Connect with us

Editorial

കേരളവിരുദ്ധ വാര്‍ത്തകളുടെ ഉറവിടം

Published

|

Last Updated

കേരളത്തില്‍ ലൗജിഹാദ് വ്യാപകം, ഇസ്‌ലാമിക തീവ്രവാദം ശക്തം, ഹിന്ദുക്കള്‍ അക്രമിക്കപ്പെടുന്നു, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു തുടങ്ങി അടുത്ത ഏതാനും വര്‍ഷങ്ങളായി കേരളത്തെക്കുറിച്ചു പ്രകോപനപരവും വര്‍ഗീയത ആളിക്കത്തിക്കുന്നതുമായ ഒട്ടേറെ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെട്ടത്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ ഇതു ഭീതി പടര്‍ത്തി. പോലീസ് ഉദ്യോഗസ്ഥര്‍ തീവ്രവാദികളെ തേടി പരക്കം പാഞ്ഞു. പക്ഷെ ഒന്നും കണ്ടെത്താനായില്ല. കേരളത്തില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹിന്ദുക്കള്‍ എന്ന അടിക്കുറിപ്പോടെ ഇതിനിടെ ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതും വ്യാജമാണെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. ഏറ്റവും അധികം ആത്മഹത്യ നടക്കുന്ന ഇടം, വിവാഹ മോചനം നടക്കുന്ന പ്രദേശം, ഏറ്റവും കൂടുതല്‍ മാനസിക രോഗികള്‍ ഉള്ള ഇടം, എന്നിങ്ങനെയുള്ള പ്രചാരണങ്ങളും കേരളത്തിനെതിരെ നടന്നു വരുന്നു. ബി ബി സിയുടെ പേരിലുള്ള ബി ബി സി ന്യൂസ് പോയിന്റ് എന്ന വ്യാജ പോര്‍ട്ടലിലൂടെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനമാണ് കേരളമെന്ന പ്രചാരണവും ഇതിനിടെ അരങ്ങേറിയിരുന്നു.
രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി ആര്‍ എസ് എസ്, ബി ജെ പി കേന്ദ്രങ്ങളാണ് സംസ്ഥാനത്തെക്കുറിച്ചു ഭീതിയും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന ഈ വാര്‍ത്തകളുടെ പിന്നിലെന്ന വസ്തുത പുറത്തു വന്നിരിക്കയാണ്. ബി ജെ പിയുടെ ഐ ടി സെല്ലായ നാഷനല്‍ ഡിജിറ്റല്‍ ഓപ്പറേഷന്‍ സെന്ററാണ് ഈ വാര്‍ത്തകളുടെ ഉറവിടമെന്ന് ഐ ടി സെല്‍ മുന്‍ അംഗമായ സാധവി ഗോസ്ലെതന്നെയാണ് ഒരു പ്രമുഖ പോര്‍ട്ടലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അമീര്‍ഖാന്‍,ബര്‍ഖാദത്ത്, രാജ്ദീപ് സര്‍ദേശായി തുടങ്ങിയവര്‍ക്കെതിരായ പ്രചാരണവും ഇവര്‍ സംഘടിതമായി ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും സാധവി പറഞ്ഞു. മത, രാഷ്ട്രീയ പ്രതിയോഗികളെ താറടിച്ചു കാണിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചു പ്രചരിപ്പിക്കുന്നതിന് ആര്‍ എസ് എസ് വന്‍തോതില്‍ പണമിറക്കുന്നുണ്ട്. കോര്‍പറേറ്റ് ഫണ്ടിംഗിന്റെ സിംഹഭാഗവും ബി ജെ പിയുടെ അക്കൗണ്ടിലാണല്ലോ എത്തുന്നത്. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള റൈറ്റ് ലോഗ് എന്ന പേരിലുള്ള പോര്‍ട്ടലും ചില സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തിയാണ് വ്യാജവാര്‍ത്തകള്‍ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്. പോര്‍ട്ടലുകള്‍ വഴി പുറത്തു വരുന്ന സംഘ്പരിവാര്‍ അനുകൂല വാര്‍ത്തകളെല്ലാം വ്യാജമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കശ്മീര്‍ പണ്ഡിറ്റുകളും പാക്കിസ്ഥാനിലെ ഹിന്ദു സഹോദരന്മാരുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന പീഡന, ദുരിത വാര്‍ത്തകളുടെ ഉറവിടവും കൂടുതല്‍ അന്വേഷിക്കേണ്ടതില്ല.
കള്ളപ്രചാരണമാണ് ഹിറ്റ്‌ലര്‍ തൊട്ട് ഫാസിസത്തിന്റെ എക്കാലത്തെയും ആയുധം. ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘ്പരിവാര്‍ ആ മാര്‍ഗം സ്വീകരിച്ചതില്‍ പുതുമയില്ല. വിഭജന ഘട്ടത്തില്‍ ആര്‍ എസ് എസ് നടത്തിയ വ്യാജപ്രചാരണങ്ങളുടെ കൂടി ഫലമായിരുന്നു അതിര്‍ത്തിയില്‍ ലഹളകളുടെ കാഠിന്യം കൂടിയതെന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നത്. തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കാണുന്ന സംസ്ഥാനങ്ങള്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും ഇത്തരം വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇടതുപക്ഷത്തെയും മുസ്‌ലിംകളെയുമാണ് കേരളത്തിലെ ഏറ്റവും വലിയ ശത്രുക്കളായി സംഘ്പരിവാര്‍ കാണുന്നത്. കേരളത്തിനെതിരായ പ്രചാരണ ക്യാമ്പയിന്റെ അടിസ്ഥാന കാരണവുമിതാണ്. സംസ്ഥാനത്ത് ഏതു മാര്‍ഗേണയും വര്‍ഗീയ സംഘര്‍ഷങ്ങളോ, രാഷ്ട്രീയ സംഘട്ടനങ്ങളോ സൃഷ്ടിച്ചു ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്ന് വരുത്താനുള്ള നീക്കമാണ് തിരുവനന്തപുരത്തെ ഈയിടത്തെ രാഷ്ട്രീയ സംഘട്ടനം ഉള്‍പ്പെടെ സംസ്ഥാനത്ത് പലപ്പോഴായി നടന്ന ഇത്തരം പല സംഭവങ്ങളുടെയും പിന്നില്‍.
കേരളീയ മുസ്‌ലിം പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയുള്ള തീവ്രവാദത്തിന്റെ എന്തെല്ലാം കള്ളക്കഥകളാണ് പലപ്പോഴായി ഉയര്‍ന്നു കേട്ടത്. പാക്കിസ്ഥാനില്‍ അച്ചടിച്ച ഇന്ത്യന്‍ കറന്‍സികളുമായി ഒരു കണ്ടയിനര്‍ കൊച്ചി തുറമുഖത്ത് എത്തിയതും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്‌ലിം കൈരളിക്ക് വന്‍തോതില്‍ പണമെത്തുന്നുവെന്നുമുള്ള വാര്‍ത്തകള്‍ക്ക് ഏറെ പഴക്കമില്ല. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളുമായി താനൂര്‍ തീരക്കടയില്‍ ഒരു കപ്പല്‍ വന്ന വാര്‍ത്തയും മറക്കാറായിട്ടില്ല. മലപ്പുറത്തെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത് അന്ന് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുസ്‌ലിം ലീഗുകാരനായ മന്ത്രിയുടെ ഒത്താശയോടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയായിരുന്നുവെന്നും വിദ്യാര്‍ഥികളുടെ കഴിവു കൊണ്ടല്ലെന്നുമുള്ള പ്രചാരണത്തിന്റെ ഉറവിടവും സംഘ്പരിവാര്‍ കേന്ദ്രങ്ങളായിരുന്നു. ഇതറിഞ്ഞോ, അറിയാതെയോ വി എസ് അച്യുതാനന്ദന്‍ ഏറ്റുപിടിക്കുകയും ചെയ്തു. ഇതുപോലുള്ള വ്യാജ വാര്‍ത്തകള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന ചില മാധ്യമങ്ങളുണ്ട് സംസ്ഥാനത്ത്. സംഘ് പരിവാര്‍ സൃഷ്ടിച്ച ലൗജിഹാദിന്റെ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്തു പ്രചരിപ്പിച്ചത് രണ്ട് പ്രമുഖ മലയാള പത്രങ്ങളായിരുന്നു. സംസ്ഥാനത്ത് മുസ്‌ലിം അനാഥാലയങ്ങളിലേക്ക് പഠനത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ദ്ദനരായ കുട്ടികളെത്തുന്നത് മനുഷ്യക്കടത്തായി ചിത്രീകരിച്ചു വ്യാപകമായി അപവാദ പ്രചാരണങ്ങള്‍ നടത്തിയപ്പോഴും പത്രങ്ങള്‍ അതേറ്റെടുത്തു. സാധവി ഗോസ്ലെയുടെ വെളിപ്പെടുത്തല്‍ ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കാനുള്ള സാധ്യത വിരളമാണ്. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താനാകില്ലല്ലോ.

Latest