മോദി ഭരണത്തിന് കീഴില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വേഗത്തില്‍ വളരുന്നു: അമിത് ഷാ

Posted on: August 20, 2017 9:56 pm | Last updated: August 21, 2017 at 9:42 am

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അതു പക്ഷവാതത്തിന്റെ അവസ്ഥയിലായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ യുവാക്കളുടെ കഴിവു മനസ്സിലാക്കി സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

2014ല്‍ മോദി അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയില്‍ സംഭവിച്ചുതുടങ്ങി. അതിന് 10 വര്‍ഷം പിന്നോട്ടു വളര്‍ച്ച മുരടിച്ചു നില്‍ക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലത്തെ അവസ്ഥയായിരുന്നു സമ്പദ്‌വ്യവസ്ഥയുടേത്. മോദിയുടെ കീഴില്‍ ലോകത്ത് എത്രയും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്നു നമ്മുടേത്. കൂടാതെ, രാജ്യത്തിന്റെ വികസനം ഉറപ്പുവരുത്തേണ്ടതു യുവജനതയുടെ ഉത്തരവാദിത്തമാണെന്നും അവര്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു