ഗൊരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് യോഗി

Posted on: August 19, 2017 11:33 am | Last updated: August 19, 2017 at 6:18 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പൂര്‍ സന്ദര്‍ശനത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ വിനോദസഞ്ചാരകേന്ദ്രമല്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരിഹാസം. സ്വച്ഛ് ഉത്തര്‍പ്രദേശ്, സ്വസ്ഥ് ഉത്തര്‍പ്രദേശ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ശുചിത്വ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ യുവരാജാവിന് ശുചിത്വത്തിന്റെ മഹത്വത്തെകുറിച്ച് ഒന്നും അറിയില്ലെന്നും യോഗി പറഞ്ഞു.രാഹുലിന്റെ പേരുപറയാതെയായിരുന്നു യോഗി ആദിത്‌നാഥിന്റെ പരാമര്‍ശങ്ങള്‍.

എഴുപതിലധികം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച ഗൊരഖ്പൂരില ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തുന്നുണ്ട്. മസ്തിഷ്‌ക ജ്വരത്തിനെതിരെ ശക്തമായ നടപടികളുമായി ഞാന്‍ മുന്നോട്ടുപോകുകയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. അതിന് ആദ്യം ശുചിത്വമാണ് വേണ്ടത്. ശുചിത്വമില്ലായ്മയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണം. അസുഖംമൂലം കുട്ടികള്‍ മരിക്കാനിടയാക്കിയത് മുന്‍ സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. 12-15 വര്‍ഷം യുപി ഭരിച്ച സര്‍ക്കാറുകള്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്വര്‍ത്ഥ താത്പര്യങ്ങള്‍ക്കായി നശിപ്പിച്ചുവെന്നും യോഗി ആരോപിച്ചു.