ്പെട്ട ശുചിത്വപാലന സംവിധാനമുള്ളൂ. 60 ശതമാനം വീടുകളിലും കക്കൂസുകളില്ല. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 65.4 ശതമാനത്തിന് മാത്രമേ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നുള്ളൂ. 34.6 ശതമാനം കുഞ്ഞുങ്ങള്‍ പോളിയോ അടക്കമുള്ള അസുഖങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ചുരുക്കം. 2015 – 16ല്‍ നടത്തിയ ഫാമിലി ഹെല്‍ത്ത് സര്‍വേയാണ് ഈ വിവരങ്ങള്‍ ക്രോഡീകരിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വേണ്ട നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയമോ സംസ്ഥാന സര്‍ക്കാറോ (അഖിലേഷ് യാദവിന്റേത് ഉള്‍പ്പെടെ) സ്വീകരിച്ചില്ല.

ഈ അവസ്ഥയില്‍ ചെറിയ മാറ്റം പോലുമുണ്ടാക്കാന്‍ ദീര്‍ഘകാലം ജനപ്രതിനിധികളായിരുന്ന ബി ജെ പി നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നത് കൂടുതല്‍ ഗൗരവത്തോടെ കാണണം. പ്രദേശത്ത് കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് കാഴ്ചക്കാരായി നോക്കിനിന്നു ഇവര്‍. ആ നിലക്ക് ഈ കൂട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി ജെ പിക്ക് ഒഴിഞ്ഞുമാറാനാകില്ല, അഞ്ച് തവണ എം പിയാകുകയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി പാര്‍ലിമെന്റില്‍ അവതരിപ്പിക്കുകയും ചെയ്ത യോഗി ആദിത്യനാഥിന് മാറി നില്‍ക്കാനാകില്ല. എപ്പോഴും സംഭവിക്കാവുന്ന ദുരന്തത്തിലേക്കാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നത് എന്ന ബോധ്യമുണ്ടായിരുന്നിട്ടും അധികാരത്തിലേറിയ യോഗി ആദിത്യനാദിന്റെ മുന്‍ഗണനാ പട്ടികയില്‍ ഈ പ്രശ്‌നമുണ്ടായിരുന്നതേയില്ല. കശാപ്പുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും പൂവാലശല്യം തടയാനെന്ന പേരില്‍ സംസ്ഥാനത്താകെ പൊലീസ് നടപടിക്ക് നിര്‍ദേശം നല്‍കാനും താത്പര്യം കാട്ടിയ മുഖ്യമന്ത്രിക്ക്, ആവര്‍ത്തിക്കുന്ന ശിശു മരണങ്ങള്‍, ഗോരഖ്പൂരില്‍ മൂന്ന് ദിവസത്തിനിടെ 30 കുട്ടികള്‍ മരിക്കുവോളം, ഗൗരവപൂര്‍വം പരിഗണിക്കേണ്ട ഒന്നായി തോന്നിയില്ല.
ബാബാ ബാബ രാഘവ് ദാസ് ആശുപത്രിയിലെ മരണങ്ങള്‍ മാത്രമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ആശുപത്രിയിലെത്താതെ മരിച്ച കുഞ്ഞുങ്ങള്‍ എത്രയുണ്ടാകും? സ്വകാര്യ ആശുപത്രികളിലും “വ്യാജ” ഡോക്ടര്‍മാരുടെ ക്ലിനിക്കുകളിലും ചികിത്സതേടി മരിച്ചുപോയ കുഞ്ഞുങ്ങളോ? കുഞ്ഞുങ്ങളല്ലാത്ത എത്ര പേര്‍ ഈ രോഗങ്ങള്‍ക്ക് കീഴടങ്ങിയിട്ടുണ്ടാകും? അതേക്കുറിച്ചൊന്നും ആദിത്യനാഥ് സര്‍ക്കാറോ, സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രിയോ ചിന്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ചിന്തിച്ചിരുന്നുവെങ്കില്‍ ഓക്‌സിജന്‍ ക്ഷാമം മരണത്തിന് കാരണമായിട്ടില്ലെന്ന് വാദിച്ചുറപ്പിക്കാനും മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ മരണങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ ഇപ്പോഴത്തേതിനെ വലുതായി കാണേണ്ടെന്ന് പറയാനും ആദിത്യനാഥും ബി ജെ പി നേതാക്കളും തയ്യാറാവില്ലായിരുന്നു.
സ്വാതന്ത്ര്യത്തിന് എഴുപതാണ്ട് പൂര്‍ത്തിയാകുമ്പോഴാണ് ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ മൃതദേഹവുമായി മാതാപിതാക്കള്‍ ബസ്സും റിക്ഷയും കയറിപ്പോകുന്ന കാഴ്ച കാണുന്നത്. പൊതു ആരോഗ്യ സംരക്ഷണത്തിന് ഇത്രകാലം നമ്മുടെ ഭരണകൂടങ്ങള്‍ എന്തുചെയ്തുവെന്ന ചോദ്യമാണ് ദുഃഖം നിറഞ്ഞ, ദയനീയ ഈ മുഖങ്ങള്‍. പല പദ്ധതികള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം (മന്‍മോഹന്‍ സിംഗ് ഫെയിം), സബ്കാ വികാസ്, സ്വച്ഛ് ഭാരത് (നരേന്ദ്ര മോദി ഫെയിം) തുടങ്ങിയവയൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നുവെന്നതിന് തെളിവും. ആരോഗ്യ മേഖലയില്‍ മാതൃക സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളം ആശുപത്രി വരാന്തയില്‍ നില്‍ക്കുന്ന കാഴ്ച ആവര്‍ത്തിക്കപ്പെടുകയാണ്. ഗോരഖ്പൂര്‍ എവിടെയുമുണ്ടാകാമെന്ന സ്ഥിതിയാണ് രാജ്യത്ത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ആ ഗൗരവം ആര്‍ക്കെങ്കിലുമുണ്ടോ എന്നതിലും ഉണ്ടാകുമോ എന്നതിലും സംശയം. അങ്ങനെയുണ്ടാകുമായിരുന്നുവെങ്കില്‍ തൊടുന്യായങ്ങള്‍ നിരത്തില്ലായിരുന്നു, അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ തിരിക്കുമായിരുന്നു. ഗോരഖ്പൂര്‍ വാര്‍ത്തകളില്‍ നിന്ന് മായുകയാണ്, അടുത്ത കൂട്ടക്കൊലപാതകം ഉണ്ടാകും വരെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest