Connect with us

Gulf

ട്രക്കുകളിലെ വിദൂര നിരീക്ഷണ സംവിധാനം പ്രവര്‍ത്തിപഥത്തില്‍

Published

|

Last Updated

ദുബൈ: ഇരുപത് വര്‍ഷം പഴക്കമുള്ള ട്രക്കുകള്‍ക്ക് ഗതാഗത സുരക്ഷ ശക്തമാക്കുന്നതിനായി സ്മാര്‍ട് നിരീക്ഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഏര്‍പെടുത്തുന്നതിന്റെ പ്രാരംഭ ഘട്ടത്തിന് തുടക്കമായെന്ന് അധികൃതര്‍.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ കീഴിലാണ് സുരക്ഷാ സംവിധാനമേര്‍പെടുത്തുന്നതെന്ന് ആര്‍ ടി എ ചെയര്‍മാനും ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ഡയറക്ടര്‍ ജനറലുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. സെന്ററുകളില്‍ നിന്ന് ട്രക്കുകളുടെയും ഡ്രൈവര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള സംവിധാനങ്ങളാണ് ഏര്‍പെടുത്തുക. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് ദുബൈ പോലീസ് പട്രോള്‍ സംഘവും ആര്‍ ടി എ സംവിധാനങ്ങളും സ്മാര്‍ട് നിരീക്ഷണ കേന്ദ്രവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് സംഘങ്ങള്‍ക്ക് ഇതിലൂടെ എളുപ്പത്തില്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്മാര്‍ട് ടെക്‌നോളജി ഉപയോഗിച്ച് ഗതാഗത സുരക്ഷ ശക്തമാക്കുന്നതിനും ജനങ്ങള്‍ക്ക് ഗതാഗത നിയമ പാലന അവബോധം സൃഷ്ടിക്കുന്നതിനും ആര്‍ ടി എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍മാരുടെ അലക്ഷ്യമായുള്ള ഡ്രൈവിംഗ് രീതി ഒഴിവാക്കുന്നതിനും റോഡുകളില്‍ മികച്ച സുരക്ഷ ഒരുക്കുന്നതിനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പ് വര്‍ഷത്തിന്റെ ആദ്യത്തില്‍ 577 ട്രക്കുകളില്‍ ആര്‍ ടി എ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്നു. ദുബൈ പോലീസ്, ദുബൈ നഗരസഭ, ആഭ്യന്തര മന്ത്രാലയം, എമിറേറ്റ്‌സ് ഗ്യാസ് എന്നിവയുമായി സഹകരിച്ച് മൂന്ന് വ്യത്യസ്ത സുരക്ഷാ കാമ്പയിനുകള്‍ ആര്‍ ടി എ നടത്തിയിരുന്നു. ഈ വര്‍ഷാവസാനത്തോടെ പഴക്കമേറിയ ട്രക്കുകളുടെ അപാകതകളും ഡ്രൈവര്‍മാരുടെ സ്വഭാവ രീതികളും ക്രോഡീകരിച്ച് മികച്ച രീതിയില്‍ ഭാര വാഹനങ്ങളുടെ ഡാറ്റബേസ് രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യത്തിലാണ് ആര്‍ ടി എയുടെ കീഴില്‍ സ്മാര്‍ട് നിരീക്ഷണ കേന്ദ്രത്തിന് തുടക്കമായത്. മേഖലയില്‍ ആദ്യത്തേതാണിത്. വെഹികിള്‍ ടെക്‌നിക്കല്‍ ടെസ്റ്റിംഗ് സെന്റര്‍, ഡ്രൈവിംഗ് ഇസ്റ്റിറ്റിയൂട്ടുകള്‍, ഭാര വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് സ്മാര്‍ട് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
വിവിധ സെന്ററുകളുമായും ഭാര വാഹനങ്ങളിലും പ്രത്യേക വിദൂര നിയന്ത്രിത കാമറകള്‍ സ്ഥാപിച്ചാണ് നിരീക്ഷണ കേന്ദ്രം പരിശോധനകള്‍ ഏര്‍പെടുത്തുക. മികച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ മെച്ചപ്പെട്ട സുരക്ഷയും പൊതു ജനങ്ങളുടെ ജീവന് പരിരക്ഷയും ഉറപ്പു വരുത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest