പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തും: മന്ത്രി തിലോത്തമന്‍

Posted on: August 20, 2017 8:30 pm | Last updated: August 20, 2017 at 8:30 pm

കാസര്‍കോട്: ആഘോഷവേളകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും പൊതു വിപണിയിലെ വില ക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അഭിപ്രായപ്പെട്ടു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണം, ബക്രീദ് ഫെയര്‍ നായക്‌സ് റോഡിലെ ജില്ലാ സഹകരണ ബാങ്ക് കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള റേഷന്‍ പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ചിരിക്കുകയാണ്. കിലോവിന് പൊതുവിപണിയില്‍ 42 രൂപയ്ക്കുള്ള പഞ്ചസാര സപ്ലൈകോ റേഷന്‍ വഴി ഓണത്തിന് 22 രൂപ നിരക്കില്‍ ഒരു കാര്‍ഡുമയ്ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 13 ഇന സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്ത് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ഉത്സവാഘോഷങ്ങള്‍ വരുമ്പോഴാണ് അവശ്യസാധനങ്ങളുടെ വിലയും അനിയന്ത്രിതമായി വര്‍ധിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വില കുറച്ച് അവശ്യസാധനങ്ങള്‍ നല്‍കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ സപ്ലൈകോ വഴി 70 കോടി സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും തിലോത്തമന്‍ പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്‌റാഹിം, കരിവള്ളൂര്‍ വിജയന്‍, വി രാജന്‍, അസീസ് കടപ്പുറം, ജോര്‍ജ് പൈനാപള്ളി, സുരേഷ് പുതിയേടത്ത് എന്നിവര്‍ പരിപാടി യില്‍ സംസാരിച്ചു.