ഉത്തര്‍പ്രദേശ് അപകടത്തിന് കാരണം റെയില്‍വേ ജീവനക്കാരുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്‌

Posted on: August 20, 2017 10:19 am | Last updated: August 20, 2017 at 11:57 am

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗരില്‍ പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടതിനു കാരണം റെയില്‍വേ ജീവനക്കാരുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്.

ഈ മേഖലയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. എന്നാല്‍ ട്രെയിന്റെ എന്‍ജിന്‍ ഡ്രൈവര്‍ ഇത് അറിഞ്ഞിരുന്നില്ല.
പാളത്തിലെ വിടവ് ശ്രദ്ധയില്‍പെട്ടപ്പോള്‍ പെട്ടെന്നു ബ്രേക്ക് പ്രയോഗിച്ചതാണ് അപകടകാരണമെന്നു വിലയിരുത്തുന്നു. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോഴുണ്ടായ ഉലച്ചിലില്‍ ബോഗികള്‍ തലങ്ങും വിലങ്ങുമായി മറിയുകയായിരുന്നു.

പുരി ഹരിദ്വാര്‍ ഉത്കല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ മരിക്കുകയും 150 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മുസാഫര്‍നഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഖതൗലിയില്‍ ഇന്നലെ വൈകുന്നേരം 5.45നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയും ചെയ്തു.

രണ്ടു വര്‍ഷത്തിനിടെ അഞ്ച് ട്രെയിന്‍ അപകടങ്ങളാണ് ഉത്തര്‍പ്രദേശില്‍ ഉണ്ടായിട്ടുള്ളത്.