ഉത്തര്‍പ്രദേശില്‍ ട്രെയിൻ അപകടം; മരണം 23 ആയി

  • പാളം തെറ്റിയത് പുരി- ഹരിദ്വാര്‍ - കലിംഗ ഉത്കല്‍ എക്‌സ്പ്രസ്.
  • മരണ സംഖ്യ ഉയർന്നേക്കും
  • അപകടം വെെകീട്ട് 5.40ന്
  • ദുരന്ത നിവാരണ സേന സ്ഥലത്ത് എത്തി
  • രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Posted on: August 19, 2017 6:59 pm | Last updated: August 20, 2017 at 11:22 am
SHARE

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ പുരി- ഹരിദ്വാര്‍ – കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി. 72 പേർക്ക് പരുക്കേറ്റു. മുസാഫര്‍ നഗറിലെ കൗത്താലിയിൽ ശനിയാഴ്ച വെെകീട്ട് 5.40നായിരുന്നു അപകടം. ട്രെയിനിന്റെ 14 കോച്ചുകള്‍ പാളംതെറ്റിയിരുന്നു. ബോഗികൾ പരസ്പരം ഇടിച്ചുകയറിയ നിലയിലാണ്. സംഭവത്തെ കുറിച്ച് റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടു.

ഒഡീഷയിലെ പുരിയില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. റെയിൽവേ സഹ മന്ത്രി മനോജ് സിൻഹ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി.

അപകട സ്ഥലത്തേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. സ്ഥിതി ഗതികള്‍ നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

അതിനിടെ സംഭവ‌ം അട്ടിമറിയാണോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. ഒരു വർഷത്തിനിെട ഉത്തർപ്രദേശിൽ ഉണ്ടായ അഞ്ച് ട്രെയിൽ അപകടങ്ങളിൽ രണ്ടെണ്ണവും അട്ടിമറി ആണെന്ന് തെളിഞ്ഞിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  തുടങ്ങിയവർ സ‌ംഭവത്തിൽ അനുശോചനം അറിയിച്ചു. അപകടത്തിൽപെട്ടവർക്ക് ഒപ്പമാണ് തൻെറ മനസ്സെന്ന് രാഷ്ട്രപതി പറഞ്ഞു. സംഭവം അത്യന്തം വേദനാജനകമാണെന്നും അപകടത്തില്‍ പെട്ടവര്‍ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

മരിച്ചവരുടെ കുടുംബത്തിന് മൂന്നര ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപയും നിസ്സാര പരുക്കേറ്റവർക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.