പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണത ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി
Posted on: August 20, 2017 11:55 am | Last updated: August 20, 2017 at 7:17 pm

ന്യൂഡല്‍ഹി: ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കിടെ സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ പ്രവണത ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
മന്ത്രിമാരോ ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.

സര്‍ക്കാര്‍ വക താമസ സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കി. പൊതുമേഖല സ്ഥാപനങ്ങളുടെ കാറുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.