SHARE

ഫാസിസം പൊടുന്നനവെ ആകാശത്തില്‍ നിന്നു പൊട്ടി വീഴുകയൊന്നും അല്ല ചെയ്യുന്നത്. ആദ്യം അത് തന്ത്രപൂര്‍വം ആള്‍ക്കൂട്ട മനസ്സുകളെ വിത്തിറക്കാന്‍ പാകത്തില്‍ ഉഴുതുമറിക്കുന്നു. നിലം പാകമായാല്‍ ഫാസിസത്തിനു വിളവെടുക്കാന്‍ പാകത്തിലുള്ള, ദേശീയത, രാജ്യസ്‌നേഹം, വംശീയത, അയല്‍ക്കാരനെതിരായ അസഹിഷ്ണുത തുടങ്ങിയ വിത്തുകള്‍ വിതച്ചു തുടങ്ങുന്നു. അങ്ങനെയാണ് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസ്സോളിനിയും ജനമനസ്സുകളെ അവരുടെ രാഷ്ട്രീയ പരീക്ഷണശാലകളാക്കിയത്. ഇതു തന്നെയാണല്ലോ മോദിയുടെ ഇന്ത്യയില്‍ ഇന്ന് തന്ത്രപൂര്‍വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജനമനസ്സുകളെ എളുപ്പം സ്വാധീനിക്കാനിടയുള്ള ഫാസിസ്റ്റ് ആശയവിത്തുകളെ വേരോടെ പിഴുതുമാറ്റാനുള്ള കലാപരമായ ഒരു പരിശ്രമം ആണ് കെ ആര്‍ മീരയുടെ ‘സംഘിയണ്ണന്‍’”എന്ന കഥ.

കാറല്‍ മാര്‍ക്‌സ്, പെറ്റിബൂര്‍ഷ്വാ എന്നു മുദ്ര കുത്തിയിരിക്കുന്ന നമ്മുടെ ലോവര്‍ മിഡില്‍ക്ലാസ് -അഥവാ താണയിനം മധ്യവര്‍ഗക്കാരാണ് ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോദിയെക്കാളും ഒക്കെ വലിയ ഫാസിസ്റ്റുകള്‍. ബൈബിള്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇത്തരം നേതാക്കന്മാരുടെ ഭാരം ഉല്ലാസപൂര്‍വം പേറുന്ന ബുദ്ധിയുറക്കാത്ത കുതിരകളോ കോവര്‍ കഴുതകളോ ആണ് ഈപ്പറഞ്ഞ മധ്യവര്‍ഗഅഭ്യസ്ഥവിദ്യര്‍. മീരയുടെ കഥയിലെ സംഘിയണ്ണന്‍ ഇവരുടെ ഒരു സ്‌പെസിമെന്‍ മാത്രം. ഭാഗ്യവശാല്‍ ഈ അണ്ണന്മാരില്‍ അധികം പേരും അങ്ങ് അറബി ശൈഖുമാരുടെ നാട്ടില്‍ എല്ലുമുറിയെ പണി ചെയ്യുന്നവരാണ്. വര്‍ഷത്തില്‍ ഏതാനും ദിവസം ഇവന്മാര്‍ക്കു രാജ്യസ്‌നേഹം ഉണരും. അപ്പോള്‍ നാട്ടിലേക്കുള്ള ഇവരുടെ ഒരു വരവുണ്ട്. അതൊന്നു കാണേണ്ടതു തന്നെയാണ്. കഥാകൃത്ത് മീരയുടെ വാക്കുകളില്‍ എഴുതിയാല്‍ ഒരു വീപ്പ ആവണക്കെണ്ണ ഒറ്റയടിക്കു കുടിച്ച മട്ടിലുള്ള ചിരിയും കൈ നീട്ടലും. പത്തിരുപത്തിയഞ്ചു വര്‍ഷമായി ഫുള്‍ടൈം എ സിയില്‍ ജീവിക്കുന്നത് കൊണ്ട് ഉണ്ടായ ശരീരത്തിന്റെ വെളുത്തു ചുവന്ന അവസ്ഥയും അതിന്റെ കൂടെ ക്ലീന്‍ ഷേവും കൂളിംഗ് ഗ്ലാസും. ഈ ബ്ലഡി കേരളത്തിലെ ടെറിബിള്‍ ചൂടിനോടുള്ള അമര്‍ഷം ഒതുക്കി വെച്ച മുഖഭാവവും വെണ്ണപ്പാളി പോലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടിന്റെ ഹൃദയഭാഗത്ത് വിയര്‍പ്പിന്റെ ബ്ലാക്ക്‌ഹോള്‍ തെളിയുന്ന സ്വര്‍ണകഫ്‌ലിങ്കുകളും കയ്യിലെ നവരത്‌ന മോതിരങ്ങളും ഒക്കെ വെട്ടിത്തിളങ്ങുന്ന അവസ്ഥയിലായിരിക്കും ഇത്തരം തത്രഭവാന്മാര്‍ ബഹുജനത്തെ അഭിമുഖീകരിക്കുക.

കെ ആര്‍ മീരയുടെ സംഘിയണ്ണന് ഇങ്ങനെയൊന്നും അല്ലാതിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. മതനിരപേക്ഷവാദിയും എല്ലാ അര്‍ഥത്തിലും ശുദ്ധസ്വാത്വികനും ആയിരുന്ന ഒരു നല്ല അച്ഛന്റെ മക്കളില്‍ മൂത്തവന്‍. ആ അച്ഛനാകട്ടെ, സഹോദരന്‍ അയ്യപ്പന്‍ എന്ന നവോത്ഥാന നായകന്റെ അടുത്ത അനുയായി. മിശ്രവിവാഹസംഘത്തില്‍ പേരു രജിസ്റ്റര്‍ ചെയ്ത ജാതിയില്‍ താണവളെ ജീവിത സഖിയാക്കിയ മഹാശയന്‍. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ജാതിയും മതവുമാണെന്നും ഇതു രണ്ടും ഇല്ലാതാകാതെ രക്ഷയില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്ന ആ അച്ഛന്‍ ജാതിയും മതവും നല്‍കാതെ മക്കളെ വളര്‍ത്തി.

പഠിക്കുന്ന കാലത്ത് ഈ അണ്ണന്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലെന്ന് കഥയിലെ ജ്യേഷ്ഠസഹോദരനെ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുവരാന്‍ പോയ അനുജന്‍ ഓര്‍മിക്കുന്നു. എല്ലാ ക്ലാസിലും ഒന്നാം റാങ്ക്, സ്‌കൂളില്‍ ഫസ്റ്റ്, കണക്കിനും ഫിസിക്‌സിനും നൂറില്‍ നൂറ്, സ്‌കൂള്‍ വിട്ടാല്‍ വീട്. വീടു വിട്ടാല്‍ സ്‌കൂള്‍. ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ, കൊല്ലപ്പരീക്ഷ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട സ്‌കൂള്‍ വര്‍ഷം. രാഷ്ട്രീയ പാര്‍ട്ടികളോടു സമദൂര സമീപനം. കഥയിലെ അനുജനാകട്ടെ നസ്രീനെന്ന മുസ്‌ലിം നാമധാരിയായ സ്ത്രീയുടെ ഭര്‍ത്താവ്. ഇഷയെന്ന മുസ്‌ലിം പേരില്‍ വളര്‍ന്നുവരുന്ന സ്വന്തം മകളുടെ അച്ഛന്‍. ഇതിലൊന്നും കാര്യമായ യാതൊരു വയറ്റുവേദനയും അനുഭവിക്കാതെ, ജീവിതത്തെ നേരെ വാ നേരെ പോ എന്നഭിമുഖീകരിക്കുന്ന ശരാശരി മധ്യവര്‍ഗി . ഈ ജ്യേഷ്ഠാനുജന്മാര്‍ ഒരുമിച്ചുള്ള കാര്‍ യാത്രയിലെ വികാര വിചാരങ്ങളുടെ സംഘര്‍ഷമാണ് മീരയുടെ സംഘിയണ്ണന്‍ എന്ന കഥയില്‍ വായിക്കാന്‍ കിട്ടുന്നത്. ഈ കാര്‍ യാത്ര വര്‍ത്തമാനകാല ഇന്ത്യന്‍ ജീവിതത്തിന്റെ കൃത്യമായ ഒരു പരിച്ഛേദമാണ്.

നമ്മളും അവരും എന്ന നിലയില്‍ വേര്‍പെട്ടുള്ള പരസ്പരമുള്ള തുറിച്ചു നോക്കലിലും കാര്‍ക്കിച്ചു തുപ്പലിലും പര്യവസാനിക്കുന്ന കുറ്റപ്പെടുത്തലിന്റെയും അപരവത്കരണത്തിന്റെയും ഈ ജീവിതാവസ്ഥയിലേക്കു നമ്മെ തള്ളിയിട്ടതാര്? ആരായാലും ചരിത്രം അവര്‍ക്കു മാപ്പു നല്‍കില്ല. ആ ജ്യേഷ്ഠ സഹോദരന്‍ മറ്റാരുടെയോ ശബ്ദം പ്രതിധ്വനിപ്പിക്കുന്ന ഒരു മെഗാഫോണ്‍ പോലെയല്ലേ സ്വന്തം അനുജനോട് സംസാരിക്കുന്നത്?“നോക്കിക്കോ കണ്ടാലറിയാത്തവന് കൊണ്ടാലറിയും. എന്തൊക്കെപ്പറഞ്ഞാലും എല്ലാം മാറാന്‍ പോകുകയാണ്. കൊല്ലം ഒന്നു കഴിഞ്ഞോട്ടെ, ഇതുവരെയുള്ള തടസ്സം ഭൂരിപക്ഷമില്ലാത്തതായിരുന്നു. ഇനിയാണ് ഭരണം എന്തെന്ന് ഇയാളു നേരിട്ടു കാണാന്‍ പോകുന്നത്. അതു കൊണ്ട് അനിക്കുട്ടാ, ഇയാളു കൂടുതല്‍ കളിക്കല്ലെ, ഇഷേടെ കാര്യത്തില്‍ എത്രേം പെട്ടെന്ന് ഒരു തീരുമാനം എടുത്താ അത്രേം നല്ലത്. അവളുടെ റിലീജിയണ്‍ നമ്മുടെ തന്നെ കൊടുക്കണം. ഇല്ലെങ്കിലുണ്ടല്ലോ ഭാവി പോകും. മിശ്രവിവാഹിതനായ, ശുദ്ധമതനിരേപക്ഷവാദിയോടുള്ള ജ്യേഷ്ഠസഹോദരന്റെ സ്‌നേഹം പുരട്ടിയ താക്കീത്. എന്തൊരു ഭീഷണി! ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ പതറാതെ പിടിച്ചു നില്‍ക്കാന്‍ ത്രാണിയുള്ളവനാണ് കഥയിലെ അനുജന്‍ എന്ന കഥാപാത്രം.
കേന്ദ്രം ഭരിക്കുന്ന വലതുപക്ഷ ഗവണ്‍മെന്‍ില്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗമനുഷ്യരുടെ പ്രതിനിധികള്‍ എന്ന നിലയിലാണ് -ഈ ജ്യേഷ്ഠാനുജന്മാരുടെ സംഭാഷണം പുരോഗമിക്കുന്നത്. കഥയിലെ ജ്യേഷ്ഠന്‍ ഇന്ത്യന്‍ യഥാസ്ഥിതികത്വത്തിന്റെയും അനുജന്‍ ഉത്പതീഷ്ണത്വത്തിന്റെയും പ്രതീകങ്ങളാണ്. യാഥാസ്ഥിതിക മനസ്സുകള്‍ ജഡകാമനകളെ ( ചലരൃീ ജവശഹശല) ഉപാസിക്കുമ്പോള്‍ ഉത്പതിഷ്ണുക്കള്‍ ജൈവകാമനയെ( ആശീുവശഹശല) ഉപാസിക്കുന്നു എന്നാണ്. വില്‍ഹം റീഹിനെയും എറിക്ക് ഫ്രൊമിനെയും (ണശഹവശലാ ഞലശരവങമ ൈജ്യെരവീഹീഴ്യ ീള എമരെശാെ, ഋൃശരളൃീാഅൃ േീള ഘീ്ശിഴ) പോലുള്ള മന:ശാസ്ത്രവിദഗ്ധര്‍ അവരുടെ കൃതികളില്‍ സമര്‍ഥിക്കുന്നത്. ഈ ജഡകാമന അഥവാ മൃത്യുപാസന വാദഗതികളുടെ സംഗ്രഹമാണ് കഥയിലെ സംഘിയണ്ണന്റെ ഓരോ വാക്കുകളും.

കാറിനു കുറുകെ ഓടിയ തെരുവുപട്ടികളെ നോക്കി ഈ വെള്ളക്കോളര്‍ രാജ്യസ്‌നേഹി പറയുന്നതു കേട്ടില്ലേ ഈ ഊള ഗവണ്‍മെന്റ് ഇതെന്തുവാ ചെയ്യുന്നെ? പട്ടികള്‍ മനുഷ്യരെ കടിച്ചു പറിച്ചു കൊന്നു കൊണ്ടിരിക്കുന്നു. എന്നിട്ട് ഗവണ്‍മെന്റ് കൈയും കെട്ടി നോക്കിക്കൊണ്ടിരിക്കുന്നു. ഇതുവല്ല ഉത്തരേന്ത്യയിലുമായിരുന്നേല്‍ ഇവിടുത്തെ മഞ്ഞപ്പത്രങ്ങള്‍ എന്തൊക്കെ എഴുതിപ്പിടിപ്പിച്ചേനെ. സോഷ്യല്‍ മീഡിയയില്‍ എന്തൊരു കണ്ണീരൊലിപ്പിക്കലാര്‍ന്നേനെ. ഒട്ടും താമസിച്ചില്ല അനുജന്റെ പ്രതികരണം വന്നു. ഓ ഉത്തരേന്ത്യയില്‍ പിന്നെ മനുഷ്യര്‍ തന്നെയാണല്ലോ മനുഷ്യരെ തല്ലിക്കൊല്ലുന്നത്. എന്തുകൊണ്ടോ ഇവിടെ മാത്രം ഇത്രേം തെരുവുനായ ശല്യം? ഇവിടുത്തെ വേസ്റ്റ് കൊണ്ടോ അതും എന്തുവാ ഈ വേസ്റ്റ്. അറവു വേസ്റ്റാ. കശാപ്പിനു നിരോധനം കൊണ്ടു വന്നപ്പോ നിങ്ങളൊക്കെ ഉറഞ്ഞുതുള്ളി. പക്ഷേ എന്തു കൊണ്ടോ ഗവണ്‍മെന്റ് അങ്ങനൊരു നിയമം കൊണ്ടു വന്നത്. ബീഫ് നിരോധിച്ചാലെ കേരളത്തില്‍ തെരുവുപട്ടികളുടെ എണ്ണം കുറയത്തൊള്ളൂ. അറിയാമോ. – സംഭാഷണം ബീഫിലേക്കും ഗോസംരക്ഷണത്തിലേക്കും സംക്രമിക്കുന്നു.

വിവരക്കേടിനു കൈയും കാലും നാക്കും വെച്ച രൂപത്തിലല്ലെ സംഘിയണ്ണന്‍ അയാളുടെ വിജ്ഞാനത്തിന്റെ ഭാണ്ഡക്കെട്ട് ഒന്നാകെ സ്വന്തം അനുജന്റെ മുമ്പില്‍ അഴിച്ചിടുന്നത്. മലയാളികള്‍ക്കു ഹാര്‍ട്ട് ഫെയിലിയര്‍ വരുന്നതുള്‍പ്പെടെ ലോകത്തിലെ സകലകുഴപ്പങ്ങളുടേയും മൂലകാരണത്തെ അയാള്‍ പാവം പശുവിന്റെയും തത്രഭവതിയുടെ ഭര്‍ത്താവായ കാളയുടെയും മാംസഭോജനം എന്ന ഒരേ ഒരു കാരണത്തില്‍ പ്രതിഷ്ഠിക്കുന്നു. കുടലിലെ ക്യാന്‍സര്‍, ആര്‍ട്ടറി ബ്ലോക്ക്, പൊണ്ണത്തടി, ഡയബറ്റിക്‌സ്, കുട്ടികളില്‍ വര്‍ധിച്ചു വരുന്ന ഓട്ടിസം, ഡൗണ്‍സിന്‍ഡ്രോം എല്ലാത്തിനും കാരണം മലയാളിയുടെ ബീഫ് തീറ്റിയാണത്രേ. എത്ര അനായാസം ആണ് ആളുകള്‍ ഓരോന്നിനും ഓരോ കാരണങ്ങള്‍ കണ്ടെത്തുന്നത്. ഇത്തരം വിടുവായിത്തങ്ങള്‍ കേള്‍ക്കുമ്പോള്‍ കഥയിലെ അനിയന്‍ കഥാപാത്രത്തോടൊപ്പം ആരും പറഞ്ഞു പോകും. ബീഫ് തീറ്റ ഇല്ലാത്ത ഗുജറാത്തിലും ഹരിയാനയിലും മൊത്തം ഓട്ടിസോം ഇല്ല, ഡൗണ്‍ സിന്‍ഡ്രോമും ഇല്ല, പൊണ്ണത്തടീം ഇല്ല, കുടലില്‍ ക്യാന്‍സറും ഇല്ല. സംഘിയണ്ണന്മാരെ ചൂടു പിടിപ്പിക്കാനുള്ള മൃദുവായ പ്രതികരണം. അതു കേട്ടു കഴിയുമ്പോഴാണ് ഇത്തരം അണ്ണന്മാര്‍ അവരുടെ തനി നിറം കാണിക്കുന്നത്. ഉടന്‍ വന്നു പൊട്ടിത്തെറി. ഒരുമാതിരി പോക്രിത്തരം പറയുന്നോ, എന്തൊക്കെപ്പറഞ്ഞാലും നമ്മുടെ രാജ്യത്തിന് ഇപ്പം വേണ്ടതെന്തുവാ? ഒരു നല്ല ലീഡര്‍ഷിപ്പാ. സംഭാഷണം ഭാഗ്യവശാല്‍ കൂടുതല്‍ പൊട്ടിത്തെറികളിലേക്കു വളരാതെ അയാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ വിളിയിലേക്കു പരിണമിച്ചു. ഇതു ശ്രദ്ധിക്കുമ്പോഴാണ് ഈ കപട രാജ്യസ്‌നേഹിയുടെ യഥാര്‍ഥ ഉള്ളിലിരിപ്പ് പുറത്തു വരുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ വിഷയം. ഇന്നത്തെ – ദിര്‍ഹമിന്റെ വില പോയിന്റ് ഫൈവ് ഇടിഞ്ഞാല്‍ ഡോളറിന്റെയും രൂപയുടെയും വിലയില്‍ വരുന്ന വ്യത്യാസം. ഈ വമ്പന്മാരുടെ ഒക്കെ പൂര്‍വകാലം ഇങ്ങനെയൊക്കെ ആയിരുന്നു. എന്‍ട്രന്‍സ് ജയിച്ചു എന്‍ജിനീയറിംഗ് പഠിത്തം, അന്നത്തെ രാഷ്ട്രീയ ചായ്‌വ് ഇടത്തോട്ടായിരുന്നു.
ബീഫ് ബിരിയാണിയായിരുന്നു ഇഷ്ട വിഭവം. പിന്നെ ഒരു പ്രേമബന്ധം. മാതാപിതാക്കള്‍ സങ്കരയിനം ആണെന്നറിഞ്ഞപ്പോള്‍ പ്രേമിച്ചവളുടെ രക്ഷിതാക്കള്‍ പന്തം കൊളുത്തി പട. അന്നു ഭരണം ഇടതുപക്ഷമായിരുന്നു. സ്ഥലത്തെ എം എല്‍ എ അടുത്ത കൂട്ടുകാരനായിരുന്നു. എന്തൊക്കെ പറഞ്ഞാലും ഒരാവശ്യത്തിനു ഇടതുപക്ഷമേ കാണൂ എന്ന സമാശ്വാസം. പിന്നെയാണ് ഗള്‍ഫിലേക്കുള്ള പ്രവാസവും ഗള്‍ഫു പണത്തിന്റെ പിന്‍ബലത്തോടെ ആളൊരു ധനാഢ്യനെന്ന പദവിയിലേക്കുയരുന്നതും. പിന്നെ അയാളുടെ ഭാര്യ പത്മച്ചേച്ചി അവളുടെ പുത്രനെ പ്രസവിച്ചു. കുട്ടിക്കു ശ്രീരാമനെന്നു പേരിട്ടു. പല നഗരങ്ങളിലും ഫ്‌ളാറ്റുകള്‍ വാങ്ങി. റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാടില്‍ പണം മുടക്കി. അങ്ങനെ അടിവെച്ചടി വെച്ചുള്ള കയറ്റം. ഇത്തരം കയറ്റങ്ങളൊക്കെ അവയുടെ ഉടമസ്ഥന്മാരുടെ ആത്മവിശ്വാസം ചോര്‍ത്തും. ആശങ്കകള്‍ ഒന്നിനു പിന്നാലെ ഒന്നായി പിന്‍തുടരും. അപ്പോള്‍ പിന്നെ ഭക്തി ഒന്നു മാത്രമാണ് അവലംബം.

പുരോഗമനവാദികളായ അച്ഛന്മാരുടെ മക്കള്‍ മുന്‍പിന്‍ നോക്കാതെ തിരിഞ്ഞു നടന്നു തുടങ്ങുകയായി. ഗുജറാത്ത് മോഡല്‍ പറഞ്ഞാളുകളെ വെകളി പിടിപ്പിക്കുക, ഗുരുവായൂരില്‍ തുലാഭാരം, നമ്മുടെ കള്‍ച്ചര്‍ എന്നു പറഞ്ഞാല്‍ എന്തുവാ എന്നുള്ള വീമ്പെളക്കല്‍, പിന്നെ പിന്നെ പലവിധ മാറ്റങ്ങള്‍, കൈയില്‍ ചുവന്ന ചരട്, വിശ്വാസത്തിന്റെ ചരടുകള്‍ അടയാളപ്പെടുത്തലിന്റെ ചരടുകളായി മാറുന്നു. അതു കാണുമ്പോള്‍ ശരീരത്തിലാകെ ഒരു ചരടുമില്ലാത്ത ശുദ്ധാത്മാക്കള്‍ ഇവരെ ഭീതിയോടെ നോക്കുന്നു. ആ നോട്ടം അവര്‍ മതിമറന്നാസ്വദിക്കുന്നു. പോരെ പൂരം, ചുറ്റുപാടും നമ്മള്‍ ദിവസവും കാണുന്ന കാഴ്ചകള്‍ നമ്മള്‍ക്കിത്തരം കാഴ്ചകളുടെ ആന്തരാര്‍ഥം പറഞ്ഞുതരുകയാണ.് മീരയുടെ സംഘിയണ്ണന്‍ നിറവേറുന്ന ദൗത്യം , ഒടുവില്‍ ആ ജ്യേഷ്ഠനനുജന്മാരുടെ സഞ്ചാരം ജ്യേഷ്ഠന്റെ മകള്‍ ‘ശ്രീ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണവസാനിക്കുന്നത്. ‘ശ്രീ’മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയാണ്. വിദ്യാര്‍ഥികള്‍ ബീഫ് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധം. ബീഫ് ഫെസ്റ്റിവലില്‍ ഈ കുട്ടിയും പങ്കെടുത്തു. എന്തുവാടെ എന്തെങ്കിലും കുഴപ്പമുണ്ടോടെ എന്ന ജ്യേഷ്ഠന്റെ ചോദ്യം. അനുജന്റെ ശ്രമപ്പെട്ടുള്ള ഉത്തരം. തലക്കു മാത്രമേ കാര്യമായ പരിക്കുള്ളൂ. സംഗതി അല്‍പ്പം സീരിയസ്സാ. മനസ്സിലായില്ലേ കാര്യം. തലക്കടിയേറ്റ് ഐ സി യുവിലെത്തിയ സംഘിയണ്ണന്റെ മകള്‍ കൊച്ചുഭാരതത്തിന്റെ പ്രതീകമാണ്. പശുക്കളുടെ പേരില്‍ മനുഷ്യനെ കൊല്ലുന്ന ആര്‍ഷഭാരതികളുടെ അതിക്രമത്തിന്റെ ഇര. സംഘിയണ്ണന്‍മാരെ കാത്തിരിക്കുന്ന വിധി. ഇവരോടു അമര്‍ഷമല്ല, അനുകമ്പയാണ് നമ്മള്‍ വിവേകമുള്ളവര്‍ കാണിക്കേണ്ടതെന്ന് ഭാരതവാക്യത്തോടെ കഥയവസാനിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here